| Sunday, 17th September 2023, 10:57 am

മരിയാന്‍ കുറച്ചുകൂടി ശരിയാവാനുണ്ട്, ക്യാപ്റ്റന്‍ മില്ലറിലേക്ക് വിളിച്ചിരുന്നു: വിനായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷ് നായകനാവുന്ന ക്യാപ്റ്റന്‍ മില്ലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്ന് വിനായകന്‍. ആ സമയം തന്നെ ജയിലര്‍ വന്നതിനാലാണ് ചിത്രം ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും ഇല്ലെങ്കില്‍ സൈന്‍ ചെയ്‌തേനെനെയെന്നും വിനായകന്‍ പറഞ്ഞു. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ആദ്യത്തെ തമിഴ് പടം തിമിരാണ്. വിശാലാണ് ആ പടത്തിലേക്ക് എന്നെ പരിചയപ്പെടുത്തുന്നത്. വേറെ ഒരു പടം മുമ്പ് കണ്ടിട്ട് എന്നെ വിളിക്കുകയായിരുന്നു. അന്ന് ഞാന്‍ ഗോവയിലാണ് താമസിക്കുന്നത്. ഗോവന്‍ സ്‌റ്റൈലിലാണ് ചെന്നത്. എന്നെ കണ്ടപ്പോള്‍ ഇത് ചെയ്യുമോ എന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. മധുരയിലെ ഒരു ചെറുപ്പക്കാരനാണല്ലോ കഥാപാത്രം. വൈകിട്ടാണ് ഷൂട്ട് ചെയ്യുന്നത്. ഒറ്റ ഷോട്ടെ എടുത്തുള്ളൂ. അതില്‍ തന്നെ അവര്‍ ഓക്കെയായി. അല്ലെങ്കില്‍ അതില്‍ നിന്നും ഞാന്‍ മാറേണ്ടി വന്നനേ. പക്ഷേ ഫസ്റ്റ് സ്വീക്വന്‍സില്‍ തന്നെ ഓക്കെയായി.

പിന്നെ ഭരത് ബാലയുടെ മരിയാനിലും അഭിനയിച്ചു, ധനുഷിനൊപ്പം. ആ പടം ഒരു ഫൈന്‍ ട്യൂണ്‍ ആയിരുന്നില്ല. അതിന് എവടെയോ കുറച്ച് മിസിങ്ങായി തോന്നി.

പിന്നെ ധനുഷിന്റെ പുതിയ പടം ക്യാപ്റ്റന്‍ മില്ലര്‍ സൈന്‍ ചെയ്യേണ്ടതായിരുന്നു. ആ സമയത്താണ് ജയിലര്‍ വരുന്നത്. പിന്നെ ജയിലര്‍ ചെയ്യാമെന്ന് വിചാരിച്ച് ജയിലറിലേക്ക് മാറി. ശരിക്കും ക്യാപ്റ്റന്‍ മില്ലറിലില്ല. ആളുകള്‍ അങ്ങനെയൊക്കെ പറയുന്നുണ്ട്. ചെയ്യേണ്ടതായിരുന്നു. ചെയ്തില്ല. ഒരു വര്‍ഷം ജയിലറുമായി പോയി. കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയതാണ്. ഈ ഓഗസ്റ്റില്‍ റിലീസ്.

ജയിലറില്‍ രജിനികാന്തിനൊപ്പം അഭിനയിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. ‘അദ്ദേഹം ഷൂട്ടില്‍ നമ്മള്‍ വിചാരിക്കുന്ന പോലെയല്ല. സാധാരണ മനുഷ്യനായിട്ടാണ് നില്‍ക്കുന്നത്. രജിനിസാര്‍ എന്നൊക്കെ പറയുമെങ്കിലും അങ്ങനെയൊരു താരപരിവേഷം അദ്ദേഹത്തിനില്ല. പുറത്തിരിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യനാണ് അദ്ദേഹം. ലൊക്കേഷനില്‍ വന്നാല്‍ തിരിച്ച് റൂമിലേക്ക് പോകില്ല. അതുവരെ പുറത്തായിരിക്കും. പുറത്ത് നില്‍ക്കണം, ആള്‍ക്കാര്‍ക്കൊപ്പം ഇരിക്കണം എന്നതാണ് പുള്ളിയുടെ ആഗ്രഹം എന്നാണ് തോന്നുന്നത്.

ആദ്യത്തെ ദിവസമാണ് ഞാന്‍ അത് കണ്ടത്. പുള്ളി കാരവനില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ച് അതിലോട്ട് കയറില്ല. പുള്ളിയുടെ മുന്‍പില്‍ കൂടി നടക്കണമല്ലോ. പുള്ളി വന്ന് ഇരുന്ന് കഴിഞ്ഞാല്‍ നമുക്ക് നടക്കാന്‍ കഴിയില്ല. ഒന്ന് സ്മോക്ക് ചെയ്യാനായി ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ കൂടി ഇങ്ങനെ ഓടുകയാണ്. ഒരുദിവസം പുള്ളി എന്നെ വിളിച്ചു. എന്താണ് വിനായകന്‍ ഇങ്ങനെ ഓടുന്നുണ്ടല്ലോ, സാര്‍ സിഗരറ്റ് വലിക്കാനായിട്ടാണെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ പുള്ളി പ്രെഡക്ഷനില്‍ വിളിച്ചിട്ട് എനിക്ക് വലിക്കാനൊരു സ്പേസ് ഉണ്ടാക്കി തന്നു. എല്ലാവരേയും വളരെ ഹാപ്പിയാക്കി നിര്‍ത്തുന്ന, കെയര്‍ഫുളായി നോക്കിക്കൊണ്ടേയിരിക്കുന്ന ആളാണ് അദ്ദേഹം,’ വിനായകന്‍ പറഞ്ഞു.

Content Highlight: Vinayakan about caption miller and mariyaan

We use cookies to give you the best possible experience. Learn more