ആ മലയാള നടന്റെ അഭിനയം ഞാന്‍ നോക്കി നിന്നിട്ടുണ്ട്; എന്റെ കരിയറിനെ സ്വാധീനിച്ച ഒരേയൊരാള്‍: വിനയ് റായ്
Entertainment
ആ മലയാള നടന്റെ അഭിനയം ഞാന്‍ നോക്കി നിന്നിട്ടുണ്ട്; എന്റെ കരിയറിനെ സ്വാധീനിച്ച ഒരേയൊരാള്‍: വിനയ് റായ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st December 2024, 8:00 am

2007ല്‍ പുറത്തിറങ്ങിയ ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് വിനയ് റായ്. തമിഴില്‍ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ ഇമേജില്‍ തിളങ്ങിയ നടന്‍ നിരവധി സിനിമകളില്‍ വില്ലന്‍ വേഷവും ചെയ്തിട്ടുണ്ട്.

2023ല്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിലൂടെ വിനയ് മലയാള സിനിമയിലും അഭിനയിച്ചു. മലയാളികളുടെ പ്രിയനടനായ കലാഭവന്‍ മണിയോടൊപ്പം വിനയ് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ മോദി വിളയാട് എന്ന ചിത്രത്തിലാണ് വിനയ് റായ് കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ചത്.

തന്റെ കരിയറിനെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അത് കലാഭവന്‍ മണിയാണെന്ന് പറയുകയാണ് വിനയ്. മോദി വിളയാട് സിനിമയുടെ സമയത്ത് തനിക്ക് ഷൂട്ടിങ് ഇല്ലാത്തപ്പോഴൊക്കെ താന്‍ ഒന്നും ചെയ്യാതെ കലാഭവന്‍ മണിയുടെ പെര്‍ഫോമന്‍സ് നോക്കി നില്‍ക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ് റായ്.

‘ഞാന്‍ എന്റെ ചുറ്റുമുള്ള ആളുകളില്‍ നിന്നാണ് ഓരോന്നും പഠിക്കുന്നത്. എന്നെ വിശ്വസിക്കൂ, അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ള അഭിനേതാക്കളില്‍ നിന്നും സംവിധായകരില്‍ നിന്നും കണ്ട് പഠിക്കുകയെന്നത് ശരിക്കും സ്വര്‍ണത്തോളം വിലയുള്ള കാര്യമാണ്.

ഞാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ വിശ്വസിക്കണമെന്നില്ല. എങ്കിലും പറയാം, എന്റെ കരിയറിനെ അല്ലെങ്കില്‍ അഭിനയ ജീവിതത്തെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അത് കലാഭവന്‍ മണി സാറാണ്. ആദ്യം അദ്ദേഹത്തെ എനിക്ക് അറിയില്ലായിരുന്നു. പിന്നെ ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തു.

ആ സിനിമയില്‍ അദ്ദേഹം എന്റെ അച്ഛനായാണ് അഭിനയിച്ചത്. ആ സമയത്ത് എനിക്ക് ഷൂട്ടിങ് ഇല്ലാത്തപ്പോളൊക്കെ ഞാന്‍ ഒന്നും ചെയ്യാതെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് നോക്കി നില്‍ക്കാറാണ് പതിവ്.

പുതുതായി എന്തെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിക്കുമെന്ന ഉറപ്പുള്ളത് കൊണ്ടായിരുന്നു അത്. അദ്ദേഹത്തില്‍ നിന്ന് കണ്ട് പഠിച്ച കാര്യങ്ങള്‍ എന്റെ കരിയറില്‍ വലിയ രീതിയില്‍ എഫക്ട് ചെയ്തിട്ടുണ്ട്,’ വിനയ് റായ് പറഞ്ഞു.

Content Highlight: Vinay Rai Says Kalabhavan Mani Is The Person Who Influenced His Career