ദേശീയ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യരുതെന്ന് അവനോട് പറഞ്ഞു: വിനയ് ഫോര്‍ട്ട്
Movie Day
ദേശീയ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യരുതെന്ന് അവനോട് പറഞ്ഞു: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th August 2024, 8:04 am

ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ആട്ടം. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മിച്ചത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകളാണ് ആട്ടം നേടിയത്.

ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 2023ലെ ഗ്രാന്‍ഡ് ജൂറി അവാര്‍ഡ് ചിത്രം നേടി. ഗോവയില്‍ നടന്ന 54ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് ഫീച്ചര്‍ ഫിലിമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു, കൂടാതെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള 70ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും ആട്ടമാണ്. മികച്ച എഡിറ്ററിനുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആട്ടം നേടിയിട്ടുണ്ട്.

ആട്ടത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടുമെന്ന് തനിക്ക് ചെറിയൊരു വിശ്വാസമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു. സ്റ്റേറ്റ് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ അത് കിട്ടാതായപ്പോള്‍ കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് വളരെ നിരാശ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് അവാര്‍ഡ് കിട്ടാതെ തളര്‍ന്നത് കൊണ്ടുതന്നെ ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത്, അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യരുതെന്ന് കൂടെ ഉള്ള ആളോട് പറഞ്ഞെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.

‘മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ ആനന്ദിനോട് പറഞ്ഞു. അപ്പോള്‍ അവന്‍ മികച്ച മലയാളചിത്രമെന്ന് പറഞ്ഞു തിരുത്തി. എന്തുകൊണ്ട് മികച്ച ചിത്രം കിട്ടിക്കൂടെന്ന് ഞാന്‍ അവനോടു ചോദിച്ചിരുന്നു. വളരെ സെന്‍സിബിള്‍ ആയിട്ടുള്ള ജൂറി ആണെങ്കില്‍ ചിലപ്പോള്‍ അവാര്‍ഡ് കിട്ടുമെന്ന് എനിക്ക് ചെറിയൊരു വിശ്വാസം ഉണ്ടായിരുന്നു. നമ്മളത് അര്‍ഹിക്കുന്നുണ്ടെന്ന ഒരു ആത്മവിശ്വാസകൂടുതല്‍ ആയിരുന്നു അതിനു കാരണം.

ആ ആത്മവിശ്വാസകൂടുതല്‍ കാരണമാണ് ഞാനിന്നിവിടെ ഇരിക്കുന്നത്, ഞങ്ങള്‍ എല്ലാവരും ഇവിടെ ഇരിക്കുന്നത്. നമ്മുടെ സിനിമയിലെ ബഹുഭൂരിപക്ഷം പേരും സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നവരാണ്. വളരെ സെന്‍സിബിള്‍ ആയിട്ടുള്ള, നിഷ്‌കളങ്കരായിട്ടുള്ള ആളുകള്‍ ആണവര്‍. സ്റ്റേറ്റ് അവാര്‍ഡിന്റെ സമയത്ത് ഇവര്‍ തളര്‍ന്ന് വീഴുന്നത് ഞങ്ങള്‍ കണ്ടതാണ്. നമ്മുടെ കൂട്ടത്തിലുള്ള ഒരാളോട് പറഞ്ഞു, നാളെ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ നീ ആത്മഹത്യ ചെയ്യരുതെന്ന്,’ വിനയ് ഫോര്‍ട്ട് പറയുന്നു.

Content Highlight: Vinay Forrt talks about national award of  Aattam film