മണിച്ചിത്രത്താഴിന്റെ കഥ എവിടെ നിന്നാണെന്നറിയാന്‍ അവര്‍ കുറേ ഹോളിവുഡ് സിനിമകള്‍ കണ്ടു: വിനയ പ്രസാദ്
Entertainment
മണിച്ചിത്രത്താഴിന്റെ കഥ എവിടെ നിന്നാണെന്നറിയാന്‍ അവര്‍ കുറേ ഹോളിവുഡ് സിനിമകള്‍ കണ്ടു: വിനയ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th August 2024, 2:50 pm

മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കെല്ലാം ഏറെ പരിചിതയായ നടിയാണ് വിനയ പ്രസാദ്. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഈ സിനിമയില്‍ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് വിനയ എത്തിയത്.

മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് വിനയ.

‘ഞാന്‍ മണിച്ചിത്രത്താഴ് ഒരു പത്തിരുന്നൂറ് തവണ കണ്ടിട്ടുണ്ട്. കൊച്ചുകുട്ടികളുടെയും മിഡില്‍ ഏജില്‍ ഉള്ളവരുടെയും ചെറുപ്പക്കാരുടെയും പ്രായമായവരുടെയും കൂടെ ആ സിനിമ കണ്ടിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ള ആളുകളുടെയും കൂടെ ആ സിനിമ കണ്ടിട്ടുള്ള ആളാണ് ഞാന്‍. അവര്‍ക്കൊക്കെ ആ സിനിമയെ കുറിച്ച് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു.

അതിലായിരുന്നു എനിക്ക് അതിശയം തോന്നിയത്. കൊച്ചുകുട്ടികള്‍ പോലും വന്ന് എന്നോട് മണിച്ചിത്രത്താഴിനെ കുറിച്ച് ചോദിക്കാറുണ്ട്. മണിച്ചിത്രത്താഴില്‍ അഭിനയിച്ച ചേച്ചിയല്ലേ എന്നാണ് അവരൊക്കെ വന്ന് ചോദിക്കുന്നത്. ആ സിനിമ മനസിലായോയെന്ന് ചോദിക്കുമ്പോള്‍ ‘മനസിലാവാതിരിക്കാന്‍ എന്താണ്. നല്ല സിനിമയല്ലേ’ എന്ന് തിരികെ ചോദിക്കും.

കോളേജിലൊക്കെ പഠിക്കുന്നവര്‍ക്കും അല്ലെങ്കില്‍ ടീനേജ് പ്രായത്തിലുള്ള ആളുകള്‍ക്കും ഈ സിനിമയെ കുറിച്ച് മികച്ച അനാലിസിസാണ് ഉള്ളത്. സൈക്കിക്ക് വൈബ്രേഷനെ കുറിച്ചും എങ്ങനെയാകും ഈ കഥ എഴുതിയത് എന്നൊക്കെയുമാണ് അവര്‍ സംസാരിക്കുന്നത്.

അവര്‍ പഴയ കുറേ ഹോളിവുഡ് സിനിമകളൊക്കെ തപ്പി നോക്കിയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. അതായത് ഈ സിനിമയുടെ കഥ വേറെ എവിടെ നിന്നെങ്കിലും എടുത്തതാണോ എന്നറിയാന്‍ വേണ്ടിയായിരുന്നു അത്. പക്ഷെ ഫോറിന്‍ സിനിമകളില്‍ നിന്ന് ഇങ്ങനെയുള്ള ഐഡിയ കിട്ടാന്‍ സാധ്യതയില്ല.

കാരണം അതിന് അവിടെ ഒരു നാഗവല്ലിയും ആ ചരിത്രവും വേണം. അതിനുള്ള അറ്റ്‌മോസ്ഫിയര്‍ അവിടെയില്ല. വേറെ എന്തെങ്കിലും കാര്യങ്ങളില്‍ നിന്ന് ഇന്‍സ്പയറായിട്ടാണോ കഥ എഴുതിയത് എന്നായിരുന്നു അവരുടെ സംശയം. അതിനായി അവര്‍ പഴയ കഥകള്‍ വായിച്ചു, പഴയ സിനിമകള്‍ കണ്ടു,’ വിനയ പ്രസാദ് പറഞ്ഞു.


Content Highlight: Vinaya Prasad Talks About The People Who Watch Manichithrathazhu