നടൻ എന്ന നിലയിൽ വ്യത്യസ്ത പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിനയ് ഫോർട്ട്. പ്രേമത്തിലെ വിമൽ സാറും മാലിക്കിലെ ഡേവിഡുമെല്ലാം രണ്ട് തലത്തിൽ നിൽക്കുന്ന വിനയ് ഫോർട്ടിന്റെ വേഷങ്ങളാണ്.
എന്നാൽ ഒരു നടൻ എന്ന നിലയിൽ നിന്ന് തരാമൂല്യമുള്ള ഒരു സ്റ്റാറായി മാറാനും തനിക്ക് ആഗ്രമുണ്ടെന്നാണ് വിനയ് ഫോർട്ട് പറയുന്നത്
മാലിക് അടക്കമുള്ള നല്ല സിനിമകൾ ഒ.ടി.ടി റീലീസ് ആയപ്പോൾ അത് തനിക്ക് വേണ്ട വിധത്തിൽ ഉപകാരപെട്ടില്ലെന്നും തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെയെന്നും വിനയ് പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്.
‘താരമൂല്യമുള്ള ഒരു നടനായി മാറണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. എന്നെ കാണുമ്പോൾ ഞാൻ നല്ല സിനിമയുടെ ഭാഗമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നുണ്ട്. അത് വെറും തെറ്റ് ധാരണ മാത്രമാണ്.
മാലിക് പോലെ ഒരു സിനിമ മഹേഷേട്ടൻ ഫഹദിനെ പോലെയൊരു പാൻ ഇന്ത്യൻ സ്റ്റാറിന്റെ ഏകദേശം തുല്യമായ വേഷം എന്നെ വിശ്വസിച്ച് ഏല്പിച്ചു. എന്റെ ലൈഫിലെ ഒരു നാലഞ്ച് മാസം ആ സിനിമയ്ക്ക് വേണ്ടി എടുത്തിരുന്നു. മാലിക് കണ്ടിട്ട് പുറത്തുള്ള സംവിധായകർ എന്നെ വിളിച്ചു. മുരുകദോസ് സാറും നെൽസണുമൊക്കെ അവരുടെ സിനിമയിലേക്ക് വിളിച്ചിരുന്നു.
പക്ഷെ അത് മുഴുവൻ വലിയ താരങ്ങളുടെ ചിത്രങ്ങളാണ്. നമുക്ക് ചിലപ്പോൾ ഒരു 20 ദിവസം മാത്രമേ ഷൂട്ട് ഉണ്ടാവുകയുള്ളൂ. പക്ഷെ നമ്മൾ ഈ അഞ്ചു മാസമൊക്കെ ലോക്കായി ഇരിക്കുമ്പോൾ അത് ചെയ്യില്ല. എന്നിട്ടാണ് മാലിക് ചെയ്യുന്നത്. സത്യത്തിൽ അതെനിക്കൊരു വലിയ നഷ്ടമായിരുന്നു.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്. ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന സിനിമ ആയിരുന്നു. പക്ഷെ സാഹചര്യം കൊണ്ടത് ഒ.ടി.ടി യിൽ വരികയാണ് ചെയ്തത്. ഒ.ടി.ടിയിൽ നടന്മാർക്ക് വലിയ സ്ഥാനമില്ല. പ്രത്യേകിച്ച് എന്നെ പോലെയുള്ള താരങ്ങൾക്ക്. പക്ഷെ ഫഹദിനെ പോലുള്ള നടന്മാർക്ക് അത് ഭയങ്കരമായി ഗുണം ചെയ്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കനകം കാമിനി കലഹവും ഒ.ടി.ടിയിൽ വന്ന ചിത്രമായിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള പടമായിരുന്നു അതും. അങ്ങനെ മൂന്ന് സിനിമകൾ തിയേറ്ററിൽ എത്താതെ പോയപ്പോൾ ഒരു ആക്ടർ എന്ന നിലയിൽ എനിക്കത് സീറോ ആയിരുന്നു, അത് തിയേറ്റർ സിനിമകൾ ആയിരുന്നെങ്കിൽ ഭയങ്കരമായി ഹെൽപ് ചെയ്യുമായിരുന്നു,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Fort Talk About Malik Movie OTT Release