ആ മലയാള നടന്‍ സിനിമയ്‌ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടും; എന്തൊക്കെയാ ഇയാള്‍ ചെയ്യുന്നതെന്ന് ഫ്രണ്ട്സ് ചോദിച്ചു: വിനയ് റായ്
Entertainment
ആ മലയാള നടന്‍ സിനിമയ്‌ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടും; എന്തൊക്കെയാ ഇയാള്‍ ചെയ്യുന്നതെന്ന് ഫ്രണ്ട്സ് ചോദിച്ചു: വിനയ് റായ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd January 2025, 10:08 am

2007ല്‍ പുറത്തിറങ്ങിയ ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് വിനയ് റായ്. തമിഴില്‍ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ ഇമേജില്‍ തിളങ്ങിയ നടന്‍ നിരവധി സിനിമകളില്‍ വില്ലന്‍ വേഷവും ചെയ്തിട്ടുണ്ട്. 2023ല്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിലൂടെ വിനയ് മലയാള സിനിമയിലും അഭിനയിച്ചു.

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഐഡന്റിറ്റിയില്‍ വിനയ് റായ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം അഖില്‍ പോള്‍ – അനസ് ഖാന്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഇത്. ടൊവിനോ തോമസിനെ കുറിച്ചും ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് വിനയ് റായ്.

ടൊവിനോ തോമസ് സിനിമയ്‌ക്ക് വേണ്ടി ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുമെന്നും അത് തന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ടെന്നും വിനയ് റായ് പറയുന്നു. ടൊവിനോയുടെ വീഡിയോകള്‍ താന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാറുണ്ടെന്നും അതെല്ലാം കണ്ട് അവര്‍ അത്ഭുതപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടൂചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു വിനയ് റായ്.

‘ടൊവിനോ തോമസ് സിനിമയ്‌ക്ക് വേണ്ടി ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യും. നിങ്ങള്‍ അതില്‍ എന്നെ വിശ്വസിച്ചേ മതിയാകു. കാരണം സിനിമക്ക് വേണ്ടി അദ്ദേഹം അത്രമാത്രം കഷ്ടപ്പെന്നുണ്ട്. എന്റെ ഫോണില്‍ അദ്ദേഹത്തിന്റെ വീഡിയോ എല്ലാമുണ്ട്.

ഞാന്‍ അതിരാവിലെ ഐഡന്റിറ്റി സിനിമയുടെ സെറ്റിലേക്ക് പോകുകയാണെങ്കില്‍ അവിടെ വളരെ പ്രധാനപ്പെട്ട ഒരു ആക്ഷന്‍ രംഗം നടക്കുന്നുണ്ടാകും. വൈകുന്നേരം ആകുമ്പോഴേക്കും ആ സെറ്റ് ആകെ നാശമായിട്ടും കാണാം. എല്ലാ കസേരകളും മേശകളും ഇടിച്ച് പൊളിച്ച് ഇട്ടിട്ടുണ്ടാകും. എന്നാല്‍ പിറ്റേന്ന് രാവിലെ ഞാന്‍ നോക്കുമ്പോഴേക്കും അതെല്ലാം നോര്‍മലായി പഴയതുപോലെ ഉണ്ടാകും.

ടൊവിനോ ഓരോന്ന് ചെയ്യുന്ന വീഡിയോ ഞാന്‍ എന്റെ ഫ്രണ്ട്‌സിന് അയച്ച് കൊടുക്കും. അവരത് കണ്ട് എന്താടാ ഈ മനുഷ്യന്‍ കാണിക്കുന്നതെന്ന് ചോദിക്കും. ജിമ്മില്‍ പോകാനെല്ലാം ഞാന്‍ മടിച്ച് മടിച്ച് നില്‍കുമ്പോള്‍ എന്നെ കൊണ്ടുപോകുന്നത് അദ്ദേഹമാണ്. സത്യത്തില്‍ ടൊവിനോ എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്യുന്നുണ്ട്,’ വിനയ് റായ് പറയുന്നു.

Content Highlight: Vinay Rai Talks About Tovino Thomas