കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ അടക്കി ഭരിച്ചത് വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്കായിരുന്നു. രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു വിനയ് ഫോര്‍ട്ട് മലയാള സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ലുക്കുമായി രംഗത്തെത്തിയത്.
ചുവന്ന ടി ഷര്‍ട്ട് ധരിച്ച് ചപ്രത്തലയും കട്ടി മീശയും കണ്ണടയുമായി എത്തിയ വിനയ് ഫോര്‍ട്ടിന്റെ ലുക്ക് മിനിട്ടുകള്‍ക്കകം വൈറലാവുകയായിരുന്നു. സോഷ്യല്‍ മീഡിയയൊന്നാകെ മീം ആയും ട്രോള്‍ ആയും അടക്കി ഭരിച്ചത് വിനയ് ഫോര്‍ട്ട് തന്നെയായിരുന്നു.
ഇതിന് പിന്നാലെ സ്വയം പ്രൊമോഷന്‍ മെറ്റീരിയല്‍ ആയതില്‍ താന്‍ ഏറെ ഹാപ്പിയാണെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. ഇതുമൂലം വിസിബിലിറ്റി ലഭിച്ചെന്നും ഒരു ദിവസമെങ്കില്‍ ഒരു ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായതില്‍ ഏറെ സന്തോഷമുണ്ടെന്നും പറയുകയാണ് വിനയ് ഫോര്‍ട്ട്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ വളരെ ഹാപ്പിയാണ്. നമ്മള്‍ കൊമേര്‍ഷ്യല്‍ സിനിമകളില്‍ അഭിനയിക്കുന്ന ആളുകളാണ്. കൊമേര്‍ഷ്യല്‍ സിനിമയാണ് അന്നം. ഒരു ആക്ടര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിസിബിലിറ്റി ഉണ്ടാവുക എന്ന് പറയേണ്ടതിന്റെ ഒരു ആവശ്യകതയുണ്ട്. എന്റെ ആ ഏരിയ ഭയങ്കര വീക്കാണ്.
ഞാന്‍ ഭയങ്കര എക്‌സ്‌ട്രോവേര്‍ട്ടായി എനിക്ക് വേണ്ടി പി.ആര്‍ ചെയ്യാറില്ല, അല്ലെങ്കില്‍ ഒരു ഫിലിം മേക്കറിന്റെ അടുത്ത് പോയി അവസരം ചോദിക്കാറില്ല, എനിക്ക് വേണ്ടി പ്രൊജക്ടുകള്‍ ഉണ്ടാക്കാറില്ല, പാര്‍ട്ടികളില്‍ പോകാറില്ല, സ്വന്തമായി ഒരു ഗ്രൂപ്പില്ല അങ്ങനെ ഒരുപാട് പരിമിതികള്‍ ഉള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള എന്നെ സംബന്ധിച്ച് ഒരു ദിവസമെങ്കില്‍ ഒരു ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി നില്‍ക്കാന്‍ സാധിച്ചത് ഒരു നടന്‍ എന്ന നിലയില്‍ റീച്ച് ആണല്ലോ. ഞാന്‍ ഭയങ്കര ഹാപ്പിയാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
താരത്തിന്റെ ഈ ലുക്കില്‍ നിരവധി ട്രോളുകളും ഉണ്ടായിരുന്നു. അതില്‍ ഒന്ന് കിരീടം എന്ന സിനിമയിലെ മീമില്‍ വിനയ് ഫോര്‍ട്ടിന്റെയും നിവിന്‍ പോളിയുടെയും തലകള്‍ ഒട്ടിച്ചു ചേര്‍ത്ത ട്രോള്‍ ആയിരുന്നു.
ഈ ട്രോള്‍ അവതാരകന്‍ വിനയ് ഫോര്‍ട്ടിനെ കാണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഏറെ രസകരവുമായിരുന്നു. ഇത് മോഹന്‍ലാലിന്റെ ശരീരമല്ലേ എന്ന ചോദിച്ച വിനയ് ഫോര്‍ട്ട്, അദ്ദേഹത്തിന്റെ ശരീരത്തില്‍ തന്റെ തല വരുന്നത് വലിയ കാര്യമാണ് എന്നാണ് പറഞ്ഞത്.
‘മോഹന്‍ലാലിന്റെ ശരീരം അല്ലേ ഇത്? പുള്ളീടെ ശരീരത്തില്‍ ഒരു ട്രോള്‍ ആയെങ്കിലും എന്റെ തല വരുന്നത് ഒരു നടനെ സംബന്ധിച്ച് വലിയ കാര്യമാണ്. നമ്മളൊക്കെ ഒരുപക്ഷേ നടനാകാനുള്ള കാരണം ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എന്റെ മുഖം ചേരുന്നില്ല, ഭയങ്കര കോമഡിയാണെങ്കില്‍ക്കൂടിയും ഇത് വലിയ സംഭവമാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഓഗസ്റ്റ് 25ന് ഓണം റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതാണ് ട്രെയ്‌ലര്‍.
ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മിക്കുന്നത്.
നിവിന്‍ പോളിക്കും വിനയ് ഫോര്‍ട്ടിനും പുറമെ ഒപ്പം ജാഫര്‍ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.