| Thursday, 1st June 2023, 11:57 pm

വിമർശിക്കുന്നവർ ഇർഫാൻ ഖാനോ മോഹൻലാലോ അല്ല, വെറുതെ അഹങ്കരിക്കുകയാണ്: വിനയ് ഫോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകൾ ധാരാളമായി വിലയിരുത്തപ്പെടുന്ന ഒരു കാലമാണിത്. സോഷ്യൽ മീഡിയയുടെ വരവ് അതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഈയിടെ റിലീസായ ഒരു ചിത്രത്തെ ഇത്തരത്തിൽ വളച്ചൊടിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെപ്പറ്റിയും സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.

ചിത്രങ്ങൾ വിമർശിക്കുന്നതിൽ തെറ്റില്ലെന്നും അഹങ്കാരത്തിന്റെ സ്വരത്തിൽ ഗർജിക്കുന്നത് വളരെ മോശമാണെന്നും വിനയ് പറഞ്ഞു. ഒരു ആർട്ടിനെ വിമർശിക്കുമ്പോൾ വിമർശകൻ സ്വന്തമായിട്ടുംകൂടി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് ആളുകൾ ജോലിചെയ്യുന്ന മീഡിയമാണ് സിനിമ. അത് സിനിമ കാണുന്നവർക്ക് അറിയേണ്ട കാര്യമൊന്നുമില്ല. ഒരു സിനിമ കാണുമ്പോൾ അത് ഇഷ്ട്ടപ്പെടാതിരിക്കാം ഇഷ്ടക്കേട് വേണമെങ്കിൽ പ്രകടിപ്പിക്കാം. ഒരാളുടെ അഭിനയം ഇഷ്ട്ടമായില്ലെങ്കിൽ അത് വേണമെങ്കിൽ പറയുകയും ചെയ്യാം. ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നതിൽ യാതൊരു തെറ്റും കാണുന്നില്ല. പക്ഷെ അത് പറയേണ്ട രീതിയിൽ മാന്യമായി പറയണം.

ഒരാൾക്കും ആരെയും മാനസികമായി തകർക്കാനുള്ള അധികാരം ഇല്ല. ഒരാളുടെ അഭിനയം ഇഷ്ട്ടമായില്ലെങ്കിൽ അത് തുറന്ന് പറയാം. അടുത്ത സിനിമയിൽ നന്നാക്കണം എന്നുള്ള നിർദേശവും നൽകാം. അതിനുള്ള പൂർണമായ അധികാരവും പ്രേക്ഷകനുണ്ട്. കാരണം അവർ പണം മുടക്കിയാണ് സിനിമ കാണുന്നത്. പക്ഷെ ഒരാളെ ഇരട്ടപ്പേര് വിളിക്കാനോ മോശമായി ആക്രമിക്കാനോ, അവരുടെ ചാനലിന് കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിനുവേണ്ടി നാടകം കളിക്കുകയോ അല്ല ചെയ്യേണ്ടത്. ഇവരിൽ ചില അഹങ്കാരത്തിന്റെ സ്വരമുണ്ട്, അത് വളരെ മോശമാണ്.

എന്തൊക്കെ പറഞ്ഞാലും ഞങ്ങളൊക്കെ ആർട്ടിസ്റ്റുകളാണ്. ഞങ്ങളെ ആ കഥാപാത്രത്തിന് ആവശ്യമുള്ളത് കൊണ്ടാവാം ആളുകൾ ഞങ്ങളുടെ സിനിമ കാണുന്നത്. അതുകൊണ്ട് എല്ലവർക്കും പരസ്പര ബഹുമാനം ആവശ്യമാണ്. മറ്റുള്ളവരെ കളിയാക്കാനോ, അവരുടെ വർക്കിനെ പുച്ഛിക്കാനോ ആർക്കും അധികാരം ഇല്ല. പണം മുടക്കി സിനിമ കണക്കുന്നവർ എന്ന നിലയിൽ വിമർശിക്കാനും അധികാരമുണ്ട്. പക്ഷെ വളരെ മാന്യമായ രീതിയിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കാം,’ വിനയ് പറഞ്ഞു.

വിമർശിക്കുന്നവരും മൂല്യത്തെ നിർണയിക്കുന്നവരും മഹത്തായവർ അല്ലെന്ന് സ്വയം ചിന്തിക്കേണ്ടതുണ്ടെന്നും ആരോടും അഹങ്കാരത്തിന്റെ സ്വരത്തിൽ സംസാരിക്കേണ്ട കാര്യമില്ലെന്നും വിനയ് പറഞ്ഞു.

‘ജഡ്ജ് ചെയ്യുന്നവരാരും മഹത്തായവരല്ല. ആളുകളുടെ അഭിനയത്തിന് മാർക്കിടാനും പറ്റില്ല. ഒരു വർക്കിനെ ജഡ്ജ് ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുമ്പോൾ ആളുകൾ സ്വയം എന്താണെന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഒരു പെർഫോമൻസിനെ ജഡ്ജ് ചെയ്യുമ്പോൾ നമ്മൾ ഇർഫാൻ ഖാനോ മോഹൻലാലോ അല്ലെന്ന് ഓർക്കണം. ഈ പൊസിഷനിൽ ഇരിക്കുന്ന ആരും അല്ല നമ്മളെ ഇരട്ട പേര് വിളിക്കുകയോ അഹങ്കാരത്തിന്റെ സ്വരത്തിൽ സംസാരിക്കുകയോ ചെയ്യുന്നത്. എനിക്ക് വിമർശകനോട് യാതൊരു വിയോജിപ്പുകളും ഇല്ല. പക്ഷെ സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കേണ്ടതുണ്ട്,’ വിനയ് പറഞ്ഞു.

Content highlights: Vinay fort on criticism

We use cookies to give you the best possible experience. Learn more