മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാർ മറ്റൊന്നും ചിന്തിക്കാതെ പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ തന്നെ പോലൊരു നടന് ഇവിടെ എന്തുവേണമെങ്കിലും ചെയ്യാമെന്ന് വിനയ് ഫോർട്ട്.
തന്റെ സിനിമയായ ഫാമിലിയുടെ സ്ക്രീനിങ്ങിന് ശേഷം ഇങ്ങനെയൊരു ഡാർക്ക് കഥാപാത്രം ചെയ്യാൻ എങ്ങനെ ധൈര്യം കിട്ടിയെന്ന ചോദ്യത്തിന് ഐ.എഫ്. എഫ്. കെ വേദിയിൽ, താൻ മമ്മൂട്ടിയുടെ പേരാണ് പറഞ്ഞതെന്നും മമ്മൂട്ടി ഇതിന്റെയെല്ലാം നൂറ് മടങ്ങ് ഡാർക്ക് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഫാമിലിയുടെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ ഐ.എഫ്.എഫ്.കെ സ്‌ക്രീനിങ്ങിന് ശേഷം എന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്, ഇങ്ങനെയൊരു ഡാർക്ക് കഥാപാത്രം ചെയ്യാൻ എന്തായിരുന്നു മോട്ടിവേഷനെന്ന്. ഞാൻ പറഞ്ഞു, സാർ ഞാൻ വർക്ക് ചെയ്യുന്നത് മലയാള സിനിമയിലാണ്. ഞങ്ങളുടെയൊക്കെ തലതൊട്ടപ്പൻ ഇതിന്റെയെല്ലാം നൂറ് മടങ്ങ് ഡാർക്ക് ആയിട്ടുള്ള വേഷങ്ങൾ ചെയ്ത് വെച്ചിട്ടുണ്ട്.
ഒരു മെഗാസ്റ്റാർ ഒന്നിനെയും പേടിക്കാതെ എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്ത് കൊണ്ടിരിക്കുമ്പോൾ എന്നെ പോലെയൊരാൾക്ക് ഇവിടെ എന്തുംചെയ്യാം. ഇത് കേരളമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ളത് ഇവിടെയാണ്. നമ്മൾ ഇവിടെ ഇത് ചെയ്തില്ലെങ്കിൽ വേറേ ആര് ചെയ്യും. അതിനുള്ള വലിയ പ്രചോദനമാണ് അദ്ദേഹം,’വിനയ് ഫോർട്ട് പറയുന്നു.
ഈയിടെ മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റം മമ്മൂട്ടിയുടെ സിനിമ തെരഞ്ഞെടുപ്പുകളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുമാണെന്നും വിനയ് കൂട്ടിച്ചേർത്തു.
‘അവർ അങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത് വലിയ പ്രചോദനമല്ലേ. ഈയടുത്ത് മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റങ്ങൾ എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയുക മമ്മൂക്കയുടെ പരീക്ഷണങ്ങളാണ് എന്നായിരിക്കും.
മമ്മൂക്ക ചെയ്യാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം പുതിയ കഥകളും കഥാപാത്രങ്ങളും തേടി പോവുകയാണ്.
എന്റെ പ്രായത്തിലുള്ള അഭിനേതാക്കാൾ, അയ്യോ ഈ കഥാപാത്രം ഞാൻ ചെയ്താൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്ന സമയത്താണ് അദ്ദേഹം അതിനെയെല്ലാം പുറംക്കാലുകൊണ്ട് അടിച്ച് കൊണ്ടിരിക്കുന്നത്,’ വിനയ് ഫോർട്ട് പറഞ്ഞു.
Content Highlight: Vinay Fortt Talk About Dark Charcters Of Mammootty