| Wednesday, 7th June 2023, 7:51 pm

അവൻ നായകനായിരുന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് കോംപ്ലക്സ് ഉണ്ടായിരുന്നു: വിനയ് ഫോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശബ്ദംകൊണ്ടും സംസാര ശൈലി കൊണ്ടും മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് വിനയ് ഫോർട്ട്. തന്റെ ആദ്യ ചിത്രമായ ഋതുവിലെ അനുഭവങ്ങളും തന്നെ സിനിമയിലേക്ക് എത്തിച്ച സംഭവങ്ങളും പങ്കുവെക്കുകയാണ് നടന്‍ വിനയ് ഫോർട്ട്.

ചിത്രത്തിലേക്ക് അവസരം ലഭിച്ചത് നടന്‍ നിഷാന്‍ വഴിയാണെന്നും എന്നാല്‍ നിഷാന്‍ നായകനായി വരുന്ന സിനിമയില്‍ ചെറിയ റോള്‍ ചെയ്യാന്‍ കോംപ്ലക്‌സ് ഉണ്ടായിരുന്നെന്നും താരം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിഷാന്‍ കോളേജില്‍ എന്റെ സീനിയര്‍ ആയിരുന്നു. അവന്‍ ഒരു പടം ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എനിക്കും ഒരു അവസരം ചോദിച്ചു. അവന്‍ എനിക്ക് ഡയറക്ടര്‍ ശ്യാമപ്രസാദിന്റെ നമ്പര്‍ തന്നു. ഞാന്‍ സാറിനെ വിളിച്ചപ്പോള്‍ അപ്പോള്‍ തന്നെ അദ്ദേഹം വരാൻ പറഞ്ഞു. അങ്ങനെ ഞാന്‍ സാറിനെ പോയി കണ്ടു. ഒന്നു രണ്ട് സീനുകള്‍ ഉണ്ട് നമുക്ക് ആലോചിക്കാം എന്നദ്ദേഹം പറഞ്ഞു.

പക്ഷേ എനിക്ക് അതില്‍ ചെറിയ സീന്‍ ആണെന്നുള്ളൊരു കോപ്ലക്‌സ് ഉണ്ടായിരുന്നു. കാരണം എന്റെ സീനിയര്‍ നായകനായിട്ടുള്ള സിനിമയില്‍ ഞാന്‍ വെറും രണ്ട് സീന്‍ ആണല്ലോ അഭിനയിക്കുന്നത്. ഞാനിത് അമ്മയോട് പറഞ്ഞപ്പോള്‍ നായകനായിട്ട് ആരെങ്കിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് അമ്മ ചോദിച്ചു. ഞാന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ രണ്ട് സീനെങ്കില്‍ രണ്ട് സീന്‍ അഭിനയിക്കുന്നതല്ലേ ബുദ്ധി നീ വേറെയൊന്നും നോക്കേണ്ട, നിനക്ക് കിട്ടിയ രണ്ട് സീന്‍ വൃത്തിയായി ചെയ്യെന്ന് അമ്മ പറഞ്ഞു. അമ്മക്ക് നല്ല ബുദ്ധിയുണ്ട്. അമ്മയുടെ ബുദ്ധിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

ഒരു റീടേക്ക് പോലുമില്ലാതെയാണ് തന്റെ രംഗം ഷൂട്ട് ചെയ്തതെന്നും എത്ര ടേക്ക് വേണമെങ്കിലും എടുക്കാന് സംവിധായകൻ തയാറായിരുന്നെന്നും വിനയ് പറഞ്ഞു.

‘ഞാനും ആസിഫ് അലിയും കൂടെയുള്ള സീനാണ് ആദ്യം ചെയ്യുന്നത്. ഞാന്‍ അതിലൊരു ഗേ നെയ്ച്ചറിൽ ഉള്ള ക്യാരക്ടര്‍ ആണ് അവതരിപ്പിക്കുന്നത്. അവിടെ ചെന്നിരുന്നപ്പോള്‍ ശ്യാം സാര്‍ എന്റെ അടുത്ത് ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. എനിക്ക് കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എനിക്ക് നല്ലൊരു ടേക്ക് കിട്ടിയാല്‍ മതി അതിനു വേണ്ടി തനിക്ക് 25 ടേക്ക് എടുക്കണോ നമ്മള്‍ എടുക്കും അതുകൊണ്ട് ഒരു ടെന്‍ഷനും വേണ്ട എന്ന് പറഞ്ഞു. അത് പറഞ്ഞപ്പോള്‍ എന്റെ എല്ലാ ടെന്‍ഷനും പോയി.

ഒരൊറ്റ റീടേക്ക് പോലും ഇല്ലാതെ കോണ്ഫിഡന്റായി ഞാനത് ചെയ്തു. അങ്ങനെ അത് നടന്നു. എല്ലാവരും ഹാപ്പിയായി. അതായിരുന്നു എന്റെ ഫസ്റ്റ് സീന്‍. ഞാന്‍ ഇപ്പോഴും ആ സിനിമ ചെയ്തതില്‍ ഒരുപാട് ഹാപ്പിയാണ്. ഇപ്പോള്‍ ചെയ്യുന്ന സിനിമയിലൊക്കെ എനിക്ക് കുറേ സ്‌ക്രീന്‍ സ്‌പെയ്‌സ് ഉണ്ട്. എന്നാല്‍ ആ സിനിമയില്‍ ഒരു സീനേയൊള്ളൂ. പക്ഷേ ആ ഒരു സീനില്‍ ഒരുപാട് കോംപ്ലക്‌സിറ്റീസ് ഉള്ളൊരു ക്യാരക്ടറിനെ എസ്റ്റാബ്ലിഷ് ചെയ്യാന്‍ കഴിഞ്ഞു,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlights: Vinay Fort on Ritu movie

We use cookies to give you the best possible experience. Learn more