|

ഇയാളാണോ 'രതിപുഷ്പം' എഴുതിയതെന്ന ആ ചോദ്യം; ഞാന്‍ അവരെ വഴിതെറ്റിച്ചെന്നാണോ ഉദ്ദേശിച്ചതെന്ന് സംശയമായി: വിനായക് ശശികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് – മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, ലെന, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിച്ചിരുന്നു.

മമ്മൂട്ടി മൈക്കിളെന്ന കഥാപാത്രമായെത്തിയ ഭീഷ്മ പര്‍വ്വത്തിലെ ഏറെ വൈറലായ ഒരു ഗാനമാണ് ‘രതിപുഷ്പം’. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഈ ഗാനത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാറായിരുന്നു.

വിനായക് തന്നെയാണ് ഫഹദ് ഫാസില്‍ ചിത്രമായ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’യുടെയും രോമാഞ്ചം സിനിമയിലെ ഹിറ്റ് ഗാനങ്ങളായ ആദരാഞ്ജലി നേരട്ടെ, ആത്മാവേ പോ എന്നീ ഗാനങ്ങളുടെയും വരികള്‍ എഴുതിയത്.

ഭീഷ്മ പര്‍വ്വത്തിനായി ‘രതിപുഷ്പം’ എഴുതിയ ശേഷം തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് വിനായക് ശശികുമാര്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദരാഞ്ജലി എന്ന വാക്ക് ആ പാട്ടില്‍ പ്ലേസ് ചെയ്യുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ഉണ്ടാകുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. കാരണം അതിന് മുമ്പായിരുന്നു ‘രതിപുഷ്പം’ പാട്ട് ഇറങ്ങിയത്. ഒരു തവണ ഞാന്‍ ഒരു വീട്ടില്‍ പോയപ്പോള്‍ അവിടെ കോടതി ജഡ്ജിയായിരുന്നു ഉണ്ടായിരുന്നത്.

അദ്ദേഹത്തോട് ഞാന്‍ പാട്ട് എഴുതുന്ന ആളാണെന്ന് ആരോ പറഞ്ഞിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ഒന്ന് അടിമുടി നോക്കി. പിന്നെ ‘ഇയാളാണോ രതിപുഷ്പം എഴുതിയത്’ എന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് മറുപടി നല്‍കി.

‘എന്റെ മകനും മകള്‍ക്കും ഒക്കെ ഇഷ്ടമാണ്’ എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി. അന്ന് എനിക്ക് അദ്ദേഹം ഞാന്‍ മകനെയും മകളെയും വഴി തെറ്റിച്ചു എന്നാണോ ഉദ്ദേശിച്ചത് എന്ന സംശയമായി. ആദരാഞ്ജലി എഴുതുമ്പോള്‍ അത് ഞാന്‍ ഓര്‍ത്തു,’ വിനായക് ശശികുമാര്‍ പറഞ്ഞു.


Content Highlight: Vinayak Sasikumar Talks About Aadharaanjali Neratte Song