മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും വിനയ എന്ന നടിയെ സിനിമാപ്രേമികള്‍ക്ക് ഓര്‍ക്കാന്‍. ഈ ചിത്രത്തില്‍ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്.
ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് ഇന്നും കണക്കാക്കപ്പെടുന്നത്. വിനയക്ക് പുറമെ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരായിരുന്നു മണിച്ചിത്രത്താഴില്‍ ഒന്നിച്ചത്.
സിനിമയുടെ അവസാനം കാറില്‍ പോകുന്ന സണ്ണിയെ കാണാനായി ചുവന്ന സാരിയില്‍ ഓടിയെത്തുന്ന ശ്രീദേവിയെ കാണിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ക്ലൈമാക്സ് സീനുകളില്‍ ഒന്നുതന്നെയാണ് മണിച്ചിത്രത്താഴിലേത്.
എന്നാല്‍ ആ സീനില്‍ സംവിധായകന്‍ ഫാസില്‍ തന്നോട് കൂടുതലൊന്നും പറഞ്ഞില്ലെന്ന് പറയുകയാണ് വിനയ. എവിടേക്ക് നോക്കിയാണ് ഓടേണ്ടതെന്നോ ആരെയാണ് നോക്കേണ്ടതെന്നോ അറിയാതെയാണ് ആ സീന്‍ ചെയ്തതെന്നും നടി പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനയ.
‘ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഒന്ന് നോക്കി കൊണ്ട് ഓടിവരണം എന്ന് മാത്രമായിരുന്നു ഫാസില്‍ സാര്‍ പറഞ്ഞത്. എവിടേക്ക് നോക്കിയാണ് ഓടേണ്ടതെന്നോ ആരെയാണ് നോക്കേണ്ടതെന്നോ എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ചെറിയ പുഞ്ചിരിയോടെയാണ് ഓടി വരേണ്ടത് എന്ന് സാര്‍ എന്നോട് പറഞ്ഞിരുന്നു.
പ്രതീക്ഷയുള്ള ചിരിയാകണം അതെന്നും പറഞ്ഞിരുന്നു. നോക്കികൊണ്ട് ഓടിവരണമെന്ന് പറഞ്ഞത് കൊണ്ട് പുറത്തേക്ക് നോക്കി കൊണ്ടാണ് ഞാന്‍ ഓടിയെത്തിയത്. ആ സീന്‍ കാണുമ്പോള്‍ ഞാന്‍ ഒരു വശത്തേക്ക് ചെരിഞ്ഞ് കൊണ്ട് ഓടുന്നത് കാണാന്‍ സാധിക്കും,’ വിനയ പ്രസാദ് പറഞ്ഞു.
Content Highlight: Vinaya Prasad Talks About Her Scene In Manichithrathazhu Climax