സിനിമ പ്രേമികളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ.
ഒരു ആരാധകൻ എന്ന നിലയിൽ തന്നെ സംബന്ധിച്ച് മോഹൻലാലും ലിജോയും ഒന്നിക്കുന്നത് ഒരു ഫാൻ ബോയ് നിമിഷമാണ് എന്നാണ് നടൻ വിനയ് ഫോർട്ട് പറയുന്നത്.
ചുരുളി സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ലിജോയുമായി അധികം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സിനിമകളിൽ ഷോട്ടുകൾ വളരെ കുറവാണെന്നും വിനയ് പറയുന്നു. മലൈക്കോട്ടൈ വാലിബനായി ആവേശത്തോടെ കാത്തിരിക്കുന്ന പ്രേക്ഷകൻ മാത്രമാണ് താനെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ വിനയ് പറഞ്ഞു.
‘ഞാൻ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രേക്ഷകൻ മാത്രമാണ്. ചുരുളി ചെയ്യുമ്പോൾ പോലും ഞാൻ ലിജോ ചേട്ടനോട് സംസാരിച്ചിട്ടില്ല. സത്യമായിട്ടും. ചുരുളിയുടെ ഒരു റീഡിങ് ഉണ്ടായിരുന്നു ഒരു ദിവസം.
അന്ന് ലിജോ ചേട്ടൻ, എന്നെ വിളിച്ച് കെട്ടിപിടിച്ചിട്ട് എന്നോട് പറഞ്ഞു, അൺപ്രെഡിക്ടബിളിറ്റി, അതാണ് വാക്ക്. ബാക്കി നീ ചെയ്യണമെന്ന്. അതും പറഞ്ഞിട്ട് പുള്ളി അങ്ങ് പോയി. പിന്നെ എന്നോട് സംസാരിച്ചിട്ടേയില്ല. സിനിമ കഴിയുന്ന വരെ അങ്ങനെയായിരുന്നു.
നമ്മൾ എന്തെങ്കിലും തെറ്റിച്ച് ചെയ്‌താൽ അദ്ദേഹം പറയും, ഇത് ഇങ്ങനെ അല്ലല്ലോ വേറേ രീതിയിൽ ചെയ്ത് നോക്കെന്ന്. പിന്നെ നമ്മൾ അത് ശരിയാക്കിയാൽ ‘ആ’ ന്ന് പറഞ്ഞ് അദ്ദേഹമങ്ങ് പോവും. ഇത്രയേ ഉള്ളൂ. വേറൊരു സംസാരത്തിനുള്ള സ്പേസ് ഇല്ല അവിടെ.
പിന്നെ ഞങ്ങൾ സംസാരിച്ചത് ചുരുളിയുടെ ഡബ്ബിങ്ങിനാണ്. അഭിനയിക്കുമ്പോൾ എളുപ്പമാണ് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ. കാരണം റീ ടേക്ക്സ് ഉണ്ടാവില്ല. അതുപോലെ ഒരു സീനിൽ 550 ഷോട്ടൊന്നും ഉണ്ടാവില്ല. രണ്ടോ മൂന്നോ ഷോട്ട് കഴിഞ്ഞാൽ പരിപാടി തീർന്നു. ഞാനെപ്പോഴോ അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. അന്ന് ലിജോ ചേട്ടൻ പറഞ്ഞത്, എല്ലാം ആളുകൾക്ക് മനസിലാവും നമ്മൾ അവരെ താഴ്ത്തി കാണരുത് എന്നായിരുന്നു.
അദ്ദേഹം ചുരുളി പോലൊരു സിനിമ 18 ദിവസം കൊണ്ട് തീർത്തു. ഞാൻ ഒരു ഫാനാണ്. അതുകൊണ്ട് തന്നെ എന്റെ ഒരു ഫാൻ ബോയ് മൊമെന്റ് ആണ് ലിജോ ചേട്ടനും ലാലേട്ടനും ചേരുന്ന ആ സമയം. ഞാൻ അതിന്റെ ആവേശത്തിലാണ്,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Fort Talk About Lijo Jose Pellissery And Malaikotai Valiban