തമിഴില്‍ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ ഇമേജില്‍ തിളങ്ങിയ നടനാണ് വിനയ് റായ്. 2007ല്‍ പുറത്തിറങ്ങിയ ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തിലൂടെയാണ് വിനയ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാലന്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് വിനയ് തെളിയിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വിനയ് വില്ലനായി പ്രത്യക്ഷപ്പെട്ടു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറിലൂടെ മലയാളത്തിലും വിനയ് അരങ്ങേറി.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ കലാഭവന്‍ മണിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് വിനയ് റായ്. മോദി വിളയാട് എന്ന ചിത്രത്തിലാണ് താന്‍ കലാഭവന്‍ മണിയോടൊപ്പം അഭിനയിച്ചതെന്ന് വിനയ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ട് മലേഷ്യയിലായിരുന്നെന്നും മണിയോടൊപ്പമുള്ള ഷൂട്ട് രസകരമായ അനുഭവമായിരുന്നെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ തന്റെ അച്ഛനായിട്ടാണ് മണി വേഷമിട്ടതെന്നും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും വിനയ് പറഞ്ഞു. രണ്ട് മാസത്തോളം മലേഷ്യയില്‍ ഷൂട്ട് ഉണ്ടായിരുന്നെന്നും ഓരോ ദിവസം കഴിയുന്തോറും മണിയുമായി കൂടുതല്‍ കമ്പനിയായെന്നും വിനയ് കൂട്ടിച്ചേര്‍ത്തു. തനിക്ക് ഷൂട്ട് ഇല്ലെങ്കിലും മണിയുടെ ഷൂട്ട് കാണാന്‍ എല്ലാ ദിവസവും പോകാറുണ്ടായിരുന്നെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.
എല്ലാദിവസവും ഷൂട്ട് കഴിഞ്ഞ് പ്രൊഡക്ഷന്റെ വണ്ടിയില്‍ എല്ലാവരും കൂടിയാണ് പോകാറുണ്ടായിരുന്നതെന്നും മണിയുടെ പാട്ടും ഡാന്‍സും ചേര്‍ന്ന് ആ സമയം ജോളിയായിരുന്നെന്നും വിനയ് പറഞ്ഞു. മമ്മൂട്ടിയുമായി വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവുമധികം എന്‍ജോയ് ചെയ്തത് കലാഭവന്‍ മണിയോടൊപ്പമായിരുന്നെന്നും വിനയ് കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു വിനയ് റായ്.
‘ഒരു മലയാള നടന്റെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്തത് കലാഭവന്‍ മണിയുടെ കൂടെയാണ്. മോദി വിളയാട് എന്ന സിനിമയിലായിരുന്നു അത്. ആ പടത്തില്‍ എന്റെ അച്ഛന്റെ ക്യാരക്ടറായിരുന്നു മണി സാര്‍ ചെയ്തത്. എന്തൊരു പെര്‍ഫോമറാണ് അദ്ദേഹം. പുള്ളിയുടെ പെര്‍ഫോമന്‍സ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. മലേഷ്യയായിരുന്നു ആ സിനിമയുടെ മെയിന്‍ ലൊക്കേഷന്‍.
രണ്ട് മാസത്തോളം മലേഷ്യയില്‍ എന്‍ജോയ് ചെയ്തുകൊണ്ടുള്ള ഷൂട്ടായിരുന്നു ആ പടത്തില്‍. എല്ലാ ദിവസവും ഷൂട്ട് കഴിഞ്ഞ് ഒരുമണിക്കൂറോളം പ്രൊഡക്ഷന്റെ വണ്ടിയില്‍ ട്രാവല്‍ ചെയ്താലേ ഹോട്ടലിലെത്തുള്ളൂ. ആ സമയത്ത് മണി സാര്‍ ഡാന്‍സും പാട്ടും ഒക്കെയായി ജോളിയായി പോകുമായിരുന്നു. മമ്മൂട്ടി സാറുമായി വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത് മണി സാറാണ്,’ വിനയ് റായ് പറയുന്നു.
Content Highlight: Vinay Rai shares the shooting experience with Kalabhavan Mani