രാമന്‍ മോശം ഭര്‍ത്താവാണെന്ന് ജെത്മലാനി; പിന്തുണയുമായി ബി.ജെ.പി നേതാവ്‌
India
രാമന്‍ മോശം ഭര്‍ത്താവാണെന്ന് ജെത്മലാനി; പിന്തുണയുമായി ബി.ജെ.പി നേതാവ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2012, 12:30 pm

ന്യൂദല്‍ഹി: ശ്രീരാമന്‍ മോശം ഭര്‍ത്താവാണെന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് രാം ജെത്മലാനിക്ക് പിന്തുണയുമായി ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ രംഗത്ത്.

രാമായണത്തില്‍ രാമന്‍ ഒരു മോശം ഭര്‍ത്താവാണെന്നും വ്യക്തമായ കാരണമില്ലാതെ ഗര്‍ഭിണിയായ സീതയെ കാട്ടില്‍ ഉപേക്ഷിച്ച ഭര്‍ത്താവാണെന്നുമായിരുന്നു ജെത്മലാനി പറഞ്ഞത്.[]

” രാമന്‍ മോശം ഭര്‍ത്താവാണ്. എനിക്ക് രാമനെ ഇഷ്ടമല്ല. കുറേ മുക്കുവന്മാര്‍ ചെവിയില്‍ എന്തൊക്കെയോ ഓതിയപ്പോഴേക്കും സീതയെ കാട്ടില്‍ ഉപേക്ഷിക്കുകയാണ് രാമന്‍ ചെയ്തത്.

രാമന്റെ കാര്യം അങ്ങനെ, എന്നാല്‍ ലക്ഷ്മണനോ.. അതിനേക്കാള്‍ മോശം. സീതയെ നോക്കാന്‍ ലക്ഷ്മണനെ ചുമതലപ്പെടുത്തി രാമന്‍ പോയപ്പോഴാണ് രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയത്. കണ്ടെത്തികൊണ്ടുവരാന്‍ ശ്രീരാമന്‍ നിര്‍ദേശിച്ചെങ്കിലും അത് നിരസിക്കുകയാണ് ലക്ഷ്മണന്‍ ചെയ്തത്. സഹോദര ഭാര്യയുടെ മുഖത്ത് നോക്കിയിട്ടില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു അതിന് മറുപടി നല്‍കിയത്.” എന്നാണ് ജെത്മലാനി ഇന്നലെ പറഞ്ഞത്.

ജെത്മലാനിയുടെ പരാമര്‍ശത്തെ തമാശയായാണ് കാണുന്നതെന്നാണ് വിനയ് കത്യാര്‍ പറയുന്നത്. രാമന്റെ തീരുമാനം ശരിയല്ലെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ഗര്‍ഭിണിയായ സീതയെ ഉപേക്ഷിച്ചതാണ് അതിന് കാരണം.  രാം ജെത്മലാനിയുടെ പേര് സീതാരാം എന്നാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയൊരവസ്ഥയില്‍ സീതയെ ഉപേക്ഷിക്കാന്‍ പാടില്ലായിരുന്നു എന്നാണ് തന്റേയും അഭിപ്രായമെന്നും കത്യാര്‍ പറഞ്ഞു.

ഒരു പുസ്തക പ്രകാശനത്തിനിടെ സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കവേയായിരുന്നു ജത്മലാനിയുടെ പരാമര്‍ശം. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് ബി.ജെ.പിയെ വെട്ടിലാക്കിക്കൊണ്ട് ജെത്മലാനിയുടെ പരാമര്‍ശം വന്നത്.

അതേസമയം, തന്റെ പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും ഇതില്‍ ക്ഷമാപണത്തിന്റെ ആവശ്യമില്ലെന്നുമാണ് ജെത്മലാനിയുടെ നിലപാട്.