തിയേറ്ററിൽ ഓടാത്ത ആ ചിത്രം ഒ. ടി.ടി ഇറങ്ങിയപ്പോൾ ദിവസവും അഞ്ഞൂറോളം മെസേജുകളാണ് എനിക്ക് വരുന്നത്: വിനയ് ഫോർട്ട്‌
Entertainment
തിയേറ്ററിൽ ഓടാത്ത ആ ചിത്രം ഒ. ടി.ടി ഇറങ്ങിയപ്പോൾ ദിവസവും അഞ്ഞൂറോളം മെസേജുകളാണ് എനിക്ക് വരുന്നത്: വിനയ് ഫോർട്ട്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 8:14 am

മലയാള സിനിമയിൽ തന്റെ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് വലിയ രീതിയിൽ ശ്രദ്ധ നേടിയ നടനാണ് വിനയ് ഫോർട്ട്‌. കൊവിഡ് സമയത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രങ്ങളായിരുന്നു മാലിക്, ചുരുളി, കനകം കാമിനി കലഹം എന്നിവ.

വിനയ് ഫോർട്ട്‌ എന്ന നടന്റെ വ്യത്യസ്ത പ്രകടനങ്ങൾ കണ്ട ചിത്രമായിരുന്നു ഇവയെല്ലാം. എന്നാൽ ഈ സിനിമകൾ ഒ.ടി.ടിയിൽ ഇറങ്ങിയത് തന്നെ പോലെ ഒരു നടന് ഗുണം ചെയ്തിട്ടില്ല എന്നാണ് താരം പറയുന്നത്.

ഒരു താരത്തിന് അത് ഗുണം ചെയ്യുമെന്നും എന്നാൽ ഈയിടെ ഇറങ്ങിയ തന്റെ സോമന്റെ കൃതാവ് എന്ന ചിത്രം ഒ. ടി. ടിയിൽ ഇറങ്ങിയതിന് ശേഷമാണ് കൂടുതൽ സ്വീകരിക്കപ്പെട്ടതെന്നും റിപ്പോർട്ടർ ടി.വിയ്ക്ക്നൽകിയ അഭിമുഖത്തിൽ വിനയ് പറഞ്ഞു.

‘എന്റെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളെല്ലാം ആ സമയത്ത് ഒ.ടി.ടിയിലാണ് വന്നത്. ഒ. ടി. ടിയിൽ സിനിമകൾ വരുന്നത് എന്നെ പോലെ ഒരു ആക്ടർക്ക്‌ ഒരിക്കലും ഗുണം ചെയ്യില്ല. ഒരു സ്റ്റാറിന് അത് സഹായകരമായിരിക്കും. തിയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ അത് വലിയ രീതിയിൽ ഗുണമായേനെ.

ഈയിടെ എന്റെ സോമന്റെ കൃതാവ് എന്ന സിനിമ ഇറങ്ങി. അത് ഒ.ടി. ടിയിൽ ഇറങ്ങിയ ശേഷം എനിക്കൊരു ദിവസം അഞ്ഞൂറ് മെസ്സേജ് ഒക്കെ വരുന്നുണ്ട്. ആ ചിത്രം ഒ.ടി.ടിയിൽ ഇറങ്ങിയപ്പോൾ ഒരുപാട് പേര് കാണുന്നുണ്ട്. ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങളും വലിയ പ്രതീക്ഷയുള്ളവയാണ്.

എന്റെ വ്യക്തിപരമായ ചില കാരണങ്ങളാൽ കുറച്ചുകാലം ഞാൻ ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ ഞാൻ പെരുമാനി എന്നൊരു പടം ചെയ്തിട്ടുണ്ട്. അപ്പൻ എന്ന സിനിമയുടെ സംവിധായകനാണ് അത് ഒരുക്കുന്നത്. ഗംഭീര സിനിമയാണ്.

പിന്നെ ആർക്കറിയാം എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് രവിയോടൊപ്പം ഒരു ചിത്രം ചെയ്തു. ഇവരെല്ലാം മികച്ച എഴുത്തുകാരാണ്. ഒരു ഗംഭീര തിരക്കഥ എന്ന് പറയുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഭാഗ്യമാണ്. അതൊരു അനുഗ്രഹമാണ്,’ വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight: Vinay Fort Talk About His Films In Covid Time And Upcoming Movies