1993ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ ഇപ്പോള്‍ 31 വര്‍ഷം പിന്നിടുമ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രം കൂടെയാണ് മണിച്ചിത്രത്താഴ്.
31 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ റീ റിലീസ് ചെയ്യുന്നു എന്നത് മലയാളികള്‍ക്ക് വലിയ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു. ഓഗസ്റ്റ് 17ന് വീണ്ടും തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന മണിച്ചിത്രത്താഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററില്‍ കണ്ട ശേഷം സംസാരിക്കുകയാണ് നടി വിനയ. ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രമായാണ് വിനയ എത്തിയത്.
’31 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ വെച്ച് ഞാന്‍ മണിച്ചിത്രത്താഴ് കണ്ടിരിക്കുകയാണ്. മൂന്ന് തലമുറയായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്ന സിനിമയാണ് ഇത്. മണിച്ചിത്രത്താഴ് കാണാത്ത ഒരു മലയാളിയും ഉണ്ടാകില്ല. ഈ സിനിമ എന്റെ ജീവിതത്തില്‍ ഒരു പടം മാത്രമല്ലെന്ന് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. മണിച്ചിത്രത്താഴ് വീണ്ടും വരുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. വലിയ കാര്യമല്ലേ ഇത്. ലാലേട്ടന്‍ സിനിമ കാണാന്‍ വരുമോ എന്നറിയില്ല. എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഈ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചാല്‍, അങ്ങനെയൊന്ന് വന്നാല്‍ സന്തോഷമുണ്ടാകും.
അങ്ങനെ രണ്ടാം ഭാഗം വന്നാല്‍ ഞാനും അഭിനയിക്കും. വരുമോ എന്ന് അറിയില്ല. എന്തായാലും നോക്കാം. നിങ്ങളെ പോലെ ഞാനും ആ പ്രതീക്ഷയിലാണ് നില്‍ക്കുന്നത്. ലാലേട്ടനെ കുറിച്ച് എന്ത് പറയാനാണ്. അദ്ദേഹം നമ്മുടെ വിസ്മയമല്ലേ. അഭിനയ വിസ്മയം എന്ന് പറയുന്നത് പോലെയാണ് അദ്ദേഹം. വളരെ ഫ്രണ്ട്‌ലിയാണ് ലാലേട്ടന്‍. നമ്മളെ നന്നായി ഗൈഡ് ചെയ്യുന്ന നേച്ചറാണ് അദ്ദേഹത്തിന്. ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ വിനയ പറഞ്ഞു.
Content Highlight: Vinaya Prasad Talks About Manichithrathazhu