| Sunday, 20th October 2024, 9:21 am

പറയണമെന്ന് മനസില്‍ കരുതിയ കാര്യങ്ങളെല്ലാം ആ സിനിമയിലെ പാട്ടിന്റെ വരികളിലൂടെ എഴുതി: വിനായക് ശശികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറു പ്രായത്തില്‍ തന്നെ മലയാളത്തിലെ തിരക്കുള്ള ഗാന രചയിതാവായി മാറിയ ആളാണ് വിനായക് ശശികുമാര്‍. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി മനോഹരമായ ഗാനങ്ങള്‍ക്ക് അദ്ദേഹം വരികളെഴുതി.

ഒരുകാലത്തെ പാട്ടുകളില്‍ പ്രകടമായ സ്ത്രീവിരുദ്ധതയും പൊളിറ്റിക്കലി ഇന്‍കറക്ട് ആയ പരാമര്‍ശങ്ങളൊന്നും ഇപ്പോഴത്തെ പാട്ടുകളില്‍ വരാറില്ലെന്നും സ്വയം പുതുക്കലിന്റെ ഭാഗമായാണത് നടക്കുന്നതെന്നും വിനായക് ശശികുമാര്‍ പറയുന്നു. സിനിമകളിലും പാട്ടുകളിലുമെല്ലാം പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് പ്രതിഫലിക്കുമെന്നും അല്ലെങ്കില്‍ അത് ചൂണ്ടികാണിക്കാന്‍ ആളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയ ജയ ജയ ജയ ഹേയും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പോലുള്ള സിനിമയും ഇപ്പോഴാണ് സംഭവിച്ചതെന്നും 90കളിലൊന്നും അത് സംഭവിക്കണമെന്നില്ലെന്നും വിനായക് പറഞ്ഞു. രാഷ്ട്രീയം സംസാരിക്കുന്ന പാട്ടുകളെഴുതാന്‍ എപ്പോഴും സന്തോഷമാണെന്നും ജയ ജയ ജയ ജയ ഹേയിലെ പാട്ടുകളൊക്കെ അത്തരത്തില്‍ മനസില്‍ കരുതിയതെല്ലാം പാട്ടിലൂടെ പറയാന്‍ കഴിഞ്ഞ സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാലം മാറുമ്പോള്‍ എല്ലാത്തിലും മാറ്റമുണ്ടാകാറുണ്ട്. ഒരു കാലത്തെ പാട്ടുകളില്‍ പ്രകടമായ സ്ത്രീ വിരുദ്ധമായ, പൊളിറ്റിക്കലി ഇന്‍കറക്ട് ആയ പരാമര്‍ശങ്ങളൊന്നും ഇപ്പോഴത്തെ പാട്ടുകളില്‍ വരാറില്ല. ഇന്ന് നമ്മള്‍ സ്വയം പുതുക്കുന്നതിന്റെ ഭാഗമാണ്. ഇത് സിനിമകളിലും പാട്ടുകളിലുമൊക്കെ പ്രതിഫലിക്കും. ഇല്ലെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ ആളുകളുണ്ടാകും.

ജയ ജയ ജയ ജയ ഹേയും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പോലുള്ള സിനിമ ഇപ്പോഴാണ് സംഭവിച്ചത്. 90കളിലൊന്നും അത് സംഭവിക്കണമെന്നില്ല. ജീവിതത്തില്‍ പൊളിറ്റിക്കലി കറക്ട് ആകുകയാണ് വേണ്ടത്. അപ്പോള്‍ സ്വാഭാവികമായും നമ്മുടെ എഴുത്തും അങ്ങനെ ആയിക്കോളും. അതായത് ആരെയും വേദനപ്പിക്കാന്‍ പാടില്ലെന്ന ചിന്തയും ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഒന്നും പറയാന്‍ പാടില്ല എന്നൊക്കെയുള്ള ബോധമുണ്ടല്ലോ അതാണ് ഇവിടെ ആവശ്യം.

എന്നാല്‍പ്പോലും നമ്മുടെ വീടുകളില്‍നിന്നും സമൂഹത്തില്‍നിന്നും സിനിമയില്‍നിന്നുമൊക്കെ ശരിയല്ലാത്ത കാര്യങ്ങള്‍ കണ്ട് വളര്‍ന്നതിന്റെ സ്വാധീനത്തില്‍ അറിയാതെ നമുക്ക് തെറ്റ് പറ്റിയെന്ന് വരാം. അപ്പോള്‍ അത് തെറ്റാണെന്ന് മനസിലാക്കുക, അതാണ് ഇപ്പോഴത്തെ മാറ്റം.

പിന്നെ രാഷ്ട്രീയം സംസാരിക്കുന്ന പാട്ടുകളെഴുതുമ്പോള്‍ എപ്പോഴും സന്തോഷമാണ്. ജയ ജയ ജയ ജയ ഹേയിലെ പാട്ടൊക്കെ അത്തരത്തിലുള്ളതാണ്. പറയണമെന്ന് മനസില്‍ കരുതിയതെല്ലാം ആ പാട്ടിലൂടെ പറയാന്‍ കഴിഞ്ഞു,’ വിനായക് ശശികുമാര്‍ പറയുന്നു.

Content Highlight: Vinayak Sasikumar Talks About His Lyrics

We use cookies to give you the best possible experience. Learn more