ചുരുങ്ങിയകാലം കൊണ്ട് മലയാളികൾക്കിടയിൽ സ്വീകാര്യത നേടിയ യുവനടനാണ് വിനയ് ഫോർട്ട്. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളുടെ ഭാഗമാവാൻ വിനയ് ഫോർട്ടിന് സാധിച്ചിട്ടുണ്ട്.
നായക, പ്രതിനായക കഥാപാത്രങ്ങളിൽ ഒരുപോലെ അഭിനയിച്ചിട്ടുള്ള വിനയ് ഫോർട്ട് മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള വില്ലൻ കഥാപാത്രത്തെ കുറിച്ച് പറയുകയാണ്.
മലയാളത്തിൽ തന്നെ ഏറെ അത്ഭുതപ്പെടുത്തിയ വില്ലൻ കഥാപാത്രം മമ്മൂട്ടിയുടെ വിധേയനാണ് എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ 1994ൽ ഇറങ്ങിയ ചിത്രമായിരുന്നു വിധേയൻ. ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാസ്കർ പട്ടേലർ എന്ന കഥാപാത്രം വലിയ പ്രശംസ നേടിയിരുന്നു.
വിധേയനിലെ മമ്മൂട്ടിയുടെ മാനറിസവും ഇരുപ്പുമൊന്നും മറ്റൊരു നടനും ചെയ്യാൻ കഴിയില്ലെന്നും വിനയ് പറഞ്ഞു. മോഹൻലാലിന്റെ രാജാവിന്റെ മകനും തനിക്ക് ഇഷ്ടമാണെന്ന് വിനയ് ഫോർട്ട് കൗമുദി മുവീസിനോട് പറഞ്ഞു.
‘ഒരു വില്ലൻ കഥാപാത്രത്തെ കണ്ട് എനിക്ക് വൗ തോന്നിയത് മമ്മൂക്കയുടെ വിധേയനാണ്. വിധേയനിലെ കഥാപാത്രം അത്ഭുതപ്പെടുത്തുന്നതാണ്. അത്ഭുതപെടുത്തുകയെന്ന് പറഞ്ഞാൽ എനിക്ക് മമ്മൂക്ക ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതായി തോന്നിയ ഒന്നാണത്.
ഞാൻ അവസാനം മമ്മൂക്കയെ കണ്ടപ്പോഴും ആ തരിമ്പ് ഇട്ട് കൊടുത്തു. ആ ചിത്രത്തിലെ അദ്ദേഹത്തിന്റെ മാനറിസവും ഇരുപ്പുമെല്ലാം വേറൊരു അഭിനേതാവിനും ചെയ്യാൻ കഴിയില്ല. അതുപോലെ രാജാവിന്റെ മകനും എനിക്കിഷ്ടമാണ്,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Fort Talk About His Favorite Negative Character Of Mammootty