| Saturday, 27th May 2023, 6:53 pm

എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചില്ല, അത്രയും ശക്തമായ കഥാപാത്രത്തിന് ഈ ശബ്ദം പോരെന്ന് അവർ പറഞ്ഞു: വിനയ് ഫോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശബ്ദം കൊണ്ട് വ്യത്യസ്തരായിട്ടുള്ള അഭിനേതാക്കൾ മലയാള സിനിമയിൽ ധാരാളമാണ്. അത്തരത്തിൽ വേറിട്ട് നിൽക്കുന്ന നടനാണ് വിനയ് ഫോർട്ട്.

ശബ്ദമായിരുന്നു തന്റെ ഏറ്റവും വലിയ പരിമിതി എന്നും സ്വന്തം ശബ്ദം മാറ്റാൻ പറ്റുമോ എന്ന് ചിന്തിച്ചിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്നും വിനയ് പറഞ്ഞു.

പ്രേമം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ വിമൽ സാർ പാടുന്നത് മലയാളികൾ മറക്കില്ല. എന്നാൽ താൻ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടെന്ന് പറയുകയാണ് വിനയ് ഫോർട്ട്. സിനിമ ഡാഡി എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വന്തം പരിമിതികളെ അറിയുക എന്നതാണ് ഒരു മനുഷ്യന് വേണ്ട അടിസ്ഥാനപരമായ കാര്യം. എന്റെ ഏറ്റവും വലിയ പരിമിതിയാണ് ശബ്ദം. ഒരുപക്ഷെ അതായിരുന്നു എന്ന് പറയുന്നതാകും ശരി.

ഞാൻ പഠിക്കുന്ന കാലത്ത് ഒരു സംഗീത അധ്യാപകൻ ഉണ്ടായിരുന്നു. ഇത് ഞാൻ പറയുമ്പോൾ കാണുന്ന ആളുകൾക്ക് ചിലപ്പോൾ തമാശയായി തോന്നും. എങ്കിലും പറയാം, ഞാൻ ഹിന്ദുസ്ഥാനി മ്യൂസിക് ഒക്കെ പഠിച്ചിട്ടുള്ള ആളാണ്. ഇത് കേൾക്കുമ്പോൾ ആളുകൾ ചിരിക്കും. പക്ഷെ അന്ന് ‘പ്രേമത്തിൽ’ പാട്ടുപാടിയത് ഞാൻ അല്ല. വിമൽ സാറാണ്. എന്റെ സംഗീത അധ്യാപകന് എന്നെ വലിയ ഇഷ്ടമായിരുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്റെ ശബ്ദം മാറ്റാൻ പറ്റുമോയെന്ന്. അദ്ദേഹം പറഞ്ഞത് അങ്ങനെയൊന്നും ചിന്തിക്കരുതെന്നനാണ്. എന്നെങ്കിലും ഒരിക്കൽ ഞാൻ പരിമിതിയായി കാണുന്ന എന്റെ ശബ്ദം ഒരു സ്ട്രെങ്ത്ത് ആയി മാറുമെന്നും സാർ അന്ന് പറഞ്ഞിരുന്നു,’ വിനയ് പറഞ്ഞു.

അപൂർവ രാഗം എന്ന ചിത്രത്തിൽ തന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടില്ലെന്നും ആ ചിത്രം ചെയ്യുന്ന സമയത്ത് താൻ ഒത്തിരി വിഷമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അപൂർവ രാഗം എന്ന ആചിത്രത്തിൽ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടില്ല. അതെനിക്ക് വളരെ സങ്കടം തന്നിരുന്ന സമയം ആയിരുന്നു. ആ സമയത്ത് വളരെ വിഷമിച്ചിട്ടുണ്ട്. ഈ ശബ്ദംകൊണ്ട് അത്രയും ശക്തമായ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്യാൻ പറ്റില്ലെന്ന് അന്ന് അവർ എന്നോട് പറഞ്ഞു.

പക്ഷെ ഇപ്പോൾ മാസ്ക് വെച്ചാലും ആളുകൾ എന്റെ ശബ്ദംകൊണ്ട് എന്നെ തിരിച്ചറിയും,’ വിനയ് ഫോർട്ട് പറഞ്ഞു.

Content Highlights: Vinay Fort on his voice

We use cookies to give you the best possible experience. Learn more