Entertainment
അന്ന് മഞ്ജുവാണ് എന്നോട് പറയുന്നത്; ശ്രീദേവിക്ക് ഇത്ര ഫാന്‍സുണ്ടെന്ന് അറിയില്ലായിരുന്നു: വിനയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 25, 10:55 am
Sunday, 25th August 2024, 4:25 pm

മലയാളികള്‍ക്കെല്ലാം ഏറെ പരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും വിനയ എന്ന നടിയെ ഓര്‍ക്കാന്‍. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. സിനിമയില്‍ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്.

മധു മുട്ടം തിരക്കഥ ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്. വിനയക്ക് പുറമെ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച സിനിമ ഈ വര്‍ഷത്തോടെ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്.

എന്നാല്‍ തന്റെ കഥാപാത്രത്തിന് ഇത്ര ഇംമ്പാക്ടുണ്ടെന്ന് അറിയില്ലായിരുന്നു എന്ന് പറയുകയാണ് വിനയ. താന്‍ അഭിനയിച്ച കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ അനുഭവവും നടി പങ്കുവെച്ചു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു വിനയ.

‘എല്ലാവര്‍ക്കും മണിച്ചിത്രത്താഴ് ഒരു അത്ഭുതമാണ്. എനിക്ക് ആ സിനിമ വലിയൊരു സംഭവമാണ്. എവിടെ പോയാലും ആളുകള്‍ എന്നെ ശ്രീദേവി എന്നായിരുന്നു വിളിച്ചിരുന്നത്. തുടക്കത്തില്‍ മണിച്ചിത്രത്താഴ് ഹിറ്റാണ് എന്ന് മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ.

പക്ഷെ എന്റെ കഥാപാത്രത്തിന് ഇത്ര ഇംമ്പാക്ട് ഉണ്ടെന്ന് അറിയില്ലായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. മഞ്ജു വാര്യരും ജയറാമും ബാലചന്ദ്ര മേനോനും ഞാനുമൊക്കെ അഭിനയിച്ച ഒരു സിനിമയായിരുന്നു കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്.

അന്ന് കുറേയാളുകള്‍ ഷൂട്ടിങ്ങ് കാണാന്‍ വന്നിരുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് ‘ശ്രീദേവീ ശ്രീദേവി’ എന്ന് വിളിക്കുന്നുണ്ടായിരുന്നു. എനിക്ക് അത് മനസിലായിരുന്നില്ല. മറ്റാരെയോ വിളിക്കുകയാവും എന്നോര്‍ത്ത് ഞാനത് കാര്യമാക്കിയില്ല.

എന്നെയാണ് വിളിക്കുന്നതെന്ന് മഞ്ജുവാണ് എന്നോട് പറയുന്നത്. എന്നോട് തിരിഞ്ഞു നോക്കാന്‍ അവള്‍ പറഞ്ഞു. അപ്പോഴാണ് എനിക്ക് കാര്യം മനസിലാകുന്നത്. അന്നാണെങ്കില്‍ സോഷ്യല്‍ മീഡിയയൊന്നും ഇല്ലാത്ത സമയമായിരുന്നു,’ വിനയ പ്രസാദ് പറഞ്ഞു.


Content Highlight: Vinaya Prasad Talks About Manju Warrier And Manichithrathazhu