കേരളത്തിന്റെ ഇതിഹാസ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സൃഷ്ടിയില്‍ പിറവിയെടുത്ത മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് വിധേയന്‍. 1994ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂക്കയ്ക്ക് പുറമേ എം.ആര്‍ ഗോപകുമാര്‍, ബാബു നമ്പൂതിരി, സബിത ആനന്ദ്, തന്‍വി അസ്മി, രവി വള്ളത്തോള്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
മലയാള സിനിമാപ്രേമികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടിയെ ആയിരുന്നു വിധേയനിലൂടെ കണ്ടത്. മമ്മൂട്ടി ആദ്യമായി വില്ലന്‍ വേഷത്തില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട വില്ലന്‍ കഥാപാത്രത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് സിനിമാ താരം വിനയ് ഫോര്‍ട്ട്. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
തന്നെ അത്ഭുതപ്പെടുത്തിയ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങളെപ്പറ്റിയാണ് വിനയ് സംസാരിച്ചത്. വില്ലന്‍ കഥാപാത്രങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന രണ്ട് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘വില്ലന്‍ കഥാപാത്രത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് വിധേയനിലെ കഥാപാത്രമാണ്. ആ കഥാപാത്രം മൈന്‍ഡ് ബ്ലോയിങ്ങാണ്. മമ്മൂക്ക ചെയ്ത കഥാപാത്രങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ് അത്. അവസാനം മമ്മൂക്കയെ കണ്ടപ്പോള്‍ പോലും ഞാന്‍ അതിനെപ്പറ്റി സംസാരിച്ചു. ആ മാനറിസവും, ഇരുത്തവും, ഡയലക്ടും എല്ലാം വേറെയാര്‍ക്കും പുള്‍ ഓഫ് ചെയ്യാന്‍ പറ്റില്ല. അതുപോലെ, രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസും ഇഷ്ടപ്പെട്ട കഥാപാത്രമാണ്. പറയാന്‍ നിന്നാല്‍ പത്തഞ്ഞൂറ് കഥാപാത്രങ്ങളെപ്പറ്റി പറയാം. പക്ഷേ പെട്ടെന്ന് മനസിലേക്ക് വന്നത് ഇതുരണ്ടുമാണ്,’ വിനയ് പറഞ്ഞു.
Also Read: കോട്ടയം കുഞ്ഞച്ചന് മമ്മൂക്ക ചെയ്യുമെന്ന് എനിക്ക് ഉറപ്പ് തന്നത് അവരായിരുന്നു: ടി.എസ് സുരേഷ് ബാബു
Also Read: ഈ കൈകൾ ചോരില്ല സാർ! ചരിത്രവിജയത്തിനൊപ്പം ഐതിഹാസികനേട്ടവുമായി അഫ്ഗാന്റെ വല്യേട്ടൻ
Content Highlight: Vinay Fort Talks About Vidheyan Movie