| Sunday, 7th January 2024, 12:50 pm

ലാലേട്ടന്‍ ഫാന്‍സിനെ കൊണ്ട് അടി കൊള്ളിക്കാനാണോ? പ്രസ് മീറ്റില്‍ ചോദ്യവുമായി വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലാഭവന്‍ ഷാജോണ്‍ – വിനയ് ഫോര്‍ട്ട് എന്നിവര്‍ നായകന്മാരായെത്തിയ ചിത്രമാണ് ആട്ടം. നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും ചെയ്ത ചിത്രത്തില്‍ ഇവര്‍ക്ക് പുറമെ സെറിന്‍ ശിഹാബ്, നന്ദന്‍ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആട്ടത്തെ കുറിച്ചും നേര് സിനിമയെ കുറിച്ചും സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ‘നേര് തിയേറ്ററില്‍ ഉള്ള സമയത്ത് തന്നെ ഇറങ്ങിയ പടമാണ് ആട്ടം.

നേരിനേക്കാള്‍ ഒന്നുകൂടെ മികച്ച പടമാണ് ഇതെന്ന റിവ്യൂ വരുന്നുണ്ടെന്നും അതിനെ കുറിച്ച് എന്താണ് അഭിപ്രായം’ എന്നും വിനയ് ഫോര്‍ട്ടിനോട് വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായി ചിരിയോടെ മോഹന്‍ലാല്‍ ഫാന്‍സിനെ കൊണ്ട് തങ്ങളെ അടി കൊള്ളിക്കാനാണോ എന്ന് താരം ചോദിച്ചു.

‘ലാലേട്ടന്റെ ഫാന്‍സിനെ കൊണ്ട് നമ്മളെ അടി കൊള്ളിക്കാനാണോ. ഇങ്ങനെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. നേര് ഒരു ഗംഭീര സിനിമ ആയത് കൊണ്ടാണ് അത് ഇത്രയും കൊമേര്‍ഷ്യല്‍ സക്‌സസ് ആയതും ഇത്ര നന്നായി തിയേറ്ററില്‍ ഓടുന്നതും. പിന്നെ അതില്‍ അഭിനയിച്ചിരിക്കുന്നത് ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ലെജന്‍ഡ് ആയിട്ടുള്ള ഒരു നടനാണ്.

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ രണ്ട് സിനിമകളെ താരതമ്യപെടുത്തുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. നമ്മുടെ സിനിമയെ കുറിച്ച് പറഞ്ഞാല്‍, അതൊരു ഗംഭീര സിനിമ തന്നെയാണ്. ഈ സിനിമ ഒരു നൂര്‍ പേര്‍ കണ്ടാല്‍ നൂറ് പേര്‍ക്കും ഇഷ്ടപെടുന്നു എന്നതില്‍ അഭിമാനമുണ്ട്. വേറെ സിനിമയുമായി ഇതിനെ താരതമ്യപെടുത്തരുത്.

എല്ലാ സിനിമകളും വിജയിക്കട്ടെ എന്നുള്ള ആഗ്രഹം മാത്രമാണ് ഉള്ളത്. ഗംഭീര സിനിമയായത് കൊണ്ടാണ് നേര് ഇപ്പോള്‍ നൂറ് കോടി ക്ലബ്ബില്‍ കയറാന്‍ ഒരുങ്ങുന്നത്. നമുക്ക് അത്രയൊന്നും വേണ്ട. നൂറ് കോടിയും അമ്പത് കോടിയും ഇവിടെ എടുക്കുന്നില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുക എന്നതാണ് സ്വപ്‌നം,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

അതേസമയം, ജനുവരി അഞ്ചിന് തിയേറ്ററിലെത്തിയ ആട്ടത്തിന് വളരെ മികച്ച അഭിപ്രായമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോ. അജിത് ജോയ് ആണ് ചിത്രം നിര്‍മിച്ചത്. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും രംഗനാഥ് രവി ശബ്ദസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസില്‍ സി.ജെയും പ്രൊഡക്ഷന്‍ ശബ്ദമിശ്രണം ജിക്കു എം. ജോഷിയും കളര്‍ ഗ്രേഡിങ് ശ്രീക് വാരിയറും നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Vinay Fortt About Attam And Neru Movie

We use cookies to give you the best possible experience. Learn more