അമല്‍ നീരദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ബോഗെയ്ന്‍വില്ല’. ചിത്രത്തില്‍ സ്തുതി എന്ന പാട്ട് എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ പ്രെമോ ഗാനമായി എത്തിയ സ്തുതി സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഗാനം ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണെന്നും സാത്താന്‍ സേവയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമുള്ള തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തന്റെ ഗാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിനായക് ശശികുമാര്‍.സ്തുതി പാട്ടിന്റെ വരികളും അതിന്റെ അര്‍ത്ഥവും എടുത്ത് നോക്കുകയാണെങ്കില്‍ അത് ദൈവത്തിനെ വാഴ്ത്തുന്നതാണെന്ന് മനസിലാകുമെന്ന് വിനായക് ശശികുമാര്‍ പറയുന്നു. വീഡിയോയില്‍ ഒരു സീനില്‍ ധരിച്ച കോസ്റ്റ്യൂമില്‍ തോളത്ത് ഒരു കൊമ്പുണ്ടെന്ന് കരുതി അത് സാത്താനെ പുകഴ്ത്തുന്നത് ആവില്ലെന്നും സിനിമയുടെ തീം പ്രേക്ഷകന് മനസിലാകുന്ന രീതിയിലാണ് ഗാനം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഊഹാപോഹമാണെങ്കില്‍ പോട്ടെ എന്ന് വെക്കാമെന്നും എന്നാല്‍ ഇത് വെറുതെ ഓരോന്ന് ആരോപിക്കുന്നതാണെന്നും വിനായക് പറയുന്നു. സിനിമ കാണുന്ന സമയത്ത് ഈ ഗാനത്തിന്റെ വരികളും സിനിമയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രേക്ഷകന് മനസിലാകുമെന്നും അപ്പോള്‍ കാണികള്‍ക്ക് ഡീ കോഡ് ചെയ്യാനും സാധിക്കുമെന്നും അല്ലാതെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സത്യത്തില്‍ കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കരുത് എന്നാണ് ഇത്തരം വിമര്‍ശകരോട് പറയാന്‍ ഉള്ളത്. ഈ പാട്ടിന്റെ വരികളും അതിന്റെ അര്‍ത്ഥവും എടുത്ത് നോക്കുകയാണെങ്കില്‍ അത് പൂര്‍ണമായും ദൈവത്തിനെ വാഴ്ത്തുകയും പ്രണയത്തിനെ കുറിച്ച് പറയുകയും ചെയ്യുന്ന വരികളാണ്. ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി, പ്രേമത്തെ സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്നാണ് പറയുന്നത്.പിന്നെ ഗാനത്തിന്റേതായി പുറത്തുവന്ന വീഡിയോയില്‍ ഒരു സീനില്‍ ധരിച്ച കോസ്റ്റ്യൂമില്‍ തോളത്ത് ഒരു കൊമ്പുണ്ടെന്ന് കരുതി അത് സാത്താനെ പുകഴ്ത്തുന്നത് ആവില്ല. പിന്നെ ഇതിനെക്കാളൊക്കെ ഉപരിയായി സിനിമയുടെ ഒരു തീം ഉണ്ട്. അത് പ്രേക്ഷകന് മനസിലാവുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
ഇതിനാണ് പ്രാധാന്യം നല്‍കേണ്ടത് അല്ലാതെ ഇത്തരം കാര്യങ്ങള്‍ക്ക് അല്ല. ഊഹാപോഹങ്ങള്‍ ശരിയാവണമെന്നില്ല. ഇനി ഊഹാപോഹമാണെങ്കിലും പോട്ടെ എന്ന് വെക്കാം ഇത് അതുകൂടിയല്ല. വെറുതെ ഒരോന്ന് ആരോപിക്കുകയാണ്. സിനിമ കാണുന്ന സമയത്ത് ഈ ഗാനത്തിന്റെ വരികളും സിനിമയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാകും, അതില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ഡീ കോഡ് ചെയ്യാനും സാധിക്കും. അല്ലാതെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല,’ വിനായക് ശശികുമാര്‍ പറയുന്നു.
Content Highlight: Vinayak Sasikumar Talks About Cyber Attacks Towards Sthuthi Song