ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ കുറിച്ച് കാര്യമായ ധാരണയില്ലെന്ന ഗാംഗുലിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വിഷയമെന്താണെന്ന് മനസിലാക്കണമെങ്കില്‍ ഒരു കായിക താരമെന്ന നിലയില്‍ സൗരവ് ഗാംഗുലിക്ക് ജന്തര്‍ മന്തറിലേക്ക് വരാമെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.
‘നീതി നേടിയെടുക്കുന്നതില്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍, ഒരു കായിക താരമെന്ന നിലയില്‍ അദ്ദേഹത്തിന് ജന്തര്‍ മന്തറിലേക്ക് വരുകയും ഞങ്ങളില്‍ നിന്ന് എല്ലാം മനസിലാക്കുകയും ചെയ്യാം’, മാധ്യമങ്ങളോട് സംസാരിക്കവെ വിനേഷ് ഫോഗട്ട് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിഷയത്തെ കുറിച്ച് തനിക്ക് കാര്യമായ ധാരണയില്ലെന്നും അതുകൊണ്ടുതന്നെ പ്രതികരിക്കാനില്ലെന്നുമായിരുന്നു ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞത്.
‘കായിക ലോകത്ത്, നിങ്ങള്‍ക്ക് പൂര്‍ണമായും അറിയാത്ത ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാതിരിക്കുകയാണ് നല്ലതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പ്രശ്‌നം പരിഹരിക്കപ്പെടട്ടെ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഗുസ്തി താരങ്ങള്‍ ഇന്ത്യക്കായി ഒരുപാട് മെഡലുകള്‍ നേടുകയും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. വിഷയം പരിഹരിക്കപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ,’ എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഈ പ്രതികരണത്തിന് പിന്നാലെ സോഷ്യല്‍ മീഡയിയില്‍ ഗാംഗുലിക്കെതിരെ വലിയ രീതിയിലുളള പ്രതിഷേധമുയര്‍ന്നിരുന്നു. ഗാംഗുലി വെറും ഭീരുവാണെന്നും വിഷയത്തില്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.
അതേസമയം സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയും കര്‍ഷകരും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. പഞ്ചാബ്, ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കളും ഖാപ് പഞ്ചായത്ത് നേതാക്കളും പ്രതിഷേധിക്കാനായി ജന്തര്‍ മന്തറില്‍ എത്തും.
കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ജന്തര്‍ മന്തറിലെയും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. വൈകിട്ട് 7 മണിക്ക് ജന്തര്‍ മന്തറില്‍ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
തുടര്‍ നടപടികളെ കുറിച്ച് ലീഗല്‍ ടീമുമായി ചര്‍ച്ച ചെയ്യുകയാണെന്നും, എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിക്കുമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
Contenthighlight: Vinay Phogat reply to Saurav Ganguli