ഗിരീഷ് പുത്തഞ്ചേരിയുടെയും കൈതപ്രത്തിന്റെയും എഴുത്ത് സ്വാധീനിച്ചിട്ടുണ്ടെങ്കിലും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ പാട്ടാണ്: വിനായക് ശശികുമാര്‍
Entertainment
ഗിരീഷ് പുത്തഞ്ചേരിയുടെയും കൈതപ്രത്തിന്റെയും എഴുത്ത് സ്വാധീനിച്ചിട്ടുണ്ടെങ്കിലും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ പാട്ടാണ്: വിനായക് ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th October 2024, 5:03 pm

ചെറുപ്രായത്തില്‍ തന്നെ മലയാളത്തിലെ തിരക്കുള്ള ഗാന രചയിതാവായി മാറിയ ആളാണ് വിനായക് ശശികുമാര്‍. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി മനോഹരമായ ഗാനങ്ങള്‍ക്ക് അദ്ദേഹം വരികളെഴുതി.

തന്റെ എഴുത്തിനെ കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍. ചെറുപ്പത്തിലേ എഴുതാറുണ്ടെന്നും പാശ്ചാത്യ സംഗീതത്തിന്റെയും കര്‍ണാടിക് സംഗീതത്തിന്റെയും പ്രാഥമികമായ അറിവ് തനിക്കുണ്ടന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ പാട്ടെഴുതാന്‍ തുടങ്ങിയിട്ട് പതിനൊന്ന് വര്‍ഷമായെന്നും നൂറ്റമ്പതോളം സിനിമകളുടെ ഭാഗമായെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.

ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം എന്നിവരുടെ എഴുത്ത് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് പി. ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകളാണെന്നും അദ്ദേഹം പറയുന്നു. കരിയറില്‍ തനിക്കൊരു ബ്രേക്ക് തന്നത് ഗപ്പി എന്ന ചിത്രത്തിലെ പാട്ടുകളാണെന്നും വിനായക് കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെറുപ്പത്തിലേ കവിതയും പാട്ടും കഥയുമൊക്കെ എഴുതാറുണ്ടായിരുന്നു. സംഗീത ഉപകരണങ്ങളിലൊക്കെ കൈവച്ചിട്ടുമുണ്ട്, പാശ്ചാത്യ സംഗീതത്തിന്റെയും കര്‍ണാടിക് സംഗീതത്തിന്റെയും പ്രാഥമികമായ അറിവും എനിക്കുണ്ട്. ഇതൊക്കെ എഴുത്തിനെ നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്.

ഏഴിലോ എട്ടിലോ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പാട്ടെഴുതുന്നത്. ഞാന്‍ തന്നെ കമ്പോസ് ചെയ്‌തൊരു ട്യൂണിനു വേണ്ടിയായിരുന്നു അത്. സിനിമയില്‍ പാട്ടെഴുതാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 11 വര്‍ഷം പൂര്‍ത്തിയാക്കി. നൂറ്റമ്പതോളം സിനിമകളുടെ ഭാഗമായി. കോളേജില്‍ ഫസ്റ്റ് ഇയര്‍ പടിക്കുമ്പോഴാണ് ആദ്യ സിനിമ കിട്ടുന്നത്.

പഠനശേഷം ഒരുവര്‍ഷം ജോലി ചെയ്തു. പിന്നെ സിനിമ തന്നെയാണ് എന്റെ വഴിയെന്ന് മനസിലായപ്പോള്‍ ജോലി രാജിവച്ച് കൊച്ചിയിലേക്ക് വരികയായിരുന്നു. ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം എന്നിവരുടെ എഴുത്ത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത് പി. ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകളാണ്.

എനിക്ക് ഒരു കരിയര്‍ ബ്രേക്ക് സമ്മാനിച്ച സിനിമ ഗപ്പിയാണ്. പക്ഷേ, സിനിമയും പാട്ടുകളും തിയേറ്ററില്‍ ഹിറ്റായില്ല. ഡി.വി.ഡി ഇറങ്ങുമ്പോഴായിരുന്നു ചര്‍ച്ചയായത്. ഗപ്പിയിലെ തനിയേ മിഴികളും, ഗബ്രിയേലിന്റേയുമെല്ലാം ഹിറ്റായതോടെയാണ് വിനായക് ശശികുമാര്‍ എന്ന പേര് ആളുകള്‍ തിരിച്ചറിഞ്ഞത്. അതിനു മുമ്പേ പുറത്തിറങ്ങിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സി നിമയിലെ പാട്ടുകളിലൂടെയും ചെറിയ രീതിയില്‍ എനിക്ക് ശ്രദ്ധ കിട്ടിയിരുന്നു,’ വിനായക് ശശികുമാര്‍ പറയുന്നു.

Content Highlight: Vinayak Sasikumar Talks About  P. Bhaskaran