Entertainment
ഫ്ലെക്സിബിളായ നിവിൻ പോളിയെ വേണം, ഇത്തിരികൂടെ ചുള്ളനായി ബാക്കിയെല്ലാം ഓക്കെയായാൽ ആ സിനിമ വരും: വിനയ് ഗോവിന്ദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 25, 03:20 am
Tuesday, 25th February 2025, 8:50 am

ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ. കഴിഞ്ഞ വർഷമിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിമിഷ നേരം കൊണ്ടാണ് നിവിന് പ്രേക്ഷകരെ കയ്യിലെടുത്തത്.

ശരീരം ഭാരം കുറച്ച് പുതിയ മേക്കോവറിൽ എത്തിയ നിവിൻ പോളിയുടെ ചിത്രങ്ങൾ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പിന്നാലെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടിവേർസ് സൂപ്പർ ഹീറോ ആയി നിവിൻ പോളിയെത്തുന്ന ‘മൾട്ടിവേർസ് മന്മഥൻ’ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ നേരത്തെ അനൗൺസ് ചെയ്ത പല സിനിമകളും ഓൺ ആവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അത്തരത്തിൽ 2021ൽ അനൗൺസ് ചെയ്ത സിനിമയായിരുന്നു താരം. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന സിനിമ പല കാരണങ്ങൾ കൊണ്ട് പിന്നീട് സംഭവിച്ചില്ല. വിനയ് ഗോവിന്ദിന്റെ പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബി തിയേറ്ററിൽ എത്തിയ സാഹചര്യത്തിൽ അദ്ദേഹം താരത്തെ കുറിച്ച് സംസാരിക്കുകയാണ്.

ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് വന്നാൽ മാത്രമേ ആ സിനിമ എടുക്കാൻ കഴിയുകയുള്ളൂവെന്നും മുമ്പ് അതിന് ശ്രമിച്ചപ്പോൾ നിവിൻ പോളിയുടെ ചില കമ്മിറ്റ്മെന്റ് കാരണമാണ് സംഭവിക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു. പാട്ടും ഡാൻസുമൊക്കെ ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിളായ നിവിൻ പോളിയെയാണ് ആവശ്യമെന്നും എല്ലാം ഒക്കെയായി വന്നാൽ ആ സിനിമ തീർച്ചയായും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘താരം എന്ന സിനിമയെ കുറിച്ച് ഞാൻ കുറെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതിനൊരുപാട് സാധങ്ങൾ ഒന്നിച്ച് വരണം. ടെക്നിഷ്യൻസ്, ആർട്ടിസ്റ്റുകൾ, ലൊക്കേഷനുകൾ, കാലാവസ്ഥ ഇതൊക്കെ ഒന്നിച്ച് വന്നാൽ തീർച്ചയായും ആ സിനിമ സംഭവിക്കും. മുമ്പ് ഞങ്ങൾ അതിന് ശ്രമിച്ചപ്പോൾ നിവിന്റെ ചില കമ്മിറ്റ്മെന്റുകൾ കാരണമാണ് ആ സിനിമ സംഭവിക്കാതിരുന്നത്.

നമുക്ക് വേണ്ട ഒരു ഫിസിക്കൽ അപ്പിയറൻസിലേക്ക് എത്താൻ അന്നദ്ദേഹത്തിന് കഴിഞ്ഞില്ല. ഞാനും നിവിനും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. അതൊരു വലിയ എന്റർടൈനർ പടമാണ്. പാട്ട്, ഡാൻസ് തുടങ്ങി ഫ്ലെക്സിബിളായ നിവിൻ പോളിയെ കൊണ്ട് എടുക്കേണ്ട സിനിമയാണ്. നിവിൻ ചുള്ളനായി വരുന്നുണ്ട്, പക്ഷെ ഇത്തിരികൂടെ ചുള്ളനായി ബാക്കിയെല്ലാ കാര്യങ്ങളും ഓക്കെയായി വന്നാൽ ആ സിനിമ തീർച്ചയായും സംഭവിക്കും,’വിനയ് ഗോവിന്ദ് പറയുന്നു.

 

Content Highlight: Vinay Govindh About Nivin Pauly’s Tharam Movie