മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും വിനയയെ ഓര്‍ക്കാന്‍. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. മധു മുട്ടം തിരക്കഥ ഒരുക്കിയ മണിച്ചിത്രത്താഴ് മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.
വിനയക്ക് പുറമെ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. കൂടാതെ നെടുമുടി വേണു, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, ശ്രീധര്‍, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മണിച്ചിത്രത്താഴില്‍ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്.
മോഹന്‍ലാല്‍ ആയിരുന്നു വിനയയെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത്. ഇപ്പോള്‍ മണിച്ചിത്രത്താഴിന് ശേഷം മോഹന്‍ലാല്‍ എന്തായിരുന്നു പറഞ്ഞത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിനയ പ്രസാദ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു നടി. സിനിമ കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ മോഹന്‍ലാലിനെ കണ്ടതെന്നാണ് വിനയ പറയുന്നത്.
‘മണിച്ചിത്രത്താഴ് സിനിമ കഴിഞ്ഞിട്ട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ കണ്ടത്. ഒരു പരിപാടിയില്‍ വെച്ചായിരുന്നു ഞങ്ങളുടെ കൂടികാഴ്ച. അന്ന് മോഹന്‍ലാല്‍ സാര്‍ എന്നോട് ഒരു കാര്യം പറഞ്ഞു.
‘നിങ്ങളെ കാണുമ്പോള്‍ എനിക്ക് ശ്രീദേവിയെ മാത്രമേ ഓര്‍മ വരുന്നുള്ളൂ. നിങ്ങളെ കാണുമ്പോള്‍ മണിച്ചിത്രത്താഴ് മാത്രമേ ഓര്‍മ വരുന്നുള്ളൂ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് ഒരു കോമ്പ്‌ളിമെന്റായിട്ടാണ് ഞാന്‍ കാണുന്നത്. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം,’ വിനയ പ്രസാദ് പറഞ്ഞു.
Content Highlight: Vinaya Prasad Talks About Mohanlal’s Compliment