| Sunday, 7th January 2024, 3:43 pm

ഇതെന്റെ കടമയാണ്, ആട്ടം അവർക്കുള്ള സിനിമയാണ്: വിനയ് ഫോർട്ട്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ സിനിമയാണ് ആട്ടം.

മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പുറത്തുവരുന്നത്. വിനയ് ഫോർട്ട്‌, കലാഭവൻ ഷാജോൺ തുടങ്ങിയ ഒന്ന് രണ്ട് അഭിനേതാക്കളെയല്ലാതെ മറ്റുള്ള താരങ്ങളെല്ലാം മലയാള സിനിമയിൽ പുതിയതായിരുന്നു.

ഇവരിലൂടെയാണ് ചിത്രം പൂർണമായി മുന്നോട്ട് പോവുന്നത്. ആട്ടത്തിൽ തനിക്കൊപ്പം നിറഞ്ഞ് നിന്ന അഭിനേതാക്കളെ കുറിച്ച് പറയുകയാണ് വിനയ് ഫോർട്ട്‌. സിനിമയിൽ എത്തുന്നതിന് മുൻപ് താനും കൂടെ ഭാഗമായിരുന്ന ലോകധർമി നാടക ട്രൂപ്പിലെ അംഗങ്ങളാണ് അവരെന്നും താൻ ഒരു നടനായി അറിയപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം അവരാണെന്നും വിനയ് പറയുന്നു. അവർക്ക് എന്തെങ്കിലും തിരിച്ചു നൽകേണ്ടത് തന്റെ കടമയാണെന്നും അങ്ങനെയാണ് ആട്ടം ഉണ്ടാവുന്നതെന്നും വിനയ് കൂട്ടിച്ചേർത്തു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ഒരു നടനായി അറിയപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണക്കാരയവരാണ് ലോകധർമിയിലുള്ളവർ. ചിലർ എന്നെ നാടകം പഠിപ്പിച്ചിട്ടുണ്ട്, ചിലർ തിരിച്ചറിവ് ഉണ്ടാക്കിത്തന്നിട്ടുണ്ട്, എനിക്ക് പ്രോത്സാഹനം നൽകി എന്നെ മുന്നോട്ടുനയിച്ചിട്ടുണ്ട്. ഇവർക്ക് എന്തെങ്കിലും തിരിച്ചു നൽകേണ്ടത് എൻ്റെ കടമയാണ്.

ആട്ടത്തിലെ പലരും പല തൊഴിൽ ചെയ്യുന്നവരാണ്. അതിൽ വർക്ക്‌ ഷോപ്പ് ജോലിചെയ്യുന്നവരും പെയിൻ്റിങ്ങിന് പോവുന്നവരും കയറ്റിറക്ക് തൊഴിലാളികളും ടൈലിടാൻ പോവുന്നവരുമെല്ലാമുണ്ട്. ജീവിതം കെട്ടിപ്പടുത്താൻ നെട്ടോട്ടമോടുന്നവരാണ്. ഇവർക്ക് എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ നല്ലൊരു ജീവിതം ഉണ്ടാക്കിക്കൊടുക്കുക, അവരിലെ കലാകാരന്മാരെ അടയാളപ്പെടുത്തുക എന്നിവക്കായാണ് ശ്രമിച്ചത്.

ആട്ടത്തിൽ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചത്. കലാഭവൻ ഷാജോണും നായിക സറിൻ ഷിഹാബും ഒഴികേ ബാക്കിയുള്ളവരെല്ലാം അവരവരുടെ പേരിൽത്തന്നെയാണ് ആട്ടത്തിൽ അഭിനയിച്ചത്.

ഞങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഡയറക്ടർ അതുപോലെ സിനിമയിൽ കാണിച്ചിട്ടുണ്ട്,’വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight: Vinay Fort Talk About Other Actors In Attam Movie

We use cookies to give you the best possible experience. Learn more