ഒപ്പം വര്‍ക് ചെയ്തവരില്‍ ഏറ്റവുമധികം മനുഷ്യത്വമുള്ളവനായി തോന്നിയ താരം ദുല്‍ഖര്‍ സല്മാന് ആണെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. ദുല്‍ഖറിനൊപ്പം വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളുവെന്നും ദുല്‍ഖര്‍ തന്നെ സംബന്ധിച്ച് ഡിപ്പന്‍ഡബിള്‍ ആയിട്ടുള്ള സുഹൃത്താണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
എന്തെങ്കിലും സഹായമോ ആവശ്യമോ പറഞ്ഞ് മെസേജ് അയച്ചാല്‍ ദുല്‍ഖര്‍ അക്കാര്യം ചെയ്തുതരുമെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പാണെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നല്കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.
‘ദുല്‍ഖര്‍ എന്ന മനുഷ്യനെ ആളുകളിലേക്ക് അടുപ്പിക്കുന്നത് ഹ്യുമാനിറ്റിയാണ്. ഞാന്‍ വര്‍ക് ചെയ്തിട്ടുള്ള താരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മനുഷ്യത്വമുള്ളയാള്‍ ദുല്‍ഖറാണ്.
ഞാന്‍ നിവിന്റെ കൂടെ പടം ചെയ്തിട്ടുണ്ട്, ഞങ്ങള്‍ ഒരുപാട് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഫഹദിനൊപ്പവവും രണ്ട് മൂന്ന് പരിപാടിയുമായി കൂടെയുണ്ടായിരുന്നു. ദുല്‍ഖറിനൊപ്പം വളരെ കുറച്ച് സിനിമകളേ ഉണ്ടായിരുന്നുള്ളൂ.
ദുല്‍ഖര്‍ ഇപ്പോഴും ഡിപ്പന്‍ഡബിള്‍ ആയിട്ടുള്ള ഫ്രണ്ടാണ്. ഒരു ആവശ്യം പറഞ്ഞ് ദുല്‍ഖറിനോട് ഒരു മെസേജ് അയക്കുകയോ മറ്റോ ചെയ്താല്‍ ദുല്‍ഖര്‍ അത് ചെയ്ത് തരുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്.
ദുല്‍ഖറിന് നമ്മളെ പോലുള്ള സാധാരണക്കാരില്‍ നിന്നും ഒന്നും നേടാനില്ല. അതുകൊണ്ടുതന്നെ അയാളത് ചെയ്യേണ്ട കാര്യവുമില്ല. പക്ഷേ ദുല്‍ഖര്‍ അത് ചെയ്യും. അതാണ് ദുല്‍ഖറിനെ ഒരു മുഷ്യനാക്കുന്നത്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ വൈറലായ ലുക്കിനെ കുറിച്ചും വിനയ് ഫോര്‍ട്ട് സംസാരിച്ചു. ഈ ലുക്ക് കാരണം വിസിബിലിറ്റി ലഭിച്ചെന്നും ഒരു ദിവസമെങ്കില്‍ ഒരു ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
‘ഞാന്‍ വളരെ ഹാപ്പിയാണ്. നമ്മള് കൊമേര്‍ഷ്യല്‍ സിനിമകളില്‍ അഭിനയിക്കുന്ന ആളുകളാണ്. കൊമേര്‍ഷ്യല്‍ സിനിമയാണ് അന്നം. ഒരു ആക്ടര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിസിബിലിറ്റി ഉണ്ടാവുക എന്ന് പറയേണ്ടതിന്റെ ഒരു ആവശ്യകതയുണ്ട്. എന്റെ ആ ഏരിയ ഭയങ്കര വീക്കാണ്.
ഞാന്‍ ഭയങ്കര എക്സ്ട്രോവേര്ട്ടായി എനിക്ക് വേണ്ടി പി.ആര് ചെയ്യാറില്ല, അല്ലെങ്കില്‍ ഒരു ഫിലിം മേക്കറിന്റെ അടുത്ത് പോയി അവസരം ചോദിക്കാറില്ല, എനിക്ക് വേണ്ടി പ്രൊജക്ടുകള്‍ ഉണ്ടാക്കാറില്ല, പാര്‍ട്ടികളില്‍ പോകാറില്ല, സ്വന്തമായി ഒരു ഗ്രൂപ്പില്ല അങ്ങനെ ഒരുപാട് പരിമിതികള്‍ ഉള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള എന്നെ സംബന്ധിച്ച് ഒരു ദിവസമെങ്കില്‍ ഒരു ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി നില്ക്കാന് സാധിച്ചത് ഒരു നടന് എന്ന നിലയില്‍ റീച്ച് ആണല്ലോ. ഞാന്‍ ഭയങ്കര ഹാപ്പിയാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഓഗസ്റ്റ് 25ന് ഓണം റിലീസായാണ് രാമചന്ദ്ര ബോസ്സ് & കോ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
നിവിന്‍ പോളിക്കും വിനയ് ഫോര്‍ട്ടിനും പുറമെ ജാഫര്‍ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്, എഡിറ്റിങ് – നിഷാദ് യൂസഫ്, മ്യൂസിക് മിഥുന് മുകുന്ദന്, ലിറിക്സ് – സുഹൈല്‍ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണന്, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ – റഹീം പി.എം. .കെ, മേക്കപ്പ് ലിബിന് മോഹനന്, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്.
കൊറിയോഗ്രഫര്‍ – ഷോബി പോള്‍രാജ്, ആക്ഷന്‍ – ഫീനിക്സ് പ്രഭു, ജി. മുരളി, കനല് കണ്ണന്, ഫിനാന്‍സ് കണ്ട്രോളര് – അഗ്നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യശോധരന്, വി.എഫ്.എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷന് & ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് – ബിനു ബ്രിംഗ് ഫോര്‍ത്ത്, പി.ആര്.ഒ. – ശബരി.
Content Highlight: Vinay Fortt about Dulquer Salman