| Monday, 2nd September 2024, 1:48 pm

ശിവാജി, റാണാ പ്രതാപ് എന്നിവരുടെ പ്രതിമയുടെ കൂടെ ആ മലയാളനടന്റെ പ്രതിമയും കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു: വിനയ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ സിനമയിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് വിനയ പ്രസാദ്. പെരുന്തച്ചനിലൂടെ മലയാളത്തില്‍ അരങ്ങേറിയ വിനയ പ്രസാദ് മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. തമിഴ്, തെലുങ്ക് ഭാഷകളിലും സാന്നിധ്യമറിയിച്ച വിനയ പ്രസാദ് 200നടുത്ത് സിനിമകളില്‍ അഭിനയിച്ചു. ഇന്നും താരത്തെ പലരും ഓര്‍ത്തിരിക്കുന്നത് മണിച്ചിത്രത്താഴിലെ ശ്രീദേവിയായാണ്.

മണിച്ചിത്രത്താഴിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനയ പ്രസാദ്. ഇന്നസെന്റുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് ചിരിയടക്കാന്‍ പാടുപെടാറുണ്ടെന്ന് വിനയ പ്രസാദ് പറഞ്ഞു. കുടയുമായി കുത്താന്‍ വരുന്ന സീനിലൊക്കെ ഇന്നസെന്റിന്റെ മാനറിസം കണ്ട് അത്ഭുതപ്പെട്ടുവെന്നും ലെജന്‍ഡറി ആര്‍ട്ടിസ്റ്റാണ് അദ്ദേഹമെന്നും വിനയ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ ലോണാവായില്‍ പോയപ്പോള്‍ മെഴുകിന്റെ പ്രതിമകള്‍ വില്‍ക്കുന്ന ഒരു ഷോപ്പില്‍ കയറിയെന്നും അവിടെ ഇന്നസെന്റിന്റെ ഓരു ചെറിയ രൂപം കണ്ടെന്നും വിനയ പ്രസാദ് പറഞ്ഞു. ശിവാജി, റാണാ പ്രതാപ് എന്നിവരുടെ പ്രതിമയുടെ കൂടെ ഇന്നസെന്റിന്റെ പ്രതിമയും കൂടെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുവെന്നും വിനയ പ്രസാദ് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനയ പ്രസാദ്.

‘മണിച്ചിത്രത്താഴില്‍ ഒരുപാട് ലെജന്‍ഡറി ആര്‍ട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന് ആലോചിക്കുമ്പോള്‍ തന്നെ സന്തോഷമാണ്. അതില്‍ തന്നെ ഇന്നസെന്റ് സാറുമായിട്ടുള്ള കോമ്പിനേഷന്‍ സീനൊന്നും മറക്കാന്‍ പറ്റാത്തതാണ്. ഓരോ സീനിലും ചിരി കടിച്ചുപിടിച്ചാണ് ഞാന്‍ അഭിനയിച്ചത്. കുട കൊണ്ട് കുത്താന്‍ വരുന്ന സീനില്‍ ഓരോ എക്‌സ്പ്രഷനിടുന്നത് കണ്ടിട്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. അദ്ദേഹം എത്ര വലിയ ലെജന്‍ഡാണെന്ന് അറിഞ്ഞത് ഈയടുത്താണ്.

മഹാരാഷ്ട്രയില്‍ മുംബൈ- പൂനെ റൂട്ടില്‍ ലോണാവാല എന്നൊരു സ്ഥലമുണ്ട്. അവിടെ മെഴുക് പ്രതിമകള്‍ വെച്ചിരിക്കുന്ന ഒരു ഷോപ്പില്‍ കയറി. ആ കടയില്‍ ഇന്നസെന്റ് സാറിന്റെ ചെറിയൊരു പ്രതിമയും ഉണ്ടായിരുന്നു. വളരെ നാച്ചുറലായ, കണ്ടാള്‍ ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന ഒന്നായിരുന്നു അത്. ശിവാജി, റാണാ പ്രതാപ് എന്നിവരുടെ പ്രതിമകളുടെ കൂടെ ഇന്നസെന്റ് സാറിന്റെ പ്രതിമ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,’ വിനയ പ്രസാദ് പറഞ്ഞു.

Content Highlight: Vinaya Prasad about Innocent and Manichithrathazhu movie

We use cookies to give you the best possible experience. Learn more