ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലുമെല്ലാം.
ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലുമെല്ലാം.
ഇവരെല്ലാം മഹാ നടൻമാരാവുന്നത് അവരുടെ വ്യക്തിത്വം കാരണം കൂടിയാണെന്ന് വിനയ് ഫോർട്ട് പറയുന്നു. തന്റെ സിനിമയായ ആട്ടത്തെ കുറിച്ച് മമ്മൂട്ടിയോട് സംസാരിക്കാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വിനയ് ഫോർട്ട്.
നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. വിനയ് ഫോർട്ട്, സറിൻ ശിഹാബ്, കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ആട്ടം.
മമ്മൂട്ടിയെ കാണാനായി അദ്ദേഹം അഭിനയിക്കുന്ന ടർബോയുടെ ലൊക്കേഷനിൽ ചെന്നെന്നും അവിടെ ഫൈറ്റ് സീനുകളുടെ ഷൂട്ട് നടക്കുകയായിരുന്നുവെന്നും വിനയ് ഫോർട്ട് പറയുന്നു. തങ്ങളുടെ സിനിമ കാണാൻ കഴിയില്ലെന്ന് കരുതിയിരുന്നപ്പോൾ പിറ്റേ ദിവസം തന്നെ മമ്മൂട്ടി വിളിച്ച് സിനിമയെ കുറിച്ച് സംസാരിച്ചെന്നും അങ്ങനെയാണ് ലെജൻഡ്സ് ഉണ്ടാവുന്നതെന്നും വിനയ് ഫോർട്ട് പറയുന്നു. ഫിലിം ബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു വിനയ്.
‘ എന്തായാലും അയക്കു സമയം കിട്ടുന്ന പോലെ കാണമെന്ന് മമ്മൂക്ക പറഞ്ഞു. ചിലപ്പോൾ ഒരു ആഴ്ച്ചയെടുക്കും, ചിലപ്പോൾ പകുതി കാണും, കാരണം അറിയാമല്ലോ ഇവിടെ നല്ല തിരക്കാണ്. അതും പറഞ്ഞ് പുള്ളി പോയി. അദ്ദേഹം നല്ല സ്നേഹത്തോടെയാണ് ഞങ്ങളോട് പെരുമാറിയത്.
ഞാൻ ആനന്ദിനോട് പറഞ്ഞു, നമ്മൾ തെറ്റായ സമയത്താണ് വന്നതെന്ന്. കാരണം ഫൈറ്റ് ഷൂട്ട് ചെയ്യുന്ന ദിവസം നമ്മളെ കാണാൻ വേറൊരാൾ വന്നാൽ നമുക്ക് വെറുപ്പാണ്. കാരണം രാവിലെ തുടങ്ങി ഇടിയാണ്. ഫിസിക്കലി നമ്മൾ നന്നായി ക്ഷീണിച്ചിട്ടുണ്ടാവും. ഞാൻ ആനന്ദിനോട് പറഞ്ഞു, നമ്മൾ വന്ന സമയം തെറ്റിപ്പോയെന്ന്. മമ്മൂക്ക എപ്പോഴെങ്കിലും കാണുമായിരിക്കും എന്ന പ്രതീക്ഷയോടെ ഞങ്ങൾ പോയി.
പിറ്റേ ദിവസം ദുബായിൽ സിനിമയുടെ പ്രൊമോഷൻ നടക്കുമ്പോൾ മമ്മൂക്ക ഞങ്ങളെ വിളിച്ചു. മമ്മൂക്ക അന്നത്തെ ഫൈറ്റ് കഴിഞ്ഞ് പോയിട്ട് അന്ന് തന്നെ പടം മുഴുവൻ കണ്ടു. എന്നിട്ട് പിറ്റേ ദിവസം തന്നെ ഞങ്ങളെ ഫോൺ ചെയ്തു. ലെജൻഡ്സ് ഉണ്ടാവുന്നത് അങ്ങനെയാണ്. അവരും നമ്മളും തമ്മിലുള്ള വ്യത്യാസം അതാണ്.
നമ്മൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ വേറെയൊരു സിനിമ കാണുകയെയില്ല. നമ്മൾ ഇതിന് പിന്നാലെയുള്ള ഓട്ടമല്ലേ. മമ്മൂക്ക വിളിച്ചത് വലിയ സന്തോഷം തന്ന കാര്യമായിരുന്നു,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Fortt Talk About Why Mammootty Is A Legend