ആര്യന്മാര്‍ എന്തുകൊണ്ട് ഉയര്‍ന്ന വംശത്തില്‍ ഉള്ളവരാണെന്നും ജൂതന്മാര്‍ മികവുകുറഞ്ഞ ഒരുതരം ഹോമോ സ്പീഷിസ് ആണെന്നും തെളിയിക്കാനായി നാസികള്‍ നിരവധി ‘ശാസ്ത്രീയ’ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അതിലൊരുതരം ‘പഠനം’ നടത്താനുള്ള ചുമതല ലഭിച്ചത് റുഡോള്‍ഫ് ബ്രാന്റിനും വൂള്‍ഫ്രാം സീവേഴ്സിനും ആയിരുന്നു.
ഈ പഠനത്തിനായി കുറച്ച് ജൂതരുടെ അസ്ഥിപഞ്ജരങ്ങള്‍ ശേഖരിച്ച് ആര്യന്മാരേക്കാള്‍ താഴ്ന്ന വംശജരാണ് ജൂതന്മാര്‍ എന്നത് ഏവര്‍ക്കും ബോധ്യമാവുന്ന രീതിയില്‍ സ്ട്രാറ്റ്‌സ്ബര്‍ഗിലെ അനാട്ടമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. ജര്‍മന്‍ സേന പിടിച്ചുകൊണ്ടുവരുന്ന ജൂതന്മാരായിരുന്നു സ്‌പെസിമെനുകള്‍. 115 ആള്‍ക്കാരില്‍ നിന്നും പരീക്ഷണങ്ങള്‍ക്കായി 87 പേരെ തെരഞ്ഞെടുത്തു.
അവരുടെ ഏതാണ്ട് ഒരേ പോലെയുള്ള വംശീയ സ്വഭാവമായിരുന്നു തെരഞ്ഞെടുപ്പിനു നിദാനമായത്. ടൈഫസ് എന്ന രോഗം പടര്‍ന്നുപിടിച്ച് കൊണ്ടിരിക്കുന്നതിനാല്‍ രോഗം വരാതിരിക്കാന്‍ ഈ സ്‌പെസിമെനുകളെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. ഇവരുടെയെല്ലാം ശരീരഭാഗങ്ങളുടെ അളവുകള്‍ എടുത്തു.
യുദ്ധത്തിലോ വെടിവെപ്പിലോ കൊല്ലപ്പെട്ടവരുടെ ശരീരം ശേഖരിച്ചാല്‍ കൃത്യമായി അവര്‍ ഏത് വംശമാണെന്നെല്ലാം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് ജീവനുള്ള സ്‌പെസിമെനുകള്‍ തന്നെ ഇവര്‍ തെരഞ്ഞെടുത്തത്. മാത്രമല്ല, ഇവരുടെ ചരിത്രം, എവിടെ എന്ന് ജനിച്ചു, ശാരീരിക അളവുകള്‍, സ്വഭാവം എന്നതെല്ലാം ശേഖരിക്കാന്‍ കഴിഞ്ഞാല്‍ പരീക്ഷണങ്ങളില്‍ കൂടുതല്‍ കൃത്യതയും വരുമല്ലോ.
ഇവരെ രണ്ടാഴ്ചയോളം ക്യാമ്പില്‍ താമസിപ്പിച്ച് നല്ല ഭക്ഷണമെല്ലാം നല്‍കി. ശരീരം തടിച്ചിരുന്നാല്‍ അതുകൊണ്ട് നല്ല കാസ്റ്റ് ഉണ്ടാക്കാമല്ലോ. 57 പുരുഷന്മാരും 29 സ്ത്രീകളുമായിരുന്നു അവര്‍. കമാന്‍ഡന്റ് ആയ ജോസഫ് ക്രാമര്‍ അവരെ വിവസ്ത്രരാക്കി, വിഷവാതകം കടത്തിവിടാനുള്ള മുറിയിലാക്കി, അവര്‍ മരിക്കുന്നത് നോക്കിനിന്നു. അതിനെതിരെ പ്രതികരിച്ച ഒരു സ്‌പെസിമെനെ വെടിവെച്ച് കൊന്നു.
തുടര്‍ന്ന് സ്‌പെസിമെനുകളുടെ ശരീരത്തിന്റെ അച്ചുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി, അതിനുശേഷമായിരുന്നു അവരുടെ അസ്ഥികൂടങ്ങള്‍ ശേഖരിച്ച് പഠനം നടത്തേണ്ടിയിരുന്നത്. അപ്പോഴേക്കും സഖ്യസൈന്യം മുന്നേറിത്തുടങ്ങിയിരുന്നു. സ്‌പെസിമെനുകളുടെ ഇറച്ചി അഴുകിത്തീര്‍ന്നിട്ടുമില്ല.
1944 സെപ്തംബറില്‍ സീവേഴ്‌സ്, ബ്രാന്റിന് ടെലഗ്രാം അയച്ചു. വേണമെങ്കില്‍ സ്‌പെസിമെനുകളുടെ ഇറച്ചി മുറിച്ചുമാറ്റി അവരെ തിരിച്ചറിയാതെയാക്കാം, പക്ഷേ ഇതുവരെ ചെയ്ത പരീക്ഷണങ്ങള്‍ പൂര്‍ണ വിജയമാവില്ല. വളരെ ശാസ്ത്രീയമായി നടത്തിയ പഠനങ്ങള്‍ ആയിരുന്നു, ഒക്കെ നഷ്ടമാവുമല്ലോ. അപ്പോഴേക്കും പക്ഷേ സഖ്യസൈന്യം എത്തി. പരീക്ഷണം എങ്ങുമെത്തിയില്ല, ഇറച്ചി അഴുകിത്തീര്‍ന്നില്ല. കുറെ ശവങ്ങളുടെ തലവെട്ടിമാറ്റിയ രീതിയിലും മറ്റു ചിലവ ഫോര്‍മാലിനില്‍ അഴുകാതെ വെച്ചതും അവര്‍ കണ്ടെത്തി.
രണ്ടു വ്യക്തികള്‍ തമ്മില്‍ ലൈംഗികബന്ധം നടന്ന് ഉണ്ടാകുന്ന സന്താനത്തിന് പ്രത്യുല്‍പ്പാദന ശേഷിയുണ്ടെങ്കില്‍ അവര്‍ ഒരേ സ്പീഷിസ് ആണ്. കുതിരയും കഴുതയും ബന്ധപ്പെട്ട് കുട്ടികള്‍ ഉണ്ടാകുമെങ്കിലും അതിനു ജനിക്കുന്ന കോവര്‍ കഴുതയ്ക്ക് പ്രത്യുല്‍പ്പാദനശേഷി ഇല്ലാത്തതിനാല്‍ കുതിരയും കഴുതയും രണ്ട് സ്പീഷിസുകള്‍ ആണെന്നു പറയാം.
ഭൂമിയിലുള്ള മനുഷ്യര്‍ നിറം, ഭാഷ, വലിപ്പം അങ്ങനെ എന്തൊക്കെ വ്യത്യസ്തമായാലും ഒരേ സ്പീഷിസ് ആണ്. ജീവശാസ്ത്രപരമായി മനുഷ്യന്‍ ഒറ്റ വംശമാണ്, സാമൂഹ്യപരമായി മാത്രമാണ് വ്യത്യസ്തത. ഇത് ജീനോം പ്രൊജക്ട് വഴി തെളിയിക്കപ്പെട്ടതാണ്.
ചരിത്രത്തില്‍ പലയിടത്തും വംശശുദ്ധിയെന്ന സങ്കല്‍പ്പം പൊങ്ങിവന്നിട്ടുണ്ട്. തങ്ങളേക്കാള്‍ കുറഞ്ഞവരാണ് മറ്റു ചിലരെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഈ പരിപാടി. ഇത് വളരെ അപകടം പിടിച്ച ഒരു കളിയാണ്, ഇതിന്റെ ഉന്നം ശാസ്ത്രീയമായ പഠനത്തില്‍ നിന്നും പുറത്തുവരുന്ന അറിവുകള്‍ ഒന്നുമല്ല, മറ്റു ചിലരെ എങ്ങനെ ഒതുക്കി, ഭൂരിപക്ഷത്തെ കൂടെ നിര്‍ത്തി അധികാരം കയ്യടക്കാം എന്നതുമാത്രമാണ്. ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാന്‍ സാംസ്‌കാരിക വകുപ്പ് 10 കോടി അനുവദിച്ചിട്ടുണ്ട്, ഇതിന്റെ ലക്ഷ്യം എന്താണെങ്കിലും അത്ര ശുദ്ധം ആണോ എന്നു സംശയിക്കേണ്ടതുണ്ട്.
അസ്ഥിപഞ്ജരപഠനം നടത്തിയവര്‍ക്ക് എന്തുസംഭവിച്ചു? യുദ്ധാനന്തരം അവരില്‍ മിക്കവരെയും വിചാരണ ചെയ്ത് തൂക്കിക്കൊന്നു.
Content Highlight: Vinaya Raj VR writes about the central culture ministry’s decision to study racial purity of Indians