സംവിധായകർക്ക് തന്നിൽ ഇഷടമുള്ള കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. താൻ ഭയങ്കര പ്രൊഫഷണൽ ആണെന്ന് പറയുമെന്നും എന്നാൽ അത് തന്റെ അഭിനയ മികവ് കൊണ്ടല്ലെന്നും വിനയ് പറഞ്ഞു. താൻ ബ്ലൈൻഡ് ആയിട്ട് ഡയറക്ടേഴ്സിനെ വിശ്വസിക്കുമെന്നും വിനയ് കൂട്ടിച്ചേർത്തു.
താൻ ഷോട്ട് കഴിഞ്ഞതിന് ശേഷം മോണിറ്ററിൽ നോക്കുകയില്ലെന്നും മാലിക് സിനിമയുടെ സമയത്ത് ഫഹദ് തന്നെ പോലെയാവണമെന്ന് കളിയാക്കി പറഞ്ഞെന്നും വിനയ് ഫോർട്ട് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ഭയങ്കര പ്രൊഫഷണൽ ആണെന്ന് പറയും. എന്റെ ആക്ടിങ് സ്കില്ലിനെ കുറിച്ചല്ല അവർ പറയുന്നത്. ഞാൻ ബ്ലൈൻഡ് ആയിട്ട് ഡയറക്ടേഴ്സിനെ വിശ്വസിക്കും.
ഞാൻ മാലിക് ഒക്കെ ചെയ്യുമ്പോൾ ഫഹദ് എന്നെ കളിയാക്കുമായിരുന്നു. ഞാൻ മോണിറ്റർ നോക്കുകയില്ല. ‘എനിക്ക് തന്നെ പോലൊരു നടനാവണം എടോ’ എന്ന് ഫഹദ് എന്നോട് പറയും. അത് എന്നെ കളിയാക്കുന്നതാണ്. കാര്യം എന്താണെന്ന് വെച്ചാൽ ഡയറക്ടർ ഓക്കെ
പറഞ്ഞാൽ എനിക്കത് ഓക്കെയാണ്.
ഞാൻ ഒരിക്കലും നോക്കിയിട്ട് എനിക്കൊരു ഷോട്ടു കൂടെ വേണമെന്ന് പറയില്ല. ഒരു ഡയറക്ടറിന് എന്നിൽ വർക്ക് ചെയ്യാനുള്ള എല്ലാത്തിനും ഞാൻ നിന്നു കൊടുക്കും. ഒന്നിനും മറുത്തുപറയുകയില്ല, അവരെ എതിർത്തുനിൽക്കില്ല. ഞാൻ മാറി നിൽക്കും. അതുകൊണ്ട് എന്നോട് ഡയറക്ടേഴ്സ് പറയാനുണ്ട് ഞാൻ പ്രൊഫഷണൽ ആണെന്ന്,’ വിനയ് ഫോർട്ട് പറഞ്ഞു.
തന്റെ പരിമിതികളെക്കുറിച്ചും വിനയ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘ഞാൻ ഇത്രയും നാളും എന്നിൽ നിന്നും ഭയങ്കര വ്യത്യസ്തമായിട്ടുള്ള ആക്സന്റ് പഠിക്കാൻ ശ്രമിക്കില്ലായിരുന്നു. മാലിക്ക് പോലുള്ള സിനിമയിൽ ഞാനിപ്പോൾ മാറി നിന്നാലോചിക്കുമ്പോൾ ഞാനാ കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജ്, അയാളുടെ പ്രായത്തിലുള്ള ഇമോഷൻ, മനസിന്റെ അവസ്ഥ ഇത്തരം സാധനങ്ങളാണ് ഞാൻ ഫോക്കസ് ചെയ്തത്.
എനിക്കെവിടെയോ പേടിയുണ്ട്, ആക്സന്റ് ഫോക്കസ് ചെയ്തു കഴിഞ്ഞാൽ എന്റെ കഥാപാത്രത്തിൽ നിന്നും ഞാൻ പോകുമോയെന്ന്. ആ കഥാപാത്രത്തിന്റെ ആക്സന്റിന് കൊടുക്കേണ്ടിരുന്ന ആത്മാർത്ഥത എനിക്ക് പൂർണമായിട്ട് കൊടുക്കാൻ പറ്റിയിട്ടില്ല. ഇപ്പോൾ പത്തറുപത്തഞ്ചു സിനിമ ചെയ്തു, ഇനി ഞാൻ അത് ചെയ്യും. ഞാനൊരു സിനിമ ചെയ്യുന്നുണ്ട് അത് വടകരയാണ് സ്ഥലം. വടകര ഭാഷയിലാണ് ചെയ്യുന്നത് അതുകൊണ്ട് ഞാൻ ഇനി പുതിയ സ്ലാങ്ങുകൾ ശ്രമിക്കും,’ വിനയ് ഫോർട്ട് പറഞ്ഞു.
Content Highlight: Vinay Fort talks about what directors like about him