അന്ന് ശ്രീദേവിയുടെ ഇമ്പാക്ട് എനിക്ക് മനസിലായില്ല; ഷൂട്ടിനിടയില്‍ എന്താണ് ഇങ്ങനെയെന്ന് ഞാന്‍ ചോദിച്ചു: വിനയ
Entertainment
അന്ന് ശ്രീദേവിയുടെ ഇമ്പാക്ട് എനിക്ക് മനസിലായില്ല; ഷൂട്ടിനിടയില്‍ എന്താണ് ഇങ്ങനെയെന്ന് ഞാന്‍ ചോദിച്ചു: വിനയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th August 2024, 8:18 am

1993ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ റീ റിലീസ് ചെയ്യുന്നു എന്നത് മലയാളികള്‍ക്ക് വലിയ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു.

ഓഗസ്റ്റ് 17ന് വീണ്ടും തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന മണിച്ചിത്രത്താഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററില്‍ കണ്ട ശേഷം സംസാരിക്കുകയാണ് നടി വിനയ. ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രമായാണ് വിനയ എത്തിയത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിനയ.

‘ഞാന്‍ എപ്പോഴും പറയാറുണ്ട്, എന്റെ ജീവിതത്തില്‍ മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല. അതൊരു വലിയ സംഭവമാണ്. മാറ്റിനി നൗ ഈ സിനിമക്ക് ഇന്ന് ഒരു അപ്‌ഡേറ്റഡ് വേര്‍ഷന്‍ നല്‍കിയിരിക്കുന്നു. ഒരു പ്രീമിയര്‍ ഷോ കാണുമ്പോള്‍ ഇത് സക്‌സസ് ആകുമോയെന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ടാകും. പക്ഷെ ഇവിടെ മണിച്ചിത്രത്താഴ് ആദ്യമേ എല്ലാം പ്രൂവ് ചെയ്തതാണ്. കുറേ വര്‍ഷങ്ങളായി ഈ സിനിമ ഇറങ്ങിയിട്ട്. എന്നിട്ടും ഇപ്പോഴും ആളുകള്‍ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.

അത്തരത്തില്‍ ഒരു അത്ഭുതമായ സിനിമയാണ് മണിച്ചിത്രത്താഴ്. ഈ സിനിമക്ക് ഒരു എച്ച്.ഡി സക്‌സസ്, അല്ലെങ്കില്‍ അപ്‌ഡേറ്റഡ് സക്‌സസ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പിന്നെ ഈ സിനിമയുടെ ഷൂട്ടിങ്ങൊക്കെ ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഓരോ പീസ് പീസായാണ് ആ സിനിമ അന്ന് ഷൂട്ട് ചെയ്തിരുന്നത്. അന്ന് ഞാന്‍ ഫാസില്‍ സാറിനോട് എന്താണ് ഇങ്ങനെയെന്ന് ചോദിച്ചിരുന്നു.

എനിക്ക് ഒന്നും മനസിലാകുന്നില്ലെന്നും ഞാന്‍ സാറിനോട് പറഞ്ഞു. എന്റെ കഥാപാത്രം എന്താണ്? എങ്ങനെയാണ്? എന്നൊക്കെ ഞാന്‍ ചോദിച്ചു. കഥയെ കുറിച്ച് അവര്‍ ആദ്യം പറഞ്ഞു തന്നിരുന്നു. പക്ഷെ ആ കഥാപാത്രം ഇത്രയും ഇമ്പാക്ട് ഫുള്ളാണ് എന്ന് എനിക്ക് അന്ന് മനസിലായിരുന്നില്ല. ഇന്ന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ കാണുമ്പോഴും അന്നത്തെ അതേ രോമാഞ്ചമാണ് തോന്നിയത്,’ വിനയ പറഞ്ഞു.

Content Highlight: Vinaya Prasad Talks About Her Character In Manichithrathazhu Movie