| Tuesday, 7th September 2021, 4:48 pm

'ഡി.എം.കെ ഹിന്ദുക്കള്‍ക്കെതിരാണ്, വിനായക ചതുര്‍ത്ഥി ജാഥകള്‍ അനുവദിക്കണം'; തമിഴ്‌നാട്ടില്‍ 'സുവര്‍ണാവസരമൊരുക്കാന്‍' ശ്രമിച്ച് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊങ്കുനാട് വിവാദം പച്ചപിടിക്കാതെ പോയതോടെ പുതിയ സുവര്‍ണാവസരം ഒരുക്കാനുള്ള ശ്രമവുമായി ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും.

കൊവിഡ് ഭീഷണി മൂലം ഘോഷയാത്രകളും വിഗ്രഹ നിമഞ്ജനവും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. വിശ്വാസികളോട് വിനായക ചതുര്‍ത്ഥി വീടുകളില്‍ തന്നെ ആഘോഷിക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് ഹിന്ദു വിരുദ്ധമാണെന്നും ഡി.എം.കെ സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധനിലപാട് മൂലമാണ് ഈ തീരുമാനമെന്നുമാണ് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും പ്രചരിപ്പിക്കുന്നത്.

മദ്യശാലകള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമ്പോള്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിക്കുകയാണ് സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ അനുവദിക്കണമെന്ന് ബി.ജെ.പി നിയമസഭാംഗം എം.ആര്‍ ഗാന്ധി നിയമസഭയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നല്‍കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്നും കൊവിഡ് നിയന്ത്രിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഹിന്ദുമത ആചാര അനുഷ്ഠാന വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ ബാബു നിയമസഭയില്‍ മറുപടി പറഞ്ഞിരുന്നു.

അതേസമയം വിഗ്രഹങ്ങള്‍ പൊതുനിരത്തില്‍ സ്ഥാപിക്കുന്നത് നിരോധിച്ചതിനെതിരെ ഡി.എം.കെ സര്‍ക്കാരിനെതിരെ ഹിന്ദു മുന്നണി ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഒരു ലക്ഷം വിഗ്രഹങ്ങള്‍ വസതികളില്‍ സ്ഥാപിക്കുമെന്നും വിനായക ചതുര്‍ത്ഥി ഉത്സവം ആഘോഷിക്കുമെന്നും ഹിന്ദു മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. വിനായക ക്ഷേത്രങ്ങളില്‍ ആരാധിക്കാനും തമിഴ്നാട് സര്‍ക്കാര്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ അനുവദിക്കുന്നതിനായി പ്രാര്‍ത്ഥിക്കാനും സംഘടന ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ 10 ന് വിനായക ചതുര്‍ഥി ആഘോഷങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന് ഹിന്ദു മുന്നണി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കടേശ്വര സി. സുബ്രഹ്മണ്യം പറഞ്ഞു. ഡി.എം.കെ സര്‍ക്കാര്‍ ഹിന്ദു മുന്നണി നേതാക്കളുമായി ഉടന്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും നല്‍കാന്‍ തമിഴ്നാട് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നേറ്റ കഴകം പ്രസിഡന്റ് കെ. ഗോപിനാഥ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ ഉത്സവസമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് പറഞ്ഞ കാര്യം ചൂണ്ടിക്കാണിച്ച് ഹരജി ഹൈക്കോടതി തള്ളി. ഉത്സവ ആഘോഷങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാനവും കോടതിയെ അറിയിച്ചിരുന്നു.

‘ബി.ജെ.പിയും ഹിന്ദു മുന്നണിയും ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ നടപടി ജനങ്ങളുടെ ക്ഷേമത്തിനും കൊവിഡ് രോഗ വ്യാപനം തടയുന്നതിനും മാത്രമാണ്. ജനങ്ങള്‍ക്ക് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിയാമെന്നും ഡി.എം.കെ പ്രചരണ സെക്രട്ടറി ടി. സബപതി മോഹന്‍ വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു,

കഴിഞ്ഞ വര്‍ഷം അന്നത്തെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരും വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗണേശ വിഗ്രഹങ്ങളും ഘോഷയാത്രകളും പൊതുസ്ഥാപനങ്ങള്‍ തുറക്കുന്നതും നിരോധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vinayaka Chaturthi BJP and Hindutva organizations are trying to ‘create a golden opportunity’ in Tamil Nadu and against DMK Government

Latest Stories

We use cookies to give you the best possible experience. Learn more