Entertainment
പാന്‍ ഇന്ത്യന്‍ ലെവലില്‍ മികച്ച പാട്ടുകള്‍ ഒരുക്കാന്‍ ആ മലയാളി മ്യൂസിക് ഡയറക്ടര്‍ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നാറുണ്ട്: വിനായക് ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 02:56 pm
Thursday, 23rd January 2025, 8:26 pm

ചെറുപ്രായത്തില്‍ തന്നെ മലയാളത്തിലെ തിരക്കുള്ള ഗാന രചയിതാവായി മാറാന്‍ സാധിച്ചയാളാണ് വിനായക് ശശികുമാര്‍. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഭീഷ്മ പര്‍വ്വത്തിലെ ‘രതിപുഷ്പം’, രോമാഞ്ചത്തിലെ ‘ആദരാഞ്ജലി നേരട്ടെ’, ആവേശത്തിലെ ‘ഇല്ലുമിനാറ്റി’, ബോഗയ്ന്‍വില്ലയിലെ ‘സ്തുതി’ തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് അദ്ദേഹം വരികള്‍ എഴുതിയിട്ടുണ്ട്.

താന്‍ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള സംഗീതസംവിധായകരെക്കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍. വിഷ്ണു വിജയ്‌യുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്ന് വിനായക് പറഞ്ഞു. സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് വഴിയാണ് താന്‍ വിഷ്ണു വിജയ്‌യെ പരിചയപ്പെടുന്നതെന്നും ഗപ്പിക്ക് മുമ്പ് തങ്ങള്‍ ഒരു പ്രൊജക്ട് ചെയ്തിരുന്നെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അത് പിന്നീട് മുടങ്ങിയെന്നും ഗപ്പിയാണ് ആദ്യത്തെ വര്‍ക്കെന്നും വിനായക് പറഞ്ഞു. ഫ്‌ളൂട്ടാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഇന്‍സ്ട്രുമെന്റെന്നും അതില്‍ അയാള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും വിനായക് കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മെലഡികള്‍ വിഷ്ണുവിന് ഒരുക്കാന്‍ സാധിക്കുമെന്നും വിനായക് പറഞ്ഞു.

ആരാധികേ എന്ന പാട്ട് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറത്താണ് ആ പാട്ട് വിഷ്ണു വിജയ് കമ്പോസ് ചെയ്തതെന്നും വിനായക് കൂട്ടിച്ചേര്‍ത്തു. ഗപ്പിക്ക് മുമ്പ് കബാലിയില്‍ സന്തോഷ് നാരായണന്റെ കൂടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് വിഷ്ണുവിനുണ്ടെന്നും ഇനിയും അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും വിനായക് ശശികുമാര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിനായക് ശശികുമാര്‍.

‘ജോണേട്ടന്‍ (ജോണ്‍പോള്‍ ജോര്‍ജ്) വഴിയാണ് ഞാന്‍ വിഷ്ണുവിനെ പരിചയപ്പെട്ടത്. അവര്‍ രണ്ടുപേരും പണ്ടുമുതലേ സുഹൃത്തുക്കളാണ്. ഗപ്പിക്ക് മുമ്പ് ഞങ്ങള്‍ ഒരു പ്രൊജക്ടിന് വേണ്ടി ഒന്നിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. പിന്നീട് ഗപ്പി ചെയ്തു. അതിലെ പാട്ടുകള്‍ എല്ലാവരും ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ പണി വരെ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തു.

ഓരോ മ്യൂസിക് ഡയറക്ടേഴ്‌സിനും കംഫര്‍ട്ടാകുന്ന ഇന്‍സ്ട്രുമെന്റസ് ഉണ്ട്. വിഷ്ണുവേട്ടന്‍ ഫ്‌ളൂട്ടിലാണ് കംഫര്‍ട്ട്. അതില്‍ പുള്ളി അത്ഭുതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. എനിക്ക് തോന്നുന്നത് മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ മെലഡികള്‍ ഉണ്ടാക്കാന്‍ വിഷ്ണുവേട്ടന് സാധിക്കുമെന്നാണ്. അതിന്റെ എക്‌സാമ്പിളാണ് ‘ആരാധികേ’ എന്ന പാട്ട്.

ഞാന്‍ എഴുതിയതിന്റെ അപ്പുറത്തെ ലെവലില്‍ പുള്ളി അത് കമ്പോസ് ചെയ്തിട്ടുണ്ട്. ഗപ്പിയില്‍ മ്യൂസിക് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം പലരുടെയും അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. കബാലിയില്‍ സന്തോഷ് നാരായണന്റെ അസിസ്റ്റന്റായി നിന്നിട്ടുണ്ട്. വിഷ്ണുവേട്ടനെ പൊട്ടന്‍ഷ്യല്‍ മുഴുവനായി പുറത്തെടുത്തിട്ടില്ല. അയാള്‍ ഇനിയും ഞെട്ടിക്കും,’ വിനായക് ശശികുമാര്‍ പറഞ്ഞു.

Content Highlight: Vinayak Sasikumar about the composing of Vishnu Vijay