കുഷ്ഠം എന്നരോഗം മാനവചരിത്രത്തിന്റെ ഭാഗമായിരുന്നു. കുഷ്ഠം ബാധിച്ചവര്‍ക്ക് സാമൂഹ്യബഹിഷ്‌കരണം നിലനിന്നിരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി കുഷ്ഠമുണ്ട്. അസുഖം വന്നവരെ ഒറ്റപ്പെടുത്തി അവര്‍ക്കായി പ്രത്യേകകോളനികള്‍ സ്ഥാപിച്ചിരുന്നു. ഇന്നിത് പൂര്‍ണ്ണമായി ചികില്‍സിച്ചു ഭേദമാക്കാവുന്നതാണ്. ചികില്‍സ സൗജന്യവുമാണ്.
1980 -ല്‍ 52 ലക്ഷംപേര്‍ക്ക് കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടത്തുനിന്നും 2012 ആയപ്പോഴേക്കും ഇത് വെറും രണ്ടുലക്ഷത്തില്‍ താഴെ എത്തിയിരുന്നു. ഇവയില്‍ പകുതിയും ഇന്ത്യയില്‍ ആണ്. കഴിഞ്ഞ 20 വര്‍ഷത്തില്‍ ലോകമെമ്പാടും ഒന്നരക്കോടിയിലധികം ആള്‍ക്കാര്‍ ചികില്‍സയിലൂടെ കുഷ്ഠരോഗത്തില്‍നിന്നും സുഖം പ്രാപിക്കുകയുമുണ്ടായി. 1873 -ല്‍ ഹാന്‍സണ്‍ ഇതിനുകാരണമായ ബാക്ടീരിയയെ കണ്ടെത്തി. മനുഷ്യരില്‍ അസുഖമുണ്ടാക്കുന്ന ബാക്ടീരിയകളെപ്പറ്റിത്തന്നെയുള്ള ആദ്യകണ്ടുപിടുത്തമായിരുന്നു ഇത്. കുഷ്ഠത്തിന് കാര്യക്ഷമമായ ചികില്‍സ കണ്ടുപിടിച്ചത് 1940 കളില്‍ മാത്രമാണ്. അതുവരെയോ?
ഒരുരോഗം വന്നാല്‍ അതിനുകാരണം പോലും അറിയാത്തകാലത്ത് കിട്ടുന്നതെന്തും പരീക്ഷിച്ചായിരുന്നു ചികില്‍സകള്‍. പുരാതന ഗ്രീക്കുകാര്‍ ചികില്‍സയ്ക്ക് രക്തമാണ് ഉപയോഗിച്ചിരുന്നത്. ധാരകോരാനും കുടിക്കാനുമെല്ലാം രക്തം. രക്തത്തിന് കലര്‍പ്പുണ്ടാവാന്‍ പാടില്ലാത്തതിനാല്‍ ഈ ചികില്‍സയ്ക്ക് ഉപയോഗിക്കാന്‍ വേണ്ടത് കുട്ടികളുടെയും കന്യകമാരുടെയും രക്തമായിരുന്നു.
ഈജിപ്തില്‍ പട്ടിയുടെ രക്തമാണ് ഉപയോഗിച്ചത്, ചിലപ്പോള്‍ മൃതദേഹങ്ങളില്‍ നിന്നുമുള്ള രക്തവും ഉപയോഗിച്ചിരുന്നു. എങ്ങനെയെങ്കിലും പ്രതിവിധി എന്നരീതിയില്‍ പാമ്പിന്‍ വിഷം, തേനീച്ചവിഷം, തേള്‍, തവള, മല്‍സ്യങ്ങളെയെല്ലാം ഉപയോഗിച്ചുപരീക്ഷണങ്ങള്‍ നടത്തി. വിഷങ്ങള്‍ പുരട്ടിനോക്കി, അസുഖം ബാധിച്ച അവയവങ്ങള്‍ മുറിച്ചുനീക്കി.
ഇന്ത്യയില്‍ മരോട്ടിയെണ്ണ കൊണ്ടുള്ള ചികില്‍സ ചെയ്തുനോക്കി. എന്നാല്‍ ഗ്രന്ഥങ്ങളില്‍പറയുന്ന മരം മറ്റൊന്നാണെന്ന കണ്‍ഫ്യൂഷന്‍ ആകെ പ്രശ്‌നമായി. എങ്കിലും ഈ എണ്ണ ചെറിയതരത്തില്‍ ഫലപ്രദമായിരുന്നു. ഈ മാറാരോഗത്തെമാറ്റാന്‍ ആവുന്നതെല്ലാം മനുഷ്യരും വൈദ്യന്മാരും ഉപയോഗിച്ചുനോക്കി. 1940 -കളില്‍ ആധുനിക ഔഷധം കണ്ടുപിടിക്കുന്നതുവരെ ഇതുതന്നെയായിരുന്നു ചികില്‍സാരീതി.
ഇന്ത്യയില്‍ 4000 വര്‍ഷം പഴക്കമുള്ള തലയോട്ടിയില്‍ 2009-ല്‍ നടന്ന പഠനത്തില്‍ കുഷ്ഠബാധ ഇന്ത്യയില്‍ അന്നേ ഉണ്ടായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. കുഷ്ഠം ബാധിച്ചവരെ സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തി വേറൊരിടത്ത് ഒരുമിച്ച് പുനരധിവസിപ്പിക്കാന്‍ പലയിടത്തുംശ്രമം നടന്നിട്ടുണ്ട്. രോഗം വന്നവരെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള നിയമം പോലും ഇന്ത്യയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയിരുന്നില്ല.
1940 -കളില്‍ ആധുനികവൈദ്യഗവേഷണങ്ങളില്‍ക്കൂടി പ്രോമിന്‍ എന്ന മരുന്ന് ഉപയോഗിച്ച് ചികില്‍സിച്ചു തുടങ്ങുന്നതുവരെ കുഷ്ഠചികില്‍സ ഫലപ്രദമായിരുന്നില്ല. മരുന്നുകണ്ടെത്തിയിട്ടുപോലും ബാക്റ്റീരിയകള്‍ ഈ മരുന്നിനോട് കാണിച്ച പ്രതിരോധം വീണ്ടും ചികില്‍സകളെ തകരാറിലാക്കി. പിന്നീട് ഇന്ത്യക്കാരനായ ശാസ്ത്രജ്ഞന്‍ ശാന്താറാം യവാല്‍ക്കറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പുതിയമരുന്നുകള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ തുടര്‍ന്നു.
മാള്‍ട്ടയില്‍ 1970 കളിലാണ് ആദ്യമായി ഈ ചികില്‍സ നല്‍കിയത്. ചെലവേറിയതിനാല്‍ ഈ ചികില്‍സ പലരാജ്യങ്ങള്‍ക്കും താങ്ങാനാവുന്നതായിരുന്നില്ല. 1985 -ല്‍പ്പോലും 122 രാജ്യങ്ങളില്‍ കുഷ്ഠം പ്രശ്‌നക്കാരനായിരുന്നു. 1991 -ല്‍ ജനീവയില്‍ കൂടിയ ലോകാരോഗ്യസംഘടന 2000 -മാണ്ടോടെ ലോകം കുഷ്ഠവിമുക്തമാക്കാനുള്ള പരിപാടി പ്രഖ്യാപിച്ചു. ഇതിനായി നല്‍കാനുള്ള ഔഷധം ബഹുരാഷ്ട്ര ഔഷധഭീമനായ നൊവാര്‍ട്ടിസ് സൗജന്യമായി നല്‍കാമെന്നേറ്റു.
വേദന അറിയാതെ അവയവങ്ങള്‍ മുറിഞ്ഞുതൂങ്ങുന്ന, അറ്റുപോകുന്ന പകര്‍ച്ചവ്യാധിയായ കുഷ്ഠം ലോകം മുഴുവന്‍ മനുഷ്യരെ ഭയപ്പെടുത്തിയിരുന്നു. പലയിടത്തും രോഗം ബാധിച്ചവര്‍ സമൂഹത്തില്‍നിന്നും പുറത്താക്കപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ വിശ്വാസമനുസരിച്ച് രോഗത്താല്‍ മരിക്കുന്നവരെ കുഴിച്ചിട്ടാല്‍ ഭൂമി മാലിന്യപൂര്‍ണ്ണമാകുമെന്നായിരുന്നു. 1950 കളില്‍ അവിടെയുള്ള ഒരു വര്‍ഗത്തെ കുഷ്ഠം ബാധിക്കുകയുണ്ടായി. വേറാര്‍ക്കും അതുപടരാതിരിക്കാനും കുഴിച്ചിട്ടാല്‍ ഭൂമി മലിനമാകുമെന്നതിനാലും മലാവിക്കാര്‍ മരിച്ചവരെയും രോഗം വന്നവരെ ജീവനോടെതന്നെയും അവിടെയുള്ള ഒരു ബോബാബ് മരത്തിന്റെ ചുവട്ടിലെ വലിയൊരു പോടില്‍ ഉപേക്ഷിച്ചു. ഇന്നും അതില്‍ നോക്കിയാല്‍ ആള്‍ക്കാരുടെ എല്ലുകളും തലയോടുകളും കിടക്കുന്നതുകാണാം.
വസൂരി മുതല്‍ ക്ഷയം വരെ നിരവധി മാറാവ്യാധികള്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതിന്റെ സുരക്ഷിതത്തത്തില്‍ ജീവിക്കുമ്പോള്‍ നൂറ്റാണ്ടുകളോളം അവയുണ്ടാക്കിയ ഭീകരാവസ്ഥകളെ ആകെ മറന്ന് അതിനെ ലോകത്തുനിന്നും ഉന്മൂലനം ചെയ്യാന്‍ ഉപയോഗിച്ച ശാസ്ത്രത്തെയും തള്ളിപ്പറഞ്ഞ് യാതൊരു പുത്തന്‍ ഗവേഷണവും നടക്കാത്ത ചില ചികില്‍സാമേഖലകളെ നെഞ്ചേറ്റുമ്പോള്‍ ഇത്തരം ചില പഴയ കഥകള്‍ ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാണ്.