തിയേറ്ററിൽ ഇറങ്ങി മികച്ച പ്രതികരണം ലഭിക്കാത്ത പല പടങ്ങളും ഒ.ടി.ടിയിൽ മികച്ച പ്രേക്ഷക പ്രശംസക്ക് അർഹമായിട്ടുണ്ട്. അങ്ങനെയുള്ള സിനിമയുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. സോമന്റെ കൃതാവ് എന്ന സിനിമ ഭൂരിപക്ഷം ആളുകൾക്കും വർക്കായ പടമാണെന്ന് വിനയ് ഫോർട്ട് പറഞ്ഞു.
ഒരു കല്യാണത്തിന് പോയപ്പോൾ 250 പേർ സോമന്റെ കൃതാവ് പോലെയുള്ള സിനിമകൾ ചെയ്യണമെന്ന് തന്നോട് പറഞ്ഞിരുന്നെന്നും അവരെല്ലാം തിയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ നന്നായേനെയെന്ന് തോന്നിയെന്നും വിനയ് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സോമന്റെ കൃതാവ് എന്ന സിനിമ ഭൂരിപക്ഷം ആളുകൾക്കും വർക്ക് ആയ സിനിമയാണ്. നമ്മുടെ ഒരു കണക്കെടുത്ത് കഴിഞ്ഞാൽ 100 പേര് കണ്ടു കഴിഞ്ഞാൽ അതിൽ ഭൂരിഭാഗം ആളുകൾക്കും ഈ സിനിമ ഇഷ്ട്ടമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഐഡിയോളജിയോടും സോമന്റെ വിശ്വാസങ്ങളോടും എതിർപ്പുള്ള ആളുകൾ ഉണ്ടായിരുന്നു. പക്ഷേ അത് ആളുകൾക്ക് ഒരു ഗുഡ് ഫീൽ ഉള്ള സിനിമയാണെന്ന് പറഞ്ഞിരുന്നു. സിനിമ മഹത്തായതുകൊണ്ടല്ല, മറിച്ച് ഈ അടി ഇടി ബഹളം ഒച്ചപ്പാടിന്റെ ഇടയിൽ ഇത് ഭയങ്കര സൂതിങ് സിനിമയായിരുന്നു.
ഞാനൊരു കല്യാണത്തിന് പോയപ്പോൾ 250 ആളുകൾ എന്റെ അടുത്ത് വന്ന് സിനിമ നന്നായിരുന്നെന്ന് പറഞ്ഞു. ഞാനത് എണ്ണിയിരുന്നു. 250 പേർ എന്റെയടുത്ത് ആമസോണിൽ പടം റിലീസ് ആയി കഴിഞ്ഞപ്പോൾ ‘ചേട്ടാ ഇതുപോലുള്ള സിനിമകൾ ചെയ്യണമെന്ന്’ പറഞ്ഞു. അപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു ചേട്ടാ നിങ്ങളൊക്കെ തിയേറ്ററിൽ പോയിരുന്നെങ്കിൽ എത്ര നന്നായേനെയെന്ന്. നമുക്ക് ഒരു ബെറ്റർ ഫിലിം ഉണ്ടാവണമെങ്കിൽ നമുക്ക് ബെറ്റർ റോൾ വരണമെങ്കിൽ നമ്മുടെ സിനിമകൾ കിട്ടണമെങ്കിൽ കോമേഷ്യലി നല്ല പൈസ ഉണ്ടാക്കണം. അതൊക്കെ സംഭവിക്കണമെങ്കിൽ ചേട്ടന്മാരൊക്കെ തിയേറ്ററിൽ പോയി പടം കണ്ട് വിജയിപ്പിക്കണം,’ വിനയ് ഫോർട്ട് പറഞ്ഞു.
രോഹിത് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് സോമന്റെ കൃതാവ്. വിനയ് ഫോർട്ട് പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ ഫറ ഷിബിലയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ ആറിന് റിലീസ് ചെയ്ത ചിത്ര തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.
Content Highlight: Vinay fortt about OTT release v/s theater release