ജീവിതത്തിന്റെ പ്രതിസന്ധി കാരണം പല നടന്മാരും മോശം സിനിമകളിൽ അഭിനയിക്കാറുള്ളതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. താൻ അങ്ങനെയുള്ള 99% സിനിമകളും ചെയ്യാറില്ലെന്നും അതിലെ ഒരു ശതമാനം ഒഴിവാക്കുമെന്നും വിനയ് പറയുന്നുണ്ട്. ജീവിതത്തിൽ പ്രതിസന്ധി വരുമ്പോൾ അങ്ങനെയുള്ള സിനിമകൾ ചെയ്യേണ്ടി വരുമെന്നും താൻ സംരക്ഷിക്കേണ്ട ഒരുപാട് ആളുകളുണ്ടെന്നും വിനയ് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘99% ചെയ്യാറില്ല. പക്ഷേ ഒരു ശതമാനം ഞാൻ വിടുന്നുണ്ട്. ഭയങ്കര പ്രതിസന്ധി വരുമ്പോൾ അത്യന്ത്യം ജീവിതം എന്ന് പറയുന്ന ഒരു പരിപാടി ഉണ്ടല്ലോ. നമ്മൾ ഒരു വ്യക്തിയാണ്. നമ്മൾ സംരക്ഷിക്കേണ്ട ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ശതമാനം ഞാൻ അങ്ങനെ ഒഴിവാക്കും. 99% അങ്ങനെയുള്ള സിനിമകൾ ചെയ്യാതിരിക്കാൻ ശ്രമിക്കും. ആ ഒരു ശതമാനം ഞാൻ ചെയ്തിട്ടുണ്ട്.
അങ്ങനെയുള്ള സിനിമകൾക്ക് പ്രൊമോഷന് പോകാറുണ്ടോ എന്ന ചോദ്യത്തിന് തങ്ങൾ പൈസ വാങ്ങിച്ചു കഴിഞ്ഞാൽ പ്രൊമോഷന് പോയി ഇരിക്കാൻ താൻ ബാധ്യസ്ഥനാണെന്നായിരുന്നു വിനയ് ഫോർട്ടിന്റെ മറുപടി. ‘പൈസ വാങ്ങി സിനിമയിൽ അഭിനയിച്ചു. പ്രൊഡ്യൂസർ പൈസ തന്നു കഴിഞ്ഞാൽ അവർ ചോദിക്കുന്നതുപോലെ, റീസണബിൾ ദിവസങ്ങളിൽ നമ്മൾ പോയിരിക്കാൻ ബാധ്യസ്ഥരാണ്,’ വിനയ് ഫോർട്ട് പറയുന്നു.
ഒരു പടം വർക്കായില്ലെങ്കിൽ സംവിധായകനോടോ പ്രൊഡ്യൂസറോടൊക്കെ അത് പറയാറുണ്ടെന്നും വിനയ് ഫോർട്ട് അഭിമുഖത്തിൽ പറഞ്ഞു. ‘ഞാനെപ്പോഴും പറയാറുണ്ട്. അത് നമ്മുടെ അവകാശമാണല്ലോ. വേറൊരാളെ സ്പേസിലേക്ക് ഞാൻ ഇന്നുവരെ കയറിയിട്ടില്ല. ഇന്നയൊരു ഷോട്ട് വെക്കണമെന്ന് ഒരു ഫിലിം മേക്കറിനോടും ഞാൻ ഇന്ന് വരെ പറഞ്ഞിട്ടില്ല.
പോകുന്ന വഴി വർക്കായിട്ടില്ലെങ്കിൽ പറയാറുണ്ട്. അങ്ങനെയാണല്ലോ നല്ല സിനിമകൾ ഉണ്ടാകുന്നത്. നമ്മൾ ഒരുമിച്ച് ഇരുന്നിട്ട് ഈ വഴി തെറ്റാണ്. നമുക്ക് ഇതെങ്ങനെ നേരെയാക്കാൻ പറ്റും, ഒരു ഗംഭീര സിനിമ ആയില്ലെങ്കിലും ഒരു ഡീസെന്റുള്ള സിനിമയാക്കാൻ നമുക്ക് പറ്റും. അതൊരു കൂട്ടായ്മയാണ്,’ വിനയ് പറഞ്ഞു.
Content Highlight: Vinay fortt about the bad movies