പ്രേമം സിനിമ തനിക്ക് നൽകിയ ഹൈപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. പ്രേമത്തിന് ശേഷം താൻ ഒരുപാട് നല്ല കഥാപാത്രങ്ങളുള്ള സിനിമകൾ ചെയ്‌തെങ്കിലും അത്രയും ശ്രദ്ധിക്കപ്പെട്ടില്ലെന്ന് വിനയ് ഫോർട്ട് പറഞ്ഞു. പ്രേമം പോലുരു സിനിമ തനിക്ക് ചെയ്യാൻ പറ്റിയിട്ടില്ലെന്നും വിനയ് ഫോർട്ട് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. റേഡിയോ മംഗോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഈ പ്രേമം എന്ന സിനിമ കഴിഞ്ഞിട്ടാണ് ലിജോ ചേട്ടന്റെ സിനിമ ചെയ്തത്. അതിന് ശേഷം മഹേഷേട്ടന്റെ പടം ചെയ്തു. കനകം കാമിനി കലഹം സിനിമ, തമാശ ചെയ്തു. ഉറുമ്പുകൾ ഉറങ്ങാറില്ല, കിസ്മത്ത് ചെയ്തു. ഒരുപിടി നല്ല കഥാപാത്രങ്ങൾ, നല്ല സിനിമകളും ചെയ്തു. പക്ഷേ പ്രേമം പോലൊരു സിനിമ എനിക്ക് പിന്നീട് ചെയ്യാൻ പറ്റിയിട്ടില്ല. അത്രയും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം എനിക്ക് പിന്നെ ചെയ്യാൻ പറ്റിയോ എന്നറിയില്ല.
തമാശ സിനിമ ഞാൻ ചെയ്തിട്ടുണ്ടെങ്കിലും പ്രേമം ഒരായിരം പേര് കണ്ടിട്ടുണ്ടെങ്കിൽ തമാശ ഒരാളായിരിക്കും കണ്ടിട്ടുണ്ടാകുക. പ്രേമം അത്രയും ഒരു പോപ്പുലർ സിനിമയാണ്,’ വിനയ് ഫോർട്ട് പറഞ്ഞു.
പല വലിയ സംവിധായകരുടെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചെങ്കിലും താൻ പല കാരണങ്ങളും പറഞ്ഞ് ഒഴിവായെന്നും വിനയ് ഫോർട്ട് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘പല ആളുകളും നിഷ്കളങ്കമായ ചിരിയാണ്, മുഖമാണ് എന്നൊക്കെ പറയും. അതൊന്നും പണി ആവരുത്. ഒരു സിനിമയിൽ നിഷ്കളങ്കത ഓക്കെ, എല്ലാ സിനിമയിലും നടക്കില്ല. ഏറ്റവും ഇന്റലിജന്റ് ആയിട്ടുള്ള ആളുകളുള്ള സംസ്ഥാനത്ത് സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ.
ഒരേ തരത്തിലുള്ള റോളുകൾ സ്ഥിരമായി അഭിനയിച്ചു കൊണ്ടിരുന്നാൽ അവർ പറയും, അളിയാ ഭയങ്കര ബോറാണ് എന്ന്. നമുക്ക് അവരോട് ഉത്തരവാദിത്തമുണ്ട്, കുറച്ചുകൂടെ ബെറ്റർ ആക്ടർ ആവുക എന്നത്. നമ്മൾ ചെയ്യാത്ത പോലത്തെ പരിപാടികൾ അപ്ലൈ ചെയ്യുക അവരെ എന്റർടൈൻ ചെയ്യുക. അവരെ എൻഗേജ് ചെയ്യുക, അതുകൂടെ അതിന്റെ പിറകിലുണ്ട്.
ഭാഗ്യം കൊണ്ട് ചുരുളി പോലൊരു സിനിമ ചെയ്തു. അതിൽ നിഷ്കളങ്കൻ അല്ലല്ലോ. അതുപോലെ മാലിക് എന്ന് പറഞ്ഞ സിനിമ ചെയ്തു. അങ്ങനെ കുറെ സിനിമകൾ ഇതിന്റെ ഇടയിൽ സംഭവിക്കുന്നുണ്ട്. കൂടുതലും അന്വേഷിച്ചു വരുന്നത് സാധാരണക്കാരുടെ പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെയാണ്. നമുക്ക് തന്നെ മടുപ്പ് വരും. നമുക്കൊരിക്കലും മടുക്കാൻ പാടില്ല,’ വിനയ് ഫോർട്ട് പറഞ്ഞു.
Content Highlight: Vinay fortt about premam movie