തിയേറ്ററില്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന ചിത്രമാണ് ആവേശം. മലയാളത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമാണ് ഇത്. റിലീസ് ചെയ്ത് വെറും 12 ദിവസം കൊണ്ടായിരുന്നു ഇത്രയും വലിയ കളക്ഷന്‍ ആവേശം സ്വന്തമാക്കിയത്.
രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമയില്‍ സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടുകള്‍ക്ക് വിനായക് ശശികുമാറായിരുന്നു വരികള്‍ എഴുതിയത്.
ആവേശത്തില്‍ ഏറെ വൈറലായ പാട്ടാണ് ഇലുമിനാറ്റി. എന്നാല്‍ ഈ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ‘ഇലുമിനാറ്റിയെ പറ്റിയാണ് എഴുതിയിരിക്കുന്നത്, സൂക്ഷിക്കണം’ എന്ന രീതിയില്‍ യൂട്യൂബില്‍ ഒരു കമന്റ് വന്നിരുന്നു എന്ന് പറയുകയാണ് വിനായക് ശശികുമാര്‍.
ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗ്ലീഷിലാണ് ആ കമന്റ് വന്നതെന്നും അത് കണ്ട് കുറച്ച് ഡാര്‍ക്കായെന്നും വിനായക് പറയുന്നു. ആ കമന്റിട്ട ആള്‍ ഇത് കേള്‍ക്കുകയാണെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇലുമിനാറ്റിക്ക് ഒരു ഭീകര കമന്റ് കണ്ടു. യൂട്യൂബില്‍ പല കമന്റുകളുടെയും ഇടയിലാണ് ഇത് കണ്ടത്. വളരെ സീരിയസ് കമന്റായിരുന്നു. ആ കമന്റ് വായിച്ചപ്പോള്‍ എനിക്ക് കുറച്ച് ഡാര്‍ക്കായി.
‘ഇലുമിനാറ്റിയെ പറ്റിയാണ് എഴുതിയിരിക്കുന്നത്, സൂക്ഷിക്കണം. നിങ്ങള് നോക്കിക്കോ, ഒരിക്കലും കടക്കാന്‍ പാടില്ലാത്ത ഏരിയയിലേക്കാണ് നിങ്ങള്‍ കടന്നിരിക്കുന്നത്’ എന്നൊക്കെ പറഞ്ഞായിരുന്നു ആ കമന്റ്. അത് കണ്ടപ്പോള്‍ കുറച്ച് ഡാര്‍ക്കായി. കാരണം, ബാക്കി എന്തിനെയും പേടിയില്ലാതെ ഇരിക്കാം. പക്ഷേ മനുഷ്യന്മാരെ പേടിക്കണമല്ലോ. ദൈവത്തിനെയും പ്രേതത്തെയും പേടിക്കാന്‍ പറഞ്ഞാല്‍ പേടിക്കേണ്ട ആവശ്യമില്ല. പക്ഷേ മനുഷ്യരെ പേടിക്കണം.
മംഗ്ലീഷിലാണ് ആ കമന്റ് വന്നത്. ചിലപ്പോള്‍ അത് ഇലുമിനാറ്റിയുടെ ഫാനാകാം. അല്ലെങ്കില്‍ അതിനെ കുറിച്ച് റിസേര്‍ച്ച് ചെയ്ത ആളാകും. ഇനി ഒറിജിനല്‍ ഇലുമിനാറ്റിയില്‍ ഉള്ള ആണെങ്കില്‍ തന്നെ, ഞാന്‍ പറയുന്നത് കേള്‍ക്കുകയാണെങ്കില്‍ ക്ഷമിക്കണം. ഞാന്‍ ഇതിലൊന്നും താത്പര്യം ഉള്ള ആളല്ല (ചിരി). ഇത് തമാശയാണ്. ഒരു വാക്ക് ഉപയോഗിച്ചെന്നേയുള്ളൂ,’ വിനായക് ശശികുമാര്‍ പറഞ്ഞു.
Content Highlight: Vinayak Sasikumar Talks About Illuminati