മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും മലയാളികള്‍ക്ക് വിനയയെ ഓര്‍ക്കാന്‍. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. മധു മുട്ടം തിരക്കഥ ഒരുക്കിയ മണിച്ചിത്രത്താഴില്‍ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്.
മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റും മണിച്ചിത്രത്താഴില്‍ അഭിനയിച്ചിരുന്നു. ഉണ്ണിത്താന്‍ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. ഇപ്പോള്‍ ഇന്നസെന്റിനെ താന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴില്‍ ഇന്നസെന്റിന്റെ എക്‌സ്പ്രഷന്‍സ് കാണുമ്പോള്‍ തനിക്ക് വല്ലാതെ ചിരി വരുമായിരുന്നെന്നും നടി പറയുന്നു.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു വിനയ. ഇന്നസെന്റിന്റേത് ഒരു അത്ഭുത അഭിനയമാണെന്നും അതിനെ അഭിനയമാണെന്ന് പറയാന്‍ തോന്നില്ലെന്നും നടി പറഞ്ഞു. ഇനി ഇങ്ങനെ തന്നെയാണോ ആളെന്ന് തോന്നിപോകും വിധം സ്വഭാവികമായ അഭിനയമാണ് ഇന്നസെന്റിന്റേതെന്നും വിനയ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഉറപ്പായിട്ടും മലയാളികളൊക്കെ ഇന്നസെന്റ് സാറിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാകും. എന്റെ ഓപ്പോസിറ്റ് നിന്നിട്ട് സാര്‍ മണിച്ചിത്രത്താഴിലെ ആ എക്‌സ്പ്രഷന്‍സ് തരുമ്പോള്‍ എനിക്ക് വല്ലാതെ ചിരി വരുമായിരുന്നു.
പ്രത്യേകിച്ച് സിനിമയില്‍ ശ്രീദേവിയെ പേടിച്ചിട്ട് കുട കൊണ്ട് കുത്തുന്നത് പോലെയൊക്കെ കാണിച്ചിട്ട് പോകുമ്പോള്‍ എനിക്ക് ചിരി സഹിക്കാന്‍ പറ്റില്ലായിരുന്നു. അദ്ദേഹത്തിന്റേത് ഒരു അത്ഭുത അഭിനയമാണ്.
അത് അഭിനയമാണെന്ന് പറയാന്‍ പറ്റില്ല. ഇനി ഇങ്ങനെ തന്നെയാണോ ആളെന്ന് പോലും തോന്നിപോകും. അത്രക്കും നാച്ചുറലായ ഒരു പെര്‍ഫോമന്‍സാണ് അദ്ദേഹത്തിന്റേത്,’ വിനയ പ്രസാദ് പറയുന്നു.
Content Highlight: Vinaya Prasad Talks About Innocent’s Acting