| Thursday, 19th December 2024, 7:47 am

കഥ കേട്ടയുടനെ ഞാന്‍ ആ മലയാള നടനെ വിളിച്ചു; എന്തുതന്നെ വന്നാലും ഈ പടം ചെയ്യുമെന്ന് പറഞ്ഞു: വിനയ് റായ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം അഖില്‍ പോള്‍ – അനസ് ഖാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ടൊവിനോ തോമസ് നായകനാകുന്ന ഈ സിനിമയില്‍ തെന്നിന്ത്യന്‍ നടി തൃഷയും നടന്‍ വിനയ് റായും അജു വര്‍ഗീസുമാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

തന്നോട് കഥ പറയാനായി അഖില്‍ പോള്‍ ചെന്നൈയിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് വിനയ് റായ്. തന്റെ 18 വര്‍ഷത്തെ കരിയറില്‍ താന്‍ ഇത്ര നല്ല ഡീറ്റൈലിങ്ങുള്ള സ്റ്റോറി കേട്ടിട്ടില്ലെന്നാണ് നടന്‍ പറഞ്ഞത്.

ഐഡന്റിറ്റിയുടെ കഥ കേട്ടയുടനെ ടൊവിനോ തോമസിനെ വിളിച്ച് എന്തുതന്നെ വന്നാലും താന്‍ ഈ സിനിമ ചെയ്യുമെന്ന് പറഞ്ഞുവെന്നും വിനയ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഖില്‍ ഈ സിനിമയുടെ കഥ പറയാനായി ചെന്നൈയിലേക്ക് വരികയായിരുന്നു. ഞാന്‍ ആ സമയം മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതുകൊണ്ട് എനിക്ക് ഈ സിനിമയുടെ കഥ കേള്‍ക്കാനായി അധികം സമയം ഉണ്ടായിരുന്നില്ല. സെറ്റില്‍ വരികയാണെങ്കില്‍ ഞാന്‍ ഒരു മണിക്കൂര്‍ സമയം തരാമെന്ന് പറഞ്ഞു.

അത് കേട്ടതും അഖില്‍ പറഞ്ഞത് ആ ഒരു മണിക്കൂര്‍ എന്റെ കഥ പറഞ്ഞ് തരാന്‍ പറ്റില്ലെന്നായിരുന്നു. അതിന് ഒരുപാട് ലെയറുകള്‍ ഉണ്ടെന്നായിരുന്നു. അങ്ങനെ രണ്ട് ദിവസങ്ങളിലായി വന്ന് കഥ പറയാന്‍ ഞാന്‍ പറഞ്ഞു. ആദ്യത്തെ ദിവസം അഖില്‍ വന്നിട്ട് കഥയുടെ ഫസ്റ്റ് ഹാഫ് പറഞ്ഞു.

തൊട്ടടുത്ത ദിവസമാണ് സെക്കന്റ് ഹാഫ് പറയാനായി വരുന്നത്. ഞാന്‍ സിനിമയുടെ ഷൂട്ടിങ്ങൊക്കെ മാറ്റിവെച്ച് പെട്ടെന്ന് അഖിലിന്റെ അടുത്തേക്ക് ഓടിവന്നു. ‘അടുത്തത് എന്താണെന്ന് പറയ് അഖില്‍’ എന്ന് പറഞ്ഞു. അഖിലും അനസും അത്ര നന്നായിട്ടായിരുന്നു ആ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.

എന്റെ 18 വര്‍ഷത്തെ കരിയറില്‍ ഞാന്‍ ഇത്ര നല്ല ഡീറ്റൈലിങ്ങുള്ള സ്റ്റോറി കേട്ടിട്ടില്ല. ആ കഥ കേട്ടയുടനെ തന്നെ ടൊവിനോയെ വിളിച്ചിരുന്നു. എന്തുതന്നെ വന്നാലും ഞാന്‍ ഈ സിനിമ ചെയ്യുമെന്നായിരുന്നു ടൊവിയോട് പറഞ്ഞത്,’ വിനയ് റായ് പറഞ്ഞു.

Content Highlight: Vinay Rai Talks About Identity Movie And Tovino Thomas

We use cookies to give you the best possible experience. Learn more