| Monday, 14th August 2017, 1:56 pm

അമേരിക്കയ്ക്ക് വര്‍ഷം കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കുന്ന ഒരു കുഞ്ഞന്‍ ഉറുമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരേയൊരു ജീവിയെപ്പറ്റി 1800 -ലേറെ ഗവേഷണ-ശാസ്ത്രപ്രബന്ധങ്ങള്‍ എഴുതപ്പെടുക. എങ്കില്‍ അതൊരു വലിയ ജീവിയായിരിക്കും എന്നു നമ്മള്‍ കരുതും. അല്ല, അതൊരു കുഞ്ഞനുറുമ്പാണ്. ഇതിനെപ്പറ്റി പഠിച്ച് പഠിച്ച് മടുത്തു, ഇനിയൊന്നും അറിയാനില്ല, എന്നാലും പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. തുടര്‍ന്നുകൊണ്ടേയിരിക്കണം, അതെന്തിനാണെന്നല്ലേ?

തെക്കേ അമേരിക്കന്‍ തദ്ദേശവാസിയായ ഒരു ഉറുമ്പാണ് ചുവന്ന വരത്തന്‍ തീയുറുമ്പ്. (Red imported fire ant – RIFA). Solenopsis invicta എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. invicta എന്നു പറഞ്ഞാല്‍ തോല്‍പ്പിക്കാന്‍ ആവാത്തത് എന്നും, ആളു ചെറുതാണെങ്കിലും ഇവരെപ്പറ്റി അറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും.

അബദ്ധത്തില്‍ ഇവ ആസ്‌ത്രേലിയ, ന്യൂസിലാന്റ്, ഏഷ്യന്‍ രാജ്യങ്ങള്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ട്. കാടുകള്‍, മരുഭൂമികള്‍, പുല്‍മേടുകള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ അങ്ങനെ എവിടെയും ഇവ ജീവിക്കും. ഒരു തുറസ്സും കാണാനില്ലാത്ത വലിയ മണ്‍കൂനകള്‍ ഉണ്ടാക്കി താമസിക്കുന്ന ഈ കൂടുകളുടെ പ്രവേശനകവാടം ദൂരെ മണ്ണിനടിയില്‍ എവിടെങ്കിലും ആവും.

അതിജീവനത്തിന്റെ ആശാന്മാരായ ഇവ എന്തും തിന്നും, ഒന്നോ അതിലധികമോ രാജ്ഞികള്‍ ഉണ്ടാകുന്ന കൂടുകളില്‍ ഒരുലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ അംഗങ്ങള്‍ ഉണ്ടാവും. മനുഷ്യരെ ഇവ കടിക്കുമ്പോള്‍ മിക്കവര്‍ക്കും പൊള്ളുകയും കടികിട്ടിയ ഇടം തടിച്ചുവരികയും ചെയ്യും.

ഏതാണ്ട് 6 ശതമാനം വരെ ആള്‍ക്കാര്‍ക്ക് ചികില്‍സിച്ചില്ലെങ്കില്‍ മാരകമായ രീതിയില്‍ നീരുവന്നുവീര്‍ക്കുന്നു. മയക്കം, നെഞ്ചുവേദന, ഓക്കാനം, വലിയതോതില്‍ വിയര്‍ക്കല്‍, ശ്വാസതടസ്സം എന്നിവയെല്ലാം ചിലര്‍ക്കുണ്ടാകുന്നു. അമേരിക്കയില്‍ വര്‍ഷത്തില്‍ ഒന്നരക്കോടിയിലേറെപ്പേര്‍ക്ക് ഇതിന്റെ കടി കിട്ടുന്നുണ്ടെന്നാണ് കണക്കുകള്‍.

ഇവയുടെ കടിയേറ്റ് എണ്‍പതോളം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിലും പെരുകുന്ന ഇവ വലിയസാമ്പത്തികപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. വഴികളിലും കെട്ടിടങ്ങളുടെ ഇടയിലും ഉണ്ടാക്കുന്ന കൂടുകള്‍ അവയുടെ അടിത്തറ വരെ നശിപ്പിക്കുന്നു. വൈദ്യുതിയോട് ആകര്‍ഷണമുള്ള ഇവര്‍ ഉപകരണങ്ങള്‍ കേടുവരുത്തുന്നു. വയറിംഗില്‍ കടന്നുചെന്ന് ട്രാഫിക് സിഗ്‌നലുകളെ തകരാറിലാക്കി റ്റെക്‌സാസില്‍ മാത്രം വര്‍ഷംതോറും 14 കോടി ഡോളറിന്റെ നഷ്ടം ഇവ ഉണ്ടാക്കുന്നുവെന്നുപറയുമ്പോള്‍ ഇവയുടെ ആക്രമണത്തിന്റെ തീവ്രത എത്രയാണെന്ന് ഊഹിക്കാവുന്നതാണ്.

അലഞ്ഞുതിരിയുന്ന ഉറുമ്പുകള്‍ വൈദ്യുതിവാഹികള്‍ കടിച്ചുമുറിക്കുമ്പോള്‍ ഉണ്ടാവുന്ന ശക്തമായ രാസസിഗ്‌നലുകള്‍ ബാക്കി ഉറുമ്പുകള്‍ അവിടെ എത്താന്‍ ഇടയാക്കുന്നുണ്ടത്രേ. വിളകള്‍, യന്ത്രങ്ങള്‍, പുല്‍മേടുകള്‍ എല്ലാം ഇവ നശിപ്പിക്കുന്നു. ഇവയുടെ വലിയ കൂടുകള്‍ വിളവെടുപ്പിനെപ്പോലും തടയാറുണ്ട്. വളര്‍ത്തുമൃഗങ്ങളെ പരിക്കേല്‍പ്പിക്കാനോ കൊല്ലാന്‍പോലുമോ ഇവയ്ക്കു കഴിയും. എത്തിച്ചേര്‍ന്ന ഇടങ്ങളിലെല്ലാം പ്രദേശിക സസ്യ-ജന്തു വൈവിധ്യങ്ങളെ ഇവ പാടേ തകരാറിലാക്കിയിട്ടുണ്ട്.

മനുഷ്യനെ സംബന്ധിച്ച് ഏറ്റവും ഭീകരനായ അധിനിവേശജീവിയായ ഇവയുടെ ഈ സവിശേഷതകളെല്ലാം കാരണം വളരെയേറെ പഠനം നടന്നിട്ടുള്ള പ്രാണികളിലേറ്റവും മുന്‍പിലാണ് ഇവയുടെ സ്ഥാനം. എന്നിട്ടും കാര്യക്ഷമമായി ഇവയെ തടയാനുള്ള വഴികള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ഭീകരന്മാരായ അധിനിവേശസ്പീഷിസുകള്‍ ആയി അറിയപ്പെടുന്ന ഇവ മനുഷ്യര്‍ തകരാറിലാക്കിയ ഇടങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. മറ്റു ജൈവവൈവിധ്യങ്ങള്‍ എല്ലാം കളഞ്ഞ് പുല്‍മൈതാനങ്ങളും മറ്റും ഉണ്ടാക്കിയ ഇടങ്ങളിലെ ബാക്കി ഉറുമ്പിനങ്ങളെല്ലാം ഇവയുടെ വരവോടെ ഇല്ലാതാവുന്നു, എന്നാല്‍ പാരിസ്ഥിതികമായി ശല്യപ്പെടുത്താത്ത ഇടങ്ങളില്‍ ഇവയുടെ സ്വാധീനം കുറവാണ്.

അമേരിക്കയില്‍ മാത്രം ഈ തീയുറുമ്പുകള്‍ ഒരു വര്‍ഷം 500 കോടി ഡോളറിന്റെ നഷ്ടമാണത്രേ ഉണ്ടാക്കുന്നത്. 1933 -40 കാലത്ത് വടക്കേ അമേരിക്കയില്‍ എത്തിയ ഇവ തെക്കുഭാഗത്ത് എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചിരിക്കുന്നു. ഓരോ വര്‍ഷവും 193 കിലോമീറ്റര്‍ വീതം വടക്കോട്ടുനീങ്ങിക്കൊണ്ടുമിരിക്കുന്നു.

ജീവിക്കുന്ന ചുറ്റുപാടിനോട് വളരെ നന്നായി ഇണങ്ങുന്ന ഇവയ്ക്ക് വരള്‍ച്ചയോ വെള്ളപ്പൊക്കമോ ഒന്നും പ്രശ്‌നമല്ല. വെള്ളപ്പൊക്കസമയത്ത് കൂടിനുമീതേ വെള്ളമെത്തിയാല്‍ എല്ലാവരുംകൂടി ഒരു പന്തുപോലെയായി അതിനുള്ളില്‍ റാണിയേയും വഹിച്ച് ഒഴുകുന്നു. ഏറ്റവും ഉയര്‍ന്ന ഭാഗത്ത് മുട്ടകളും ലാര്‍വകളും സുരക്ഷിതമായി സൂക്ഷിക്കും.

ചിലസമയത്ത് കോളനിയെ രക്ഷിക്കാന്‍ ചങ്ങാടത്തിലുള്ള ആണുങ്ങളെ മുഴുവന്‍ പുറത്താക്കാറുമുണ്ട്. 12 ദിവസം വരെ ഈ ചങ്ങാടം ഒഴുകിനടക്കും. കൂട്ടത്തെ രക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഈ സമയത്ത് കൂടതല്‍ വിഷം ഇവ ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കുകയും ഇവ കൂടുതല്‍ അപകടകാരികളാവുകയും ചെയ്യും.

നിയന്ത്രിക്കാനാവുമെങ്കിലും ഇവയെ ഇല്ലായ്മ ചെയ്യാനാവില്ലെന്നു തന്നെ പറയാം. റാണിയെ പിടിച്ചുകൊന്നാല്‍ മാത്രമേ ഒരു കോളനി ഇല്ലായ്മ ചെയ്യാനാവുകയുള്ളൂ, അതാവട്ടെ, ഏതാണ്ട് രണ്ടുമീറ്റര്‍ മണ്ണിനടിയിലുമായിരിക്കും. റാണിയെ കിട്ടിയില്ലെങ്കില്‍ വളരെ വേഗം തന്നെ നശിപ്പിക്കപ്പെട്ട കോളനി വീണ്ടും രൂപം കൊള്ളുകയും ചെയ്യും. ചിലയിടങ്ങളില്‍ ഇവയെ വിജയകരമായി ഉന്മൂലനം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഈ തീയുറുമ്പുകള്‍ എത്തിയിട്ടില്ലെങ്കിലും എത്തിച്ചേര്‍ന്നാല്‍ വളരെ വേഗം വ്യാപിക്കുമെന്നാണ് ശാസ്ത്രകാരന്മാര്‍ കരുതുന്നത്.

We use cookies to give you the best possible experience. Learn more