വിഷു റിലീസായി എത്തി വെറും 12 ദിവസം കൊണ്ട് മലയാളത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമായി മാറിയ സിനിമയാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആവേശം.
ചിത്രത്തിനൊപ്പം ഏറെ വൈറലായ അതിലെ ഒരു പാട്ടായിരുന്നു ‘ഇല്ലുമിനാറ്റി’. നായകനായ ഫഹദ് ഫാസിലിന്റെ രംഗന്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്ന പാട്ടായിരുന്നു അത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടിന് വിനായക് ശശികുമാറായിരുന്നു വരികള്‍ എഴുതിയത്.
ഈ പാട്ട് മാത്രമാണ് ആവേശം സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ചെയ്ത പാട്ടെന്ന് പറയുകയാണ് വിനായക്. ഹീറോ വര്‍ഷിപ്പ് സോങ്ങുകള്‍ക്ക് മലയാളത്തില്‍ അധികം റഫറന്‍സുകള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിംഹത്തിലെ പാട്ടോ നാട്ടുരാജാവിലെ ചിങ്കപ്പടയുടെ രാജാവേ പോലുള്ള പാട്ടുകളാണോയാണ് ഉള്ളതെന്നും വിനായക് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇലുമിനാറ്റി മാത്രമാണ് ആവേശത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ചെയ്ത പാട്ട്. രംഗണ്ണനെ പറ്റി ഒരു വാഴ്ത്ത് പാട്ട് വേണമെന്ന് പറഞ്ഞ് രംഗണ്ണനെ പറ്റി ജിത്തു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നു. സുഷിന്‍ അപ്പോള്‍ ട്യൂണ്‍ കമ്പോസ് ചെയ്യാന്‍ പോയിരുന്നു.
ഈ പാട്ടിന് മലയാളത്തില്‍ റഫറന്‍സ് ഉണ്ടായിരുന്നില്ല. ഹീറോ വര്‍ഷിപ്പ് സോങ് എന്ന് പറയുമ്പോള്‍ നമ്മള്‍ നരസിംഹത്തിലെ പാട്ടോ ചിങ്കപ്പടയുടെ രാജാവേ പോലുള്ള പാട്ടുകളാണ് ഉള്ളത്. അതുകൊണ്ട് ഞങ്ങള്‍ എടുത്ത റഫറന്‍സുകള്‍ കൂടുതലും തമിഴില്‍ നിന്നായിരുന്നു.
അതില്‍ തമിഴും ഇംഗ്ലീഷുമൊക്കെ മിക്‌സ് ചെയ്ത് എളുപ്പത്തില്‍ എഴുതാന്‍ സാധിക്കും. അങ്ങനെ ഒന്നായിരുന്നു സുഷിന്‍ കമ്പോസ് ചെയ്തു തന്നതും,’ വിനായക് ശശികുമാര്‍ പറഞ്ഞു.
Content Highlight: Vinayak Sasikumar Talks About Illuminati Song’s Reference