മമ്മൂട്ടിയെ പോലൊരു നടൻ തുടരെ തുടരെ പരീക്ഷണ സിനിമകൾ ചെയ്യുന്നത് വലിയ പ്രചോദനമാണെന്ന് വിനയ് ഫോർട്ട്.
ഈയിടെ മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റം മമ്മൂട്ടിയുടെ സിനിമ തെരഞ്ഞെടുപ്പുകളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുമാണെന്നും വിനയ് സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തിയേറ്ററിൽ ഇറങ്ങിയ ഭ്രമയുഗം മികച്ച അഭിപ്രായം നേടി മുന്നേറുന്ന സാഹചര്യത്തിൽ മമ്മൂട്ടിയുടെ ഇത്തരം കഥാപാത്രങ്ങൾ ഏതെങ്കിലും വിധത്തിൽ പ്രചോദനമാവുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘അവർ അങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത് വലിയ പ്രചോദനമല്ലേ. ഈയടുത്ത് മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റങ്ങൾ എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയുക മമ്മൂക്കയുടെ പരീക്ഷണങ്ങളാണ് എന്നായിരിക്കും.
മമ്മൂക്ക ചെയ്യാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം പുതിയ കഥകളും കഥാപാത്രങ്ങളും തേടി പോവുകയാണ്. എന്റെ പ്രായത്തിലുള്ള അഭിനേതാക്കാൾ, അയ്യോ ഈ കഥാപാത്രം ഞാൻ ചെയ്താൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്ന സമയത്താണ് അദ്ദേഹം അതിനെയെല്ലാം പുറംക്കാലുകൊണ്ട് അടിച്ച് കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ മലയാള സിനിമയിൽ അടുത്ത് നടന്ന ഏറ്റവും നല്ല കാര്യം മമ്മൂക്ക തെരഞ്ഞെടുക്കുന്ന സിനിമകളും അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളുമാണ്. അത് എന്നെ പോലെയുള്ള സാധാരണക്കാർക്ക് വലിയ രീതിയിൽ പ്രചോദനമാവുന്നുണ്ട്.
ഫാമിലിയുടെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ എന്നോട് ഐ.എഫ്.എഫ്.കെ സ്‌ക്രീനിങ്ങിന് ശേഷം എന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്, ഇങ്ങനെയൊരു ഡാർക്ക് കഥാപാത്രം ചെയ്യാൻ എന്തായിരുന്നു മോട്ടിവേഷനെന്ന്. ഞാൻ പറഞ്ഞു, സാർ ഞാൻ വർക്ക് ചെയ്യുന്നത് മലയാള സിനിമയിലാണ്. ഞങ്ങളുടെയൊക്കെ തലതൊട്ടപ്പൻ ഇതിന്റെയെല്ലാം നൂറ് മടങ്ങ് ഡാർക്ക് ആയിട്ടുള്ള വേഷങ്ങൾ ചെയ്ത് വെച്ചിട്ടുണ്ട്.
ഒരു മെഗാസ്റ്റാർ ഒന്നിനെയും പേടിക്കാതെ എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്ത് കൊണ്ടിരിക്കുമ്പോൾ എന്നെ പോലെയൊരാൾക്ക് ഇവിടെ എന്തുംചെയ്യാം.
ഇത് കേരളമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ളത് ഇവിടെയാണ്. നമ്മൾ ഇവിടെ ഇത് ചെയ്തില്ലെങ്കിൽ വേറേ ആര് ചെയ്യും. അതിനുള്ള വലിയ പ്രചോദനമാണ് അദ്ദേഹം,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Fortt Talk About Mammooty’S Characters Nowdays