ഇലുമിനാറ്റി; ഒരിക്കലും കടക്കാന്‍ പാടില്ലാത്ത ഏരിയയിലേക്കാണ് കടന്നതെന്ന ആ കമന്റ് പേടിപ്പിച്ചു: വിനായക് ശശികുമാര്‍
Entertainment
ഇലുമിനാറ്റി; ഒരിക്കലും കടക്കാന്‍ പാടില്ലാത്ത ഏരിയയിലേക്കാണ് കടന്നതെന്ന ആ കമന്റ് പേടിപ്പിച്ചു: വിനായക് ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd May 2024, 6:13 pm

രോമാഞ്ചം, ഭീഷ്മ പര്‍വം എന്നീ സിനിമകളിലെ വൈറലായ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയ ചലച്ചിത്ര ഗാനരചയിതാവാണ് വിനായക് ശശികുമാര്‍. ഇത്തവണ വിഷു റിലീസായി എത്തിയ ആവേശത്തിലെ ഇലുമിനാറ്റിയുടെ വരികള്‍ എഴുതിയതും അദ്ദേഹമായിരുന്നു.

ഇലുമിനാറ്റി പാട്ടിന് വന്ന ഒരു കമന്റിനെ കുറിച്ച് പറയുകയാണ് വിനായക്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടിന് വളരെ സീരിയസായ ഒരു കമന്റ് വന്നിരുന്നു എന്നാണ് വിനായക് ശശികുമാര്‍ പറയുന്നത്.

‘ഇലുമിനാറ്റിക്ക് ഒരു ഭീകര കമന്റ് കണ്ടു. യൂട്യൂബില്‍ പല കമന്റുകളുടെയും ഇടയിലാണ് ഇത് കണ്ടത്. വളരെ സീരിയസ് കമന്റായിരുന്നു. ആ കമന്റ് വായിച്ചപ്പോള്‍ എനിക്ക് കുറച്ച് ഡാര്‍ക്കായി.

‘ഇലുമിനാറ്റിയെ പറ്റിയാണ് എഴുതിയിരിക്കുന്നത്, സൂക്ഷിക്കണം. നിങ്ങള് നോക്കിക്കോ, ഒരിക്കലും കടക്കാന്‍ പാടില്ലാത്ത ഏരിയയിലേക്കാണ് നിങ്ങള്‍ കടന്നിരിക്കുന്നത്’ എന്നൊക്കെ പറഞ്ഞായിരുന്നു ആ കമന്റ്. അത് കണ്ടപ്പോള്‍ കുറച്ച് ഡാര്‍ക്കായി.

കാരണം, ബാക്കി എന്തിനെയും പേടിയില്ലാതെ ഇരിക്കാം. പക്ഷേ മനുഷ്യന്മാരെ പേടിക്കണമല്ലോ. ദൈവത്തിനെയും പ്രേതത്തെയും പേടിക്കാന്‍ പറഞ്ഞാല്‍ പേടിക്കേണ്ട ആവശ്യമില്ല. പക്ഷേ മനുഷ്യരെ പേടിക്കണം.

മംഗ്ലീഷിലാണ് ആ കമന്റ് വന്നത്. ചിലപ്പോള്‍ അത് ഇലുമിനാറ്റിയുടെ ഫാനാകാം. അല്ലെങ്കില്‍ അതിനെ കുറിച്ച് റിസേര്‍ച്ച് ചെയ്ത ആളാകും. ഇനി ഒറിജിനല്‍ ഇലുമിനാറ്റിയില്‍ ഉള്ള ആണെങ്കില്‍ തന്നെ, ഞാന്‍ പറയുന്നത് കേള്‍ക്കുകയാണെങ്കില്‍ ക്ഷമിക്കണം. ഞാന്‍ ഇതിലൊന്നും താത്പര്യം ഉള്ള ആളല്ല (ചിരി). ഇത് തമാശയാണ്. ഒരു വാക്ക് ഉപയോഗിച്ചെന്നേയുള്ളൂ,’ വിനായക് ശശികുമാര്‍ പറഞ്ഞു.

അതേസമയം, തിയേറ്ററില്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന ചിത്രമാണ് ആവേശം. മലയാളത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമായി മാറാന്‍ ആവേശത്തിന് സാധിച്ചിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് വെറും 12 ദിവസം കൊണ്ടായിരുന്നു ഇത്രയും വലിയ കളക്ഷന്‍ ആവേശം സ്വന്തമാക്കിയത്.

രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമയില്‍ സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടുകള്‍ വിനായക് ശശികുമാറായിരുന്നു വരികള്‍ എഴുതിയത്.

Content Highlight: Vinayak Sasikumar Talks About Comment Of Illuminati Song