| Wednesday, 6th September 2023, 12:36 pm

വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത രീതിയില്‍ വര്‍മന്‍ ഹിറ്റായി; ജയിലറിനെ പറ്റി ആദ്യമായി സംസാരിച്ച് വിനായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലര്‍ ചിത്രത്തിനെ പറ്റി ആദ്യമായി സംസാരിച്ച് വിനായകന്‍. സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ജയിലറിനെ പറ്റിയും രജിനികാന്തിനെ പറ്റിയും വിനായകന്‍ സംസാരിച്ചത്. ‘മനസിലായോ? നാന്‍ താന്‍ വര്‍മന്‍, വണക്കം’ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയില്‍ ജയിലറിലേക്ക് വന്നതും രജിനികാന്തിനൊപ്പം അഭിനയിച്ച എക്‌സ്പീരിയന്‍സും വിനായകന്‍ പങ്കുവെച്ചു.

ജയിലറിലേക്ക് എത്തിയത്

പത്ത് പതിനഞ്ച് ദിവസമായി ഞാന്‍ ഒരു കാടിനുള്ളിലായിരുന്നു. ഫൊണൊക്കെ കട്ടായിരുന്നു. തിരിച്ച് വന്നപ്പോള്‍ ഒരുപാട് മിസ് കോള്‍ വരുന്നുണ്ടായിരുന്നു. മാനേജന്‍ എന്നെ വിളിച്ചിട്ട് രജിനിസാര്‍ ഹീറോയായുള്ള പടം, നെല്‍സണാണ് സംവിധായകന്‍ എന്ന് പറഞ്ഞു. ഇനി ഒന്നും കേള്‍ക്കേണ്ട ആവശ്യമില്ല, കാരണം രജിനിസാറിന്റെ പടമാണ്, നെല്‍സണെയും എനിക്ക് അറിയാം. നെല്‍സണ്‍ കഥയുടെ ഒരു സ്ട്രക്ചര്‍ പറഞ്ഞു. നിങ്ങളാണ് പ്രധാന വില്ലന്‍ എന്ന് പറഞ്ഞു.

രജിനിയോടൊപ്പമുള്ള എക്‌സ്പീരീയന്‍സ്

പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത്രയും ഓറയുള്ള മനുഷ്യനാണ്. തൊടാന്‍ പോലും പറ്റാത്ത ആള്‍ ചേര്‍ത്തുപിടിച്ചു. ഈ കഥാപാത്രം ഈ ലെവലില്‍ വരാന്‍ കാരണം ഒരു മനുഷ്യനാണ്, ഒരോയൊരു ബാബ, രജിനി സാര്‍.

വര്‍മന്റെ പോപുലാരിറ്റി

കഥാപാത്രം മാത്രമാണ് നെല്‍സണ്‍ സാര്‍ പറഞ്ഞത്. സ്‌ക്രിപ്റ്റ് ഞാന്‍ കേട്ടിരുന്നില്ല, പല കാരണങ്ങള്‍ കൊണ്ടും സ്‌ക്രിപ്റ്റ് മാറാന്‍ സാധ്യതയുണ്ട്. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത രീതിയില്‍ ഈ കഥാപാത്രം ഹിറ്റായി. ‘സ്വപ്‌നത്തില്‍ പോലും യോസിക്കലേ സാര്‍’ എന്ന് പടത്തില്‍ ഒരു ഡയലോഗുണ്ട്.

ജയിലറില്‍ ഏറ്റവും ഇഷ്ടപ്പെട്ട രംഗം

കഥാപാത്രം കേറിക്കഴിഞ്ഞാല്‍ പിന്നെ എല്ലാ സീനും ഇഷ്ടമാണ്. പല്ല് കടിക്കുന്ന സീന്‍ പോലും ഭയങ്കര സന്തോഷത്തിലായിരിക്കും ചെയ്യുന്നത്. ഒരെണ്ണം എടുത്തു പറയാന്‍ പറ്റില്ല. എല്ലാ സീനിലും വളരെ സന്തോഷവാനായിരുന്നു. മിസ്റ്റര്‍ നെല്‍സണ്‍ ഒരുപാട് നന്ദി, രജിനി സാര്‍ മറക്കില്ല, പിന്നെ നിര്‍മാതാവ് കലാനിധി മാരന്‍ സാര്‍ ഒരുപാട് നന്ദി.

Content Highlight: Vinayak spoke for the first time about Jailer film

We use cookies to give you the best possible experience. Learn more