മലയാള സിനിമയിൽ തന്റെ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് വലിയ രീതിയിൽ ശ്രദ്ധ നേടിയ നടനാണ് വിനയ് ഫോർട്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലും പരീക്ഷണങ്ങൾ കൊണ്ട് വരാൻ വിനയ് ഫോർട്ട് ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമായിരുന്നു ഈ വർഷം ഐ. എഫ്. എഫ്. കെയിൽ പ്രദർശിപ്പിച്ച ഫാമിലിയെന്ന ചിത്രം.
സിനിമ കണ്ട പ്രേക്ഷകരിൽ പലരും വ്യക്തിയെന്ന നിലയിൽ നിങ്ങൾ എങ്ങനെയാണ് ഈ ചിത്രം ചെയ്തതെന്ന് ചോദിച്ചു എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. മമ്മൂട്ടി ചിത്രം കാതൽ ദി കോറിനോട് ഉപമിച്ചാണ് പലരും സംസാരിച്ചതെന്നും താരം പറഞ്ഞു. കാതൽ എന്ന ചിത്രം മമ്മൂട്ടി തെരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് സൈന സൗത്ത് പ്ലസിനോട് ഉത്തരം പറയുകയായിരുന്നു താരം.
‘അത്തരം ഒരു വിഷയം അദ്ദേഹം ചൂസ് ചെയ്തു എന്നതിലാണ് എനിക്ക് മമ്മൂക്കയോട് വലിയ ബഹുമാനം തോന്നുന്നത്.
ഈയിടെയായി അദ്ദേഹം തെരഞ്ഞെടുക്കുന്ന സിനിമകൾ കണ്ടാൽ നമുക്കത് മനസിലാവും. നൽപകൽ നേരത്തു മയക്കം, പുഴു തുടങ്ങി എല്ലാ സിനിമകളും വ്യത്യസ്തമാണ്. ഐ.എഫ്.എഫ്.കെയ്ക്ക് ഞാൻ അഭിനയിച്ച ഫാമിലി എന്ന ചിത്രം ഉണ്ടായിരുന്നു.
അത് കണ്ട ഒരുപാട് പേര് എന്നോട് ചോദിച്ചത്, ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എങ്ങനെയാണ് ഇത് ചെയ്തതെന്നായിരുന്നു. അത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. പലരും അന്ന് മമ്മൂക്കയുടെ കാതലുമായി അതിനെ കണക്ട് ചെയ്തിരുന്നു. അന്ന് ഞാൻ പറഞ്ഞത് നമ്മളൊക്കെ അഭിനേതാക്കൾ അല്ലേ എന്നായിരുന്നു.
പുതിയ കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യുക എന്നതാണ് കാര്യം. ഞാൻ ചെയ്യാത്ത, ചിന്തിച്ചിട്ടില്ലാത്ത കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണമാണ് അതെല്ലാം. അല്ലെങ്കിൽ ഞാൻ ഒരുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്താൽ അഭിനയിക്കുന്ന എനിക്കും കാണുന്ന നിങ്ങൾക്കും ഒരുപോലെ മടുക്കും,’വിനയ്ഫോർട്ട് പറയുന്നു.
Content Highlight: Vinay Fort Talk About Characters Of Mammootty And His Family Movie